മുംബൈ:ഐപിഎല്ലില്‍ അവസാന മത്സരത്തിലെ തോല്‍വിയില്‍ നിന്നും കരകയറാന്‍ മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഇന്നിറങ്ങും. രാത്രി ഏഴരയ്‌ക്ക് വാങ്കഡെയിലാണ് മത്സരം. പ്ലേ ഓഫിലേക്ക് മുന്നേറാന്‍ ഇരു ടീമിനും ശേഷിക്കുന്ന ഓരോ മത്സരങ്ങളും നിര്‍ണായകം.
പോയിന്‍റ് പട്ടികയില്‍ ആറ്, എട്ട് സ്ഥാനങ്ങളിലാണ് നിലവില്‍ ബാംഗ്ലൂര്‍ മുംബൈ ടീമുകള്‍. 10 മത്സരത്തില്‍ നിന്നും 10 പോയിന്‍റാണ് രണ്ട് ടീമിനും നിലവില്‍. ഇന്ന് ജയം പിടിക്കുന്ന ടീമിന് പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് എത്താന്‍ സാധിക്കും.
അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ചെന്നൈയോടും ബാംഗ്ലൂര്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോടും തോല്‍വി വഴങ്ങിയിരുന്നു. സീസണില്‍ ഇരു ടീമും മുഖാമുഖം വരുന്ന രണ്ടാമത്തെ മത്സരം കൂടിയാണ് ഇത്. ചിന്നസ്വാമിയില്‍ ആദ്യം തമ്മിലേറ്റുമുട്ടിയപ്പോള്‍ ആര്‍സിബിയ്‌ക്കൊപ്പമായിരുന്നു ജയം. ഇന്ന് തങ്ങളുടെ ഹോം ഗ്രൗണ്ടില്‍ ഈ തോല്‍വിയുടെ കണക്ക് തീര്‍ക്കാന്‍ കൂടിയാകും രോഹിതും സംഘവും ഇറങ്ങുന്നത്.
വെടിക്കെട്ട് നടത്താന്‍ മധ്യനിര, ഫോമിലേക്കെത്താന്‍ രോഹിത് :മുന്‍ നിരയില്‍ നായകന്‍ രോഹിതിന്‍റെ ഫോം ഔട്ടാണ് മുംബൈ ഇന്ത്യന്‍സിന്‍റെ തലവേദന. അവസാന രണ്ട് മത്സരങ്ങളിലും അക്കൗണ്ട് തുറക്കും മുന്‍പ് രോഹിത് പുറത്തായിരുന്നു. മുംബൈയുടെ അവസാന നാല് കളികളില്‍ നിന്ന് രോഹിത് ആകെ നേടിയത് അഞ്ച് റണ്‍സാണ്.
രോഹിത് മികവിലേക്ക് ഉയര്‍ന്നിട്ടില്ലെങ്കിലും ശക്തമായ ബാറ്റിങ് നിര മുംബൈക്കുണ്ട്. ഇഷാന്‍ കിഷന്‍, ക്രിസ് ഗ്രീന്‍, സൂര്യകുമാര്‍ യാദവ്, ടിം ഡേവിഡ് എന്നിവരിലാണ് ടീമിന്‍റെ റണ്‍സ് പ്രതീക്ഷ. വാങ്കഡെയിലെ ക്രീസിലുറച്ചാല്‍ ഏത് ബൗളിങ് നിരയേയും തല്ലിതകര്‍ക്കാന്‍ കെല്‍പ്പുള്ളവരാണ് ഇവര്‍.
പരിക്കിനെ തുടര്‍ന്ന് അവസാന മത്സരം കളിക്കാതിരുന്ന തിലക് വര്‍മ്മ ഇന്ന് മുംബൈ നിരയിലേക്ക് മടങ്ങിയെത്തിയേക്കും. ബൗളര്‍മാരും മികവിലേക്ക് ഉയര്‍ന്നാല്‍ മാത്രമെ മുംബൈ ഇന്ത്യന്‍സിന് ഇനിയുള്ള യാത്രയില്‍ കാര്യങ്ങള്‍ എളുപ്പമാകൂ. സീസണിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ മുന്നിലുള്ള സ്‌പിന്നര്‍ പിയൂഷ് ചൗളയുടെ പ്രകടനം ഇന്ന് നിര്‍ണായകമാണ്.
പ്രതീക്ഷ മുന്‍നിരയില്‍:മധ്യനിരയുടെ കരുത്തില്‍ മുംബൈ മുന്നറ്റം നടത്തുമ്പോള്‍ മുന്‍നിരയുടെ പ്രകടനമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ പ്രതീക്ഷ. നായകന്‍ ഫാഫ് ഡുപ്ലെസിസ്, വിരാട് കോലി, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരുടെ പ്രകടനം ഇന്ന് നിര്‍ണായകമാണ്. ഇവര്‍ക്ക് പുറമെ അവസാന മത്സരത്തില്‍ മഹിപാല്‍ ലോംറോര്‍ റണ്‍സ് കണ്ടെത്തിയത് ടീമിന് നിലവില്‍ ആശ്വാസം.
ഫോമിലാണെങ്കിലും ബാറ്റിങ്ങിലെ മെല്ലെപ്പോക്ക് കാരണം വിരാട് കോലി പഴി കേള്‍ക്കുന്നുണ്ട്. ഗ്ലെന്‍ മാക്‌സ്‌വെല്‍ സ്ഥിരത പുലര്‍ത്താത്തത് ടീമിന് തലവേദനയാണ്. ഫിനിഷര്‍ റോളില്‍ ദിനേശ് കാര്‍ത്തിക്കും തിളങ്ങിയാലെ വാങ്കഡെയില്‍ ആര്‍സിബിക്ക് വമ്പന്‍ സ്‌കോര്‍ പ്രതീക്ഷിക്കാന്‍ കഴിയു.
മധ്യനിരയ്ക്ക് കരുത്ത് പകരാന്‍ കേദാര്‍ ജാദവ് ഇന്നും ടീമിലെത്തിയേക്കും. മുഹമ്മദ് സിറാജ്, ജോഷ് ഹേസല്‍വുഡ് എന്നിവര്‍ മികവിലേക്ക് ഉയര്‍ന്നാലെ കരുത്തുറ്റ മുംബൈ ബാറ്റിങ് നിരയെ പിടിച്ചുകെട്ടാന്‍ ആര്‍സിബിക്ക് സാധിക്കൂ. വാനിന്ദു ഹസരംഗ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരുടെ പ്രകടനവും ഇന്ന് ടീമിന് നിര്‍ണായകം.
പിച്ച് റിപ്പോര്‍ട്ട്:ബാറ്റര്‍മാരെ സഹായിക്കുന്ന പിച്ചാണ് മുംബൈ വാങ്കഡെയിലത്. 180 റണ്‍സാണ് ഇവിടുത്തെ ശരാശരി സ്‌കോര്‍. ടോസ് നേടുന്ന ടീം രണ്ടാമത് ബാറ്റിങ് തെരഞ്ഞെടുക്കാനാണ് സാധ്യത.
Also Read :IPL 2023| 'വിരാട് കോലിയുടെ ബാറ്റിങ് ശൈലി'; ചെന്നൈ ഡ്രസിങ് റൂമില്‍ തല ധോണിയുടെ 'ക്ലാസ്' - വീഡിയോ