ലഖ്‌നൗ :ഐപിഎല്‍ പതിനാറാം പതിപ്പില്‍ കെഎല്‍ രാഹുലും വിരാട് കോലിയും ഇന്ന് വീണ്ടും നേര്‍ക്കുനേര്‍. ലഖ്‌നൗവും ബാംഗ്ലൂരും തമ്മിലേറ്റുമുട്ടുന്ന മത്സരം രാത്രി ഏഴരയ്‌ക്ക് സൂപ്പര്‍ ജയന്‍റ്‌സിന്‍റെ ഹോം ഗ്രൗണ്ടായ ഏകന സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ചിന്നസ്വാമിയില്‍ ആദ്യം ഇരു ടീമുകളും ഏറ്റുമുട്ടിയ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സിനെ വീഴ്‌ത്തി ജയം പിടിക്കാന്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനായിരുന്നു.
എട്ട് കളിയില്‍ പത്ത് പോയിന്‍റുള്ള ലഖ്‌നൗ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് നിലവില്‍. എട്ട് കളിയില്‍ നാല് ജയത്തോടെ 8 പോയിന്‍റുമായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആറാമതുമാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഇന്ന് ജയം പിടിച്ച് പോയിന്‍റ് പട്ടികയില്‍ തങ്ങളുടെ സ്ഥാനം മെച്ചപ്പെടുത്താനാകും ഇരു ടീമുകളുടെയും ശ്രമം.
അടിതുടരാന്‍ ലഖ്‌നൗ :മൊഹാലിയില്‍ പോയി പഞ്ചാബ് കിങ്‌സിനെ കൊന്ന് കൊലവിളിച്ചാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ ഹോം ഗ്രൗണ്ടിലേക്കുള്ള മടങ്ങി വരവ്. അവസാന മത്സരത്തില്‍ തിളങ്ങിയ ബാറ്റര്‍മാരിലാണ് ഇന്നും ടീമിന്‍റെ പ്രതീക്ഷ. എന്നാല്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനം പുറത്തെടുത്ത സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസിന്‍റെ പരിക്ക് ആതിഥേയര്‍ക്ക് തലവേദനയാണ്.
താരം ഇന്ന് ലഖ്‌നൗ ലൈനപ്പിലേക്ക് എത്തുമോ എന്ന് കണ്ടറിയണം. സ്റ്റോയിനിസ് കളിച്ചില്ലെങ്കില്‍ ക്വിന്‍റണ്‍ ഡി കോക്ക് ടീമിലേക്ക് എത്തിയേക്കും. നായകന്‍ കെഎല്‍ രാഹുലിന്‍റെ ബാറ്റിങ്ങിലെ മെല്ലെപ്പോക്കാണ് ലഖ്‌നൗവിന് മറ്റൊരു വെല്ലുവിളി.
ഇന്നത്തെ മത്സരത്തിലെങ്കിലും താരം അതിവേഗം റണ്‍സുയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് സൂപ്പര്‍ ജയന്‍റ്‌സ് ആരാധകര്‍. ഓപ്പണര്‍ കൈല്‍ മെയേഴ്‌സും, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ നിക്കോളാസ് പുരാനും റണ്‍സ് കണ്ടെത്തുന്നത് ലഖ്‌നൗവിന് ആശ്വാസമാണ്. ലഖ്‌നൗ ബോളര്‍മാരും ഫോമിലാണ്.