ലഖ്‌നൗ :ഐപിഎല്‍ പതിനാറാം പതിപ്പില്‍ പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സും മുംബൈ ഇന്ത്യന്‍സും ഇന്നിറങ്ങും. ലഖ്‌നൗവിന്‍റെ ഹോം ഗ്രൗണ്ടായ ഏകന സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്‌ക്കാണ് മത്സരം. പോയിന്‍റ് പട്ടികയിലെ മൂന്നും നാലും സ്ഥാനങ്ങളിലുള്ള രണ്ട് ടീമുകള്‍ക്കും പ്ലേഓഫില്‍ സ്ഥാനം നിലനിര്‍ത്താന്‍ ഇന്ന് ജയം അനിവാര്യം.
ഇരു ടീമുകളും 12 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സിന് 14 പോയിന്‍റുകളും ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് 13 പോയിന്‍റുകളുമാണ് നിലവില്‍. ഇന്ന് ജയിക്കാനായാല്‍ മുംബൈക്ക് പ്ലേഓഫ് ഏറെക്കുറെ ഉറപ്പാക്കാം.
മുംബൈയെ വീഴ്‌ത്തിയാല്‍ ലഖ്‌നൗവിന് പ്ലേഓഫിനടുത്തേക്ക് ഒരുപടി കൂടി അടുക്കാം. ഇന്നത്തെ മത്സരത്തില്‍ തോല്‍വിയാണ് ഫലമെങ്കില്‍ ക്രുനാല്‍ പാണ്ഡ്യക്കും സംഘത്തിനും പിന്നീടുള്ള കാര്യങ്ങള്‍ എളുപ്പമാകില്ല. ഈ സീസണില്‍ ലഖ്‌നൗ മുംബൈ ടീമുകള്‍ മുഖാമുഖം വരുന്ന ആദ്യ മത്സരം കൂടിയാണിത്.
'എക്‌സ് ഫാക്‌ടര്‍' സൂര്യകുമാര്‍ യാദവ്:ടൂര്‍ണമെന്‍റിന്‍റെ രണ്ടാം പകുതിയില്‍ തകര്‍പ്പന്‍ ഫോമിലാണ് മുംബൈ ഇന്ത്യന്‍സ്. അവസാനം കളിച്ച 5 കളികളില്‍ നാലിലും രോഹിത്തും സംഘവും ജയിച്ചു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ജയിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് മുന്‍ചാമ്പ്യന്മാരായ മുംബൈ ലഖ്‌നൗവിനെ നേരിടാന്‍ ഒരുങ്ങുന്നത്.
സൂര്യകുമാര്‍ യാദവിന്‍റെ ബാറ്റിങ് കരുത്തിലാണ് മുംബൈയുടെ കുതിപ്പ്. ഇഷാന്‍ കിഷന്‍, ക്രിസ് ഗ്രീന്‍, നേഹല്‍ വധേര, ടിം ഡേവിഡ് എന്നിവര്‍ റണ്‍സ് കണ്ടെത്തുന്നത് ടീമിന് ആശ്വാസമാണ്. നായകന്‍ രോഹിത് ശര്‍മ കൂടി മികവിലേക്ക് ഉയര്‍ന്നാല്‍ മുംബൈ ഡബിള്‍ സ്‌ട്രോങ്ങാകും.