കൊൽക്കത്ത:അഹമ്മദാബാദിലെ തോൽവിക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് പകരം ചോദിക്കാൻ ഗുജറാത്ത് ടൈറ്റൻസ് ഇന്ന് ഇറങ്ങും. ഈഡൻ ഗാർഡർൻസ് വേദിയാകുന്ന മത്സരം വൈകുന്നേരം മൂന്നരയ്ക്കാണ് തുടങ്ങുന്നത്. തുടർജയമാണ് ഇരു ടീമുകളുടെയും ലക്ഷ്യം.
പോയിന്‍റ് പട്ടികയിൽ ഗുജറാത്ത് മൂന്നാം സ്ഥാനത്തും കൊൽക്കത്ത ഏഴാമതുമാണ്. തുടർച്ചയായ നാല് തോൽവിക്ക് ശേഷം അവസാന മത്സരത്തിൽ ആര്‍സിബയെ വീഴ്ത്തിയതിന്‍റെ ആത്മവിശ്വാസത്തിലാണ് കൊൽക്കത്ത. മറുവശത്ത് രണ്ട് തുടർജയങ്ങളുമായാണ് ഹാർദിക്കിന്‍റെയും സംഘത്തിന്‍റെയും വരവ്.
ഈ സീസണിൽ ഇരു ടീമും അവസാനം ഏറ്റുമുട്ടിയ മത്സരത്തിൽ അവിശ്വസനീയ ജയമാണ് കൊൽക്കത്ത സ്വന്തമാക്കിയത്. അഹമ്മദാബാദിൽ നടന്ന ആ മത്സരത്തിൽ റിങ്കു സിങ്ങിന്‍റെ മാജിക്കൽ ഇന്നിങ്സ് ആയിരുന്നു കെകെആറിന് ജയം സമ്മാനിച്ചത്.
ജയം തുടരാന്‍ നൈറ്റ് റൈഡേഴ്‌സ്: 8 കളിയിൽ ആറ് പോയിന്‍റുമായി ഏഴാം സ്ഥാനത്ത് നിൽക്കുന്ന കൊൽക്കത്തയ്ക്ക് പ്ലേ ഓഫിലേക്ക് മുന്നേറണമെങ്കിൽ ഇനിയുള്ള ഓരോ മത്സരവും നിർണായകമാണ്. ഇംഗ്ലീഷ് ഓപ്പണർ ജേസൺ റോയ് ബാറ്റിങ്ങിൽ താളം കണ്ടെത്തിയത് ടീമിന് ആശ്വാസം. നായകൻ നിതീഷ് റാണ, വെങ്കിടെഷ് അയ്യർ എന്നിവർ മികവ് തുടർന്നാലേ പോയിന്‍റ് പട്ടികയുടെ മുകളിലുള്ള ഗുജറാത്തിനെ വീഴ്ത്താൻ ആതിഥേയർക്ക് സാധിക്കൂ.
ആന്ദ്രേ റസൽ, സുനിൽ നരേൻ എന്നിവർ താളം കണ്ടെത്താത്തത് ടീമിന് തലവേദനയാണ്. സുയഷ് ശർമ, വരുൺ ചക്രവർത്തി എന്നീ സ്‌പിന്നർമാരാണ് ബൗളിങ്ങിൽ ടീമിന്‍റെ കരുത്ത്. ആർസിബിക്കെതിരെ അവസാന മത്സരത്തിൽ ഇവർ നടത്തിയ പ്രകടനം ഗുജറാത്തിനെതിരെയും ആവർത്തിച്ചാൽ കെകെആറിന് കാര്യങ്ങൾ കുറച്ചെങ്കിലും എളുപ്പമാകും.