ഡല്‍ഹി:ഐപിഎല്‍ പോയിന്‍റ് പട്ടികയിലെ അവസാന സ്ഥാനങ്ങളില്‍ നിന്നും മുന്നേറാന്‍ ഡല്‍ഹി ക്യാപിറ്റല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഇന്നിറങ്ങും. ഡല്‍ഹിയുടെ ഹോം ഗ്രൗണ്ടില്‍ രാത്രി ഏഴരയ്‌ക്കാണ് മത്സരം. അഞ്ച് ദിവസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഇരു ടീമും വീണ്ടും നേര്‍ക്കുനേര്‍ വരുന്നത്.
ആദ്യ പകുതിയിലെ ഏഴ് കളിയില്‍ നിന്ന് രണ്ട് ജയം മാത്രമാണ് രണ്ട് ടീമിനും നേടാനായത്. നാല് പോയിന്‍റാണ് നിലവില്‍ ഇരു ടീമിനും. പോയിന്‍റ് പട്ടികയില്‍ ഹൈദരാബാദ് 9-ാം സ്ഥാനത്തും ഡല്‍ഹി പത്താം സ്ഥാനത്തുമാണ്.
വിജയവഴിയില്‍ യാത്ര തുടരാന്‍ ഡല്‍ഹി :ആദ്യ അഞ്ച് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ഡല്‍ഹി 'എയറിലായിരുന്നു'. പിന്നീട് അവസാന രണ്ട് കളി ജയിച്ചാണ് അവര്‍ ടൂര്‍ണമെന്‍റിലേക്ക് തിരിച്ചുവന്നത്. അതില്‍ ഒരു ജയം ഹൈദരാബാദിനെതിരെ ആയിരുന്നു ക്യാപിറ്റല്‍സ് സ്വന്തമാക്കിയത്.
രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 7 റണ്‍സിനായിരുന്നു സണ്‍റൈസേഴ്‌സിനെ ഡല്‍ഹി വീഴ്‌ത്തിയത്. ഇന്ന് വീണ്ടും ഹൈദരാബാദിനെ നേരിടാനിറങ്ങുമ്പോള്‍ ഈ ജയത്തിന്‍റെ ആത്മവിശ്വാസത്തിലാകും ഡേവിഡ് വാര്‍ണറിന്‍റെയും സംഘത്തിന്‍റെയും വരവ്.
Also Read :IPL 2023 | 'മോണ്‍സ്റ്റര്‍' രാഹുല്‍ ചഹാര്‍; ലഖ്‌നൗ ബാറ്റര്‍മാര്‍ പൂണ്ടുവിളയാടിയപ്പോള്‍ പതറാതെ നിന്ന 'ഒരേയൊരു' പഞ്ചാബ് ബോളര്‍
ബാറ്റര്‍മാര്‍ താളം കണ്ടെത്താത്തതാണ് ഡല്‍ഹിയുടെ തലവേദന. നായകന്‍ ഡേവിഡ് വാര്‍ണര്‍, ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍ എന്നിവരൊഴികെ മറ്റാര്‍ക്കും ഇതുവരെ തിളങ്ങാനായിട്ടില്ല. ബൗളര്‍മാര്‍ ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ടെങ്കിലും ബാറ്റര്‍മാര്‍ നിരാശപ്പെടുത്തുന്നതാണ് ഡല്‍ഹിക്ക് തിരിച്ചടിയാകുന്നത്.
തോല്‍വികളില്‍ നിന്നും കരകയറാന്‍ ഹൈദരാബാദ്:സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ ബുദ്ധിമുട്ടുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. അവസാനം കളിച്ച മൂന്ന് മത്സരങ്ങളിലും അവര്‍ പരാജയപ്പെട്ടു. ബാറ്റര്‍മാരുടെ ഫോമില്ലായ്‌മയാണ് ഹൈദരാബാദിനും തലവേദന.
ഹാരി ബ്രൂക്ക്, രാഹുല്‍ ത്രിപാഠി, ക്യാപ്റ്റന്‍ എയ്‌ഡന്‍ മാര്‍ക്രം എന്നിവര്‍ക്ക് സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുന്നില്ല. മായങ്ക് അഗര്‍വാളിനും ബാറ്റിങ്ങില്‍ ഇതുവരെയും മികവിലേക്ക് ഉയരാനായിട്ടില്ല. ഭുവനേശ്വര്‍ കുമാര്‍ നേതൃത്വം നല്‍കുന്ന ബൗളിങ് നിര തരക്കേടില്ലാതെ തന്നെ പന്തെറിയുന്നുണ്ട്.
അവസാന മത്സരത്തില്‍ ഡല്‍ഹിക്കെതിരെ മികച്ച പ്രകടനം കാഴ്‌ചവെച്ച ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിന്‍റെ അഭാവം ഇന്ന് ഹൈദരാബാദിന് കനത്ത തിരിച്ചടിയാണ്. പരിക്കേറ്റ താരം ഐപിഎല്ലില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് പുറത്തായത്. സുന്ദറിന്‍റെ അഭാവത്തില്‍ അബ്‌ദുല്‍ സമദോ വിവ്രാന്ത് ശര്‍മ്മയോ ഹൈദരാബാദ് നിരയിലേക്കെത്താനാണ് സാധ്യത.
പിച്ച് റിപ്പോര്‍ട്ട് :ബാറ്റര്‍മാര്‍ക്കും ബോളര്‍മാര്‍ക്കും ഒരുപോലെ പിന്തുണ ലഭിക്കുന്ന പിച്ചാണ് ഡല്‍ഹി അരുണ്‍ ജെയ്‌റ്റ്ലി സ്റ്റേഡിയത്തിലേത്. ഐപിഎല്‍ പതിനാറാം പതിപ്പില്‍ 154 റണ്‍സാണ് ഇവിടുത്തെ ശരാശരി ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍. മത്സരത്തിന്‍റെ തുടക്കത്തില്‍ പേസര്‍മാര്‍ക്കും മധ്യ ഓവറുകളില്‍ സ്‌പിന്നര്‍മാര്‍ക്കും പിച്ചിന്‍റെ ആനുകൂല്യം ലഭിക്കും. ടോസ് നേടുന്ന ടീം ഇവിടെ ആദ്യം ബാറ്റ് ചെയ്യാനാണ് സാധ്യത.
Also Read :IPL 2023 | അന്നത്തെ 'റിങ്കു മാജികിന്' കണക്ക് തീര്‍ക്കാന്‍ ഗുജറാത്ത്: ഈഡനില്‍ ഇന്ന് പോര് കനക്കും