ചെന്നൈ: ഐപിഎൽ പതിനാറാം പതിപ്പിൽ പ്ലേ ഓഫ് പ്രതീക്ഷികൾ സജീവമാക്കാൻ ചെന്നൈ സൂപ്പർ കിങ്‌സും മുംബൈ ഇന്ത്യൻസും ഇന്നിറങ്ങും. ചെപ്പോക്കിൽ വൈകുന്നേരം മൂന്നരയ്ക്കാണ് മത്സരം. സീസണിൽ ധോണിയുടെ ചെന്നൈയും രോഹിതിന്‍റെ മുംബൈയും മുഖാമുഖം വരുന്ന രണ്ടാമത്തെ മത്സരമാണിത്.
സീസണിന്‍റെ തുടക്കത്തിൽ വാങ്കഡേയിൽ ഏറ്റുമുട്ടിയപ്പോൾ ധോണിപ്പടയ്‌ക്കൊപ്പമായിരുന്നു ജയം. ഇന്ന് അതിന് പകരം ചോദിക്കാനാണ് രോഹിത്തിന്‍റെയും സംഘത്തിന്‍റെയും വരവ്. പ്ലേ ഓഫിൽ സ്ഥാനം ഉറപ്പിക്കാൻ ഇരു ടീമിനും ഇന്ന് ജയം അനിവാര്യമാണ്.
11 പോയിന്‍റുള്ള ചെന്നൈ നിലവിൽ പോയിന്‍റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. 10 പോയിന്‍റുമായി മുംബൈ ആറാം സ്ഥാനത്തും. ഇന്നത്തെ മത്സരത്തിൽ ജയിക്കുന്ന ടീമിന് ഗുജറാത്ത് ടൈറ്റൻസിന് പിന്നിലായി രണ്ടാം സ്ഥാനത്തേക്ക് എത്താൻ സാധിക്കും.
തകര്‍ത്തടിക്കാന്‍ സൂര്യകുമാര്‍ :ഐപിഎൽ രണ്ടാം പകുതിയിൽ മിന്നും ഫോമിലാണ് മുംബൈ ഇന്ത്യൻസ്. അവസാനം കളിച്ച ഏഴ് മത്സരത്തിൽ അഞ്ചിലും രോഹിത് ശർമ്മയും സംഘവും ജയം പിടിച്ചു. ഇന്ന് ചെപ്പോക്കിൽ ഹാട്രിക് ജയമാണ് ടീം ലക്ഷ്യമിടുന്നത്.
മധ്യനിരയുടെ ബാറ്റിങ്ങാണ് മുംബൈ ഇന്ത്യൻസിന്‍റെ കരുത്ത്. സൂര്യകുമാർ യാദവ്, ടിം ഡേവിഡ്, തിലക് വർമ്മ എന്നിവർ തകർപ്പൻ ഫോമിൽ. ടോപ് ഓർഡറിൽ ക്രിസ് ഗ്രീനിനൊപ്പം ഇഷാൻ കിഷനും താളം കണ്ടെത്തിയത് ടീമിന് ആശ്വാസം. നായകൻ രോഹിത് ശർമ മികവിലേക്ക് ഉയരേണ്ടതുണ്ട്.
ബൗളിങ്ങിൽ മുംബൈ ഇന്ത്യൻസ് ദുർബലരാണ്. ജോഫ്ര ആർച്ചർ ഉൾപ്പടെയുള്ള താരങ്ങള്‍ തല്ലുവാങ്ങികൂട്ടുന്നത് ടീമിന് തലവേദന. ചെപ്പോക്കിലെ സ്‌പിൻ പിച്ചിൽ പിയുഷ് ചൗളയിലാണ് ടീമിന്‍റെ പ്രതീക്ഷ.
ബെന്‍ സ്റ്റോക്‌സ് മടങ്ങിയെത്തും :ചെന്നൈ സൂപ്പർ കിങ്സിന്‍റെ 11-ാം മത്സരമാണിത്. പ്ലേ ഓഫിൽ സ്ഥാനം നിലനിർത്താൻ അവർക്ക് മുംബൈ ഇന്ത്യൻസിനെതിരെ ജയം അവശ്യമാണ്. തോൽവിയാണ് ഫലമെങ്കിൽ ധോണിക്കും സംഘത്തിനും കാര്യങ്ങൾ വഷളാകും.
ബാറ്റർമാരാണ് ചെന്നൈയുടെയും കരുത്ത്. ഡെവോൺ കോൺവേ, റിതുരാജ് ഗെയ്‌ക്‌വാദ്, അജിങ്ക്യ രഹനെ, ശിവം ദുബെ എന്നിവരിലാണ് റൺസ് പ്രതീക്ഷ. ഫിനിഷർ റോളിൽ നായകൻ എംഎസ് ധോണിയും മികവ് തുടരുന്നുണ്ട്.
മൊയീൻ അലി, രവീന്ദ്ര ജഡേജ എന്നിവർ ബൗളിങ്ങിൽ തിളങ്ങുന്നുണ്ടെങ്കിലും ബാറ്റിംഗിൽ നടത്തുന്ന മങ്ങിയ പ്രകടനം ടീമിന് തലവേദന. ബൗളർമാർ വിക്കറ്റ് നേടുന്നുണ്ടെങ്കിലും റൺസ് വിട്ട്കൊടുക്കുന്നത് 'തലയ്ക്കും' സംഘത്തിനും ആശങ്കയാണ്. പരിക്കേറ്റ് പുറത്തായിരുന്ന സ്റ്റാർ ഓൾ റൗണ്ടർ ബെൻസ്റ്റോക്സ് ഇന്ന് മുംബൈക്കെതിരെ കളത്തിലിറങ്ങാനാണ് സാധ്യത.
പിച്ച് റിപ്പോര്‍ട്ട്: ബാറ്റര്‍മാര്‍ക്ക് അനുകൂലമായ പിച്ചാണ് ചെപ്പോക്കിലേത്. ഐപിഎല്‍ പതിനാറാം പതിപ്പില്‍ 174 ആണ് ഇവിടുത്തെ ആദ്യ ഇന്നിങ്‌സിലെ ശരാശരി സ്‌കോര്‍. ബോളര്‍മാരില്‍ സ്‌പിന്നര്‍മാര്‍ക്ക് അനുകൂലമായ സാഹചര്യമാണ് ഇവിടുള്ളത്.
കാലാവസ്ഥ പ്രവചനം:വൈകുന്നേരം 3:30നാണ് ചെപ്പോക്ക് സ്റ്റേഡിയം വേദിയാകുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് മുംബൈ ഇന്ത്യന്‍സ് മത്സരം ആരംഭിക്കുന്നത്. ഈ മത്സരത്തിനും നിലവില്‍ മഴ ഭീഷണിയുണ്ട്. മത്സരസമയത്ത് മഴ പെയ്യാന്‍ 65 ശതമാനം സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം.