കൊല്‍ക്കത്ത:ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്തയ്ക്കെതിരായുള്ള പോരാട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 23 റൺസിൻ്റെ ഉജ്വല വിജയം. നില്‍നില്‍പ്പിനായുള്ള തകര്‍പ്പനടിയിലൂടെ ഹൈദരാബാദ് സ്വന്തമാക്കിയ 228 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് മാത്രം നേടി പരാജയം സമ്മതിക്കുകയായിരുന്നു. 55 പന്തുകളില്‍ സെഞ്ചുറി നേടി പുറത്താവാതെ നിന്ന ഹാരി ബ്രൂക്കാണ് ഹൈദരാബാദിന്റെ വിജയത്തിന് ഇരട്ടി മധുരം നല്‍കിയത്.
ഹൈദരാബാദ് പടുത്തുയര്‍ത്തിയ പടുകൂറ്റന്‍ റണ്‍മലയ്ക്ക് മുന്നില്‍ ആദ്യ ഓവറില്‍ തന്നെ കൊല്‍ക്കത്തയ്ക്ക് അടിതെറ്റി. ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ ഉമ്രാന് മാലിക്കിന് ക്യാച്ച് നല്കി ഓപ്പണർ റഹ്മാനുള്ള ഗുര്‍ബാസ് വന്നതിനെക്കാള്‍ വേഗത്തില്‍ തിരിച്ചുകയറി. പിന്നാലെയെത്തിയ വെങ്കടേഷ് അയ്യര്‍ക്കും പിച്ചില്‍ കൂടുതല്‍ സമയം ചെലവഴിക്കാനായില്ല.
വെങ്കടേഷിന്റെ യാത്ര മൂന്നാമത്തെ ഓവറിലെ രണ്ടാമത്തെ പന്തില്‍ മാര്‍ക്രത്തിന്റെ കയ്യില്‍ അവസാനിച്ചു. 11 പന്തില്‍ നിന്ന് 10 റണ്‍സ് മാത്രം ടീം സ്കോര്‍ ബോര്‍ഡിലേക്ക് എഴുതിച്ചേര്‍ക്കാനേ വെങ്കടേഷിന് സാധിച്ചുള്ളു. പിന്നാലെയെത്തിയ സുനില്‍ നരേന് ആദ്യ പന്തില്‍ സംപൂജ്യനായി മടങ്ങിയതോടെ കൊല്‍ക്കത്ത പരാജയം സമ്മതിച്ച പ്രതീതി പടര്‍ന്നു.
എന്നാല്‍ പിന്നീട് കണ്ടത് ക്യാപ്റ്റൻ്റെ ഇന്നിങ്സായിരുന്നു. ടീമിന്റെ പ്രതീക്ഷകളും വെടിക്കെട്ട് ബാറ്റര്‍മാരും വേഗത്തില്‍ കൂടാരം കയറിയപ്പോള്‍ നായകന് നിതീഷ് റാണ നെഞ്ചും വിരിച്ച് ഹൈദരാബാദിനെ നേരിട്ടു. ഉമ്രാന് മാലിക്കിന്റെ ഓവറില്‍ ഒന്നിനുപിറകെ ഒന്നായി സിക്സറുകളും ബൗണ്ടറികളും പായിച്ച് റാണ കൊല്‍ക്കത്തയുടെ പ്രതീക്ഷകള്‍ക്ക് വീണ്ടും ചിറകു മുളപ്പിച്ചു. എന്നാല്‍ എട്ടാമത്തെ ഓവറില്‍ ജഗദീശനെ മടക്കി ഹൈദരാബാദ് വീണ്ടും മത്സരം വരുതിയിലാക്കി.
തുടര്‍ന്നെത്തിയ ആന്ദ്രേ റസലിനും കൊല്‍ക്കത്തയ്ക്കായി കാര്യമായി ഒന്നും ചെയ്യാനായില്ല. ആറ് പന്തില്‍ മൂന്ന് റണ്‍സ് മാത്രം നേടി റസലും മടങ്ങി. എന്നാല്‍ പരാജയപ്പെടാന്‍ സമ്മതമല്ലാത്ത റാണയുടെ ഒറ്റയാള്‍ പോരാട്ടം തുടര്‍ന്നു. കൂട്ടിന് കഴിഞ്ഞ മത്സരത്തിലെ വിജയ ശില്പിയായിരുന്ന റിങ്കു സിങ് കൂടിയെത്തിയതോടെ കൊല്‍ക്കത്തന്‍ ഗാലറികളില്‍ ആരാധകരുടെ ആര്‍പ്പുവിളികള്‍ ഉയര്‍ന്നു.