ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യന്‍സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ സണ്‍റൈസേഴ്‌സ് നായകന്‍ എയ്‌ഡന്‍ മാര്‍ക്രം ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. വിക്കറ്റ് ചെറുതായി വരണ്ടതായി തോന്നുന്നതായി എയ്‌ഡന്‍ മാര്‍ക്രം പറഞ്ഞു.
മഞ്ഞുവീഴ്‌ച ചേസിങ്ങിന് അനുകൂലമാവുമെന്ന് പ്രതീക്ഷിക്കുന്നതായും താരം വ്യക്തമാക്കി. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മാറ്റങ്ങളില്ലാതെയാണ് സണ്‍റൈസേഴ്‌സ് കളിക്കുന്നതെന്നും മാര്‍ക്രം അറിയിച്ചു. മറുവശത്ത് കഴിഞ്ഞ മത്സരത്തില്‍ മുംബൈയുടെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടാതിരുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ തിരിച്ചെത്തിയിട്ടുണ്ട്.
ഇതടക്കം രണ്ട് മാറ്റങ്ങളാണ് മുംബൈ ടീമിലുള്ളത്. രോഹിത് മടങ്ങിയെത്തിയതോടെ റിലേ മെറിഡിത്താണ് ടീമില്‍ നിന്ന് പുറത്തായത്. ഡുവാൻ ജാൻസെന് സ്ഥാനം നഷ്‌ടമായപ്പോള്‍ ജേസൺ ബെഹ്‌റൻഡോർഫാണ് പ്ലേയിങ് ഇലവനിലെത്തിയത്.
മുംബൈ ഇന്ത്യൻസ് (പ്ലേയിങ് ഇലവൻ): രോഹിത് ശർമ(ക്യാപ്റ്റന്‍), ഇഷാൻ കിഷൻ(വിക്കറ്റ് കീപ്പര്‍), തിലക് വർമ്മ, സൂര്യകുമാർ യാദവ്, ടിം ഡേവിഡ്, കാമറൂൺ ഗ്രീൻ, അർജുൻ ടെണ്ടുൽക്കർ, നെഹാൽ വധേര, ഹൃത്വിക് ഷോക്കീൻ, പിയൂഷ് ചൗള, ജേസൺ ബെഹ്‌റൻഡോർഫ്.
സൺറൈസേഴ്‌സ് ഹൈദരാബാദ് (പ്ലേയിങ് ഇലവൻ): മായങ്ക് അഗർവാൾ, ഹാരി ബ്രൂക്ക്, രാഹുൽ ത്രിപാഠി, എയ്‌ഡൻ മാർക്രം(ക്യാപ്റ്റന്‍), ഹെൻറിച്ച് ക്ലാസൻ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശർമ, വാഷിങ്‌ടൺ സുന്ദർ, മാർക്കോ ജാൻസെൻ, ഭുവനേശ്വർ കുമാർ, മായങ്ക് മാർക്കണ്ഡേ, ടി നടരാജൻ.
ഹൈദരാബാദിന്‍റെ ഹോം ഗ്രൗണ്ടായ ഉപ്പലിലെ രാജീവ് ഗാന്ധി ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഐപിഎല്ലിന്‍റെ 16-ാം സീസണില്‍ തങ്ങളുടെ അഞ്ചാം മത്സരത്തിനാണ് മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഇറങ്ങുന്നത്. കളിച്ച നാല് മത്സരങ്ങളില്‍ രണ്ട് വിജയം വീതം നേടിയ മുംബൈയും ഹൈദരാബാദും നിലവിലെ പോയിന്‍റ് പട്ടികയില്‍ യഥാക്രമം എട്ടും ഒമ്പതും സ്ഥാനത്താണ്.
ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടതിന് ശേഷം തുടര്‍ന്നുള്ള രണ്ട് മത്സരങ്ങളിലും വിജയം നേടിയാണ് ഇരു ടീമുകളും ടൂര്‍ണമെന്‍റിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയത്. ഇതോടെ തുടര്‍ച്ചയായ മൂന്നാം വിജയമാണ് ഇന്ന് മുംബൈയും ഹൈദരാബാദും ലക്ഷ്യം വയ്‌ക്കുന്നത്.
നേര്‍ക്കുനേര്‍ ചരിത്രം: ഐപിഎല്ലില്‍ ഇതിന് മുന്നെയുള്ള പോരാട്ടങ്ങളില്‍ ഏറെക്കുറെ തുല്യശക്തികളാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദും മുംബൈ ഇന്ത്യന്‍സും. നേരത്തെ 19 മത്സരങ്ങളിലാണ് ഇരു ടീമുകളും മുഖാമുഖം എത്തിയത്. ഇതില്‍ 10 മത്സരങ്ങളില്‍ മുംബൈ വിജയിച്ചപ്പോള്‍ ഒമ്പത് മത്സരങ്ങള്‍ ഹൈദരാബാദിനൊപ്പം നിന്നിരുന്നു.
മത്സരം ലൈവായി കാണാന്‍: ഐപിഎല്ലിലെ മുംബൈ ഇന്ത്യൻസ് vs സൺറൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടം ടിവിയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളിലൂടെ തത്സമയം കാണാം. കൂടാതെ ജിയോ സിനിമാസിന്‍റെ വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും മുംബൈ-ഹൈദരാബാദ് മത്സരത്തിന്‍റെ തത്സമയ സ്‌ട്രീമിങ്ങുണ്ട്.
ALSO READ: IPL 2023 | വമ്പന്‍ നാഴികക്കല്ലിനരികെ രോഹിത്, നിര്‍ണായക നേട്ടത്തിനടുത്ത് ഇഷാനും മാക്രവും ; പിറക്കാനിരിക്കുന്ന റെക്കോഡുകളറിയാം