ഹൈദരാബാദ്:ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ആദ്യം ബോള്‍ ചെയ്യും. ടോസ് നേടിയ സണ്‍റൈസേഴ്‌സ് നായകന്‍ എയ്‌ഡന്‍ മാര്‍ക്രം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഐപിഎല്ലിന്‍റെ 16-ാം സീസണിലെ 58-ാം മത്സരമാണിത്.
ഹൈദരാബാദിന്‍റെ തട്ടകമായ ഉപ്പലിലെ രാജീവ് ഗാന്ധി ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്. വിക്കറ്റ് മികച്ചതായി തോന്നുന്നുവെന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ എയ്‌ഡന്‍ മാര്‍ക്രം പറഞ്ഞു. ഞങ്ങൾക്ക് നല്ല സ്കോർ ലഭിക്കുമെന്നും ആ സ്കോർബോർഡ് അവരുടെ മേൽ സമ്മർദം ചെലുത്തുമെന്നും പ്രതീക്ഷിക്കുന്നു.
പകല്‍ മത്സരങ്ങളില്‍ പിച്ച് വളരെയധികം മാറുന്നത് നിങ്ങൾക്ക് കാണാൻ കഴിയില്ല. ഞങ്ങൾ ഒരു ആവേശകരമായ സ്ഥാനത്താണ്. അത് ഞങ്ങളിലെ ഏറ്റവും മികച്ചത് പുറത്തെടുക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ മാറ്റവുമായാണ് ഹൈദരാബാദ് കളിക്കുന്നതെന്നും മാര്‍ക്രം കൂട്ടിച്ചേര്‍ത്തു.
ടോസ് ലഭിച്ചിരുന്നുവെങ്കില്‍ ഞങ്ങളും ആദ്യം ബാറ്റ് ചെയ്യുമായിരുന്നുവെന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് നായകന്‍ ക്രുണാല്‍ പാണ്ഡ്യ പറഞ്ഞു. ഞങ്ങള്‍ക്ക് ഉയര്‍ച്ചയും താഴ്‌ചയുമുള്ള ഒരു സീസണാണിത്. നല്ല ക്രിക്കറ്റ് കളിക്കണം, അതാണ് പ്രധാനം.
വിക്കറ്റ് നന്നായി കാണപ്പെടുന്നു. മികച്ച കളി പുറത്തെടുക്കാനാണ് ഞങ്ങളും ശ്രമിക്കുന്നത്. രണ്ട് മാറ്റങ്ങളുമായാണ് ലഖ്‌നൗ കളിക്കുന്നതെന്നും ക്രുണാല്‍ പാണ്ഡ്യ പറഞ്ഞു. ദീപക് ഹൂഡയും മൊഹ്‌സിന്‍ ഖാനും പുറത്തായപ്പോള്‍ പ്രേരകും യുധ്‌വീറുമാണ് പ്ലേയിങ് ഇലവനിലെത്തിയത്.
ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ് (പ്ലേയിങ് ഇലവൻ): ക്വിന്‍റൺ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), കെയ്‌ൽ മേയേഴ്‌സ്, ക്രുനാൽ പാണ്ഡ്യ (ക്യാപ്റ്റന്‍), പ്രേരക് മങ്കാദ്, മാർക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പുരാൻ, അമിത് മിശ്ര, യാഷ് താക്കൂർ, രവി ബിഷ്‌ണോയ്, യുധ്വിർ സിങ് ചരക്, ആവേശ് ഖാൻ.
സൺറൈസേഴ്‌സ് ഹൈദരാബാദ് (പ്ലേയിങ് ഇലവൻ): അഭിഷേക് ശർമ, അൻമോൽപ്രീത് സിങ്, രാഹുൽ ത്രിപാഠി, ഐഡൻ മാർക്രം (ക്യാപ്റ്റന്‍), ഹെൻറിച്ച് ക്ലാസൻ(വിക്കറ്റ് കീപ്പര്‍), ഗ്ലെൻ ഫിലിപ്‌സ്, അബ്‌ദുൾ സമദ്, ടി നടരാജൻ, മായങ്ക് മാർക്കണ്ഡെ, ഭുവനേശ്വർ കുമാർ, ഫസൽഹഖ് ഫാറൂഖി.
സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് തങ്ങളുടെ 12-ാം മത്സരത്തിനാണിറങ്ങുന്നത്. 11 മത്സരങ്ങളില്‍ ഒരു കളി മഴയെത്തുടര്‍ന്ന് റദ്ദാക്കിയിരുന്നു. അഞ്ച് വിജയം നേടിയ ടീം നിലവിലെ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. അവസാനം കളിച്ച മത്സരത്തില്‍ തോല്‍വി വഴങ്ങിയാണ് ലഖ്‌നൗവിന്‍റെ വരവ്. മറുവശത്ത് കളിച്ച ഒമ്പത് മത്സരങ്ങളില്‍ നാല് വിജയം നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിലവിലെ പോയിന്‍റ് പട്ടികയില്‍ ഒമ്പതാമതാണ്.
അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് നാടകീയ വിജയം സ്വന്തമാക്കിയാണ് സംഘം എത്തുന്നത്. സീസണില്‍ നേരത്തെ നേര്‍ക്കുനേരെത്തിയപ്പോള്‍ ലഖ്‌നൗ ഹൈദരാബാദിനെ തോല്‍പ്പിച്ചിരുന്നു. ഇന്ന് ഈ കണക്ക് തീര്‍ക്കാനുറച്ചാവും ഹൈദരാബാദ് ലഖ്‌നൗവിനെതിരെ ഇറങ്ങുകയെന്നുറപ്പ്. മറുവശത്ത് പോയിന്‍റ് പട്ടികയില്‍ ആദ്യ നാലിലേക്ക് കടക്കാന്‍ ലക്‌നൗവിന് വിജയം അനിവാര്യമാണ്. ഇതോടെ ഉപ്പലില്‍ പോരുകടുക്കുമെന്നുറപ്പ്.
ALSO READ:'നേട്ടത്തില്‍ ഞാന്‍ ചിരിച്ചു, എന്നാല്‍ അനുഷ്‌കയോട് സംസാരിച്ചപ്പോള്‍ കരഞ്ഞു': 71-ാം സെഞ്ച്വറിയെക്കുറിച്ച് വിരാട് കോലി