കേരളം

kerala

ETV Bharat / sports

'മരണത്തിന് മുമ്പ് ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്നത് രണ്ട് ദൃശ്യങ്ങള്‍, അതില്‍ കപിലും ധോണിയുമുണ്ട്..'; വികാരഭരിതനായി സുനില്‍ ഗവാസ്‌കര്‍ - കപില്‍ ദേവ്

എംഎസ്‌ ധോണിയില്‍ നിന്നും ഷര്‍ട്ടില്‍ ഓട്ടോഗ്രാഫ് വാങ്ങിയത് തന്നെ സംബന്ധിച്ച് ഏറെ വൈകാരികമായ നിമിഷമാണെന്ന് ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍.

IPL  Sunil Gavaskar  Sunil Gavaskar final moment wish  IPL 2023  MS Dhoni  chennai super kings  Sunil Gavaskar on MS Dhoni  സുനില്‍ ഗവാസ്‌കര്‍  എംഎസ്‌ ധോണി  ചെന്നൈ സൂപ്പര്‍ കിങ്‌സ്  കപില്‍ ദേവ്  Kapil dev
വികാരഭരിതനായി സുനില്‍ ഗവാസ്‌കര്‍

By

Published : May 16, 2023, 6:06 PM IST

മുംബൈ: ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എം‌എസ് ധോണിയുടെ അവസാന ഐപിഎല്‍ സീസണായിരിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. 41-കാരനായ ധോണിയോ ചെന്നൈ സൂപ്പര്‍ കിങ്‌സോ ഇക്കാര്യത്തില്‍ ഔദ്യോഗികമായി ഒരു പ്രതികരണവും നടത്തിയില്ല. എന്നാല്‍ ഇതിഹാസ താരത്തിന് മികച്ച യാതയയപ്പ് നല്‍കുന്നതിനായി ധോണിയും ചെന്നൈ സൂപ്പര്‍ കിങ്‌സും കളിക്കാന്‍ എത്തുന്ന വേദികളെല്ലാം തന്നെ മഞ്ഞക്കടലാവുന്ന കാഴ്‌ചയാണ് കാണാന്‍ കഴിഞ്ഞത്.

ഐപിഎല്ലിന്‍റെ 16-ാം സീസണിന്‍റെ ലീഗ് ഘട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ അവസാന ഹോം മത്സരത്തിന് ശേഷം ഏറെ വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്കാണ് ചെപ്പോക്ക് സ്റ്റേഡിയം സാക്ഷിയായത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് തോല്‍വി വഴങ്ങിയിരുന്നു. എന്നാല്‍ മത്സരത്തിന് ശേഷം ധോണിയും സഹതാരങ്ങളും ആരാധകരെ അഭിവാദ്യം ചെയ്യാന്‍ മൈതാനം വലംവച്ചു.

തങ്ങളെ പിന്തുണയ്‌ക്കാന്‍ എത്തിയവര്‍ക്ക് സമ്മാനമായി ധോണിയുടെ ഒപ്പ് രേഖപ്പെടുത്തിയ ജഴ്‌സികള്‍ ചെന്നൈ താരങ്ങള്‍ ആരാധകര്‍ക്ക് എറിഞ്ഞു നല്‍കി. റാക്കറ്റ് ഉപയോഗിച്ച് ധോണി ഒപ്പിട്ട ടെന്നീസ് ബോളുകളും ആരാധകര്‍ക്ക് ഇടയിലേക്ക് അടിച്ചിട്ടിരുന്നു. എന്നാല്‍ ഇതിനിടെ ആരാധകരുടെ ഹൃദയം തൊട്ട കാഴ്‌ചയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ ധോണിയുടെ ഓട്ടോഗ്രാഫ് വാങ്ങാനെത്തിയത്.

ആരാധകരെ അഭിവാദ്യം ചെയ്യുന്ന ധോണിക്ക് അരികിലെത്തിയ ഗവാസ്‌കര്‍ താന്‍ ധരിച്ചിരുന്ന ഷര്‍ട്ടിലാണ് ധോണിയുടെ കയ്യൊപ്പ് വാങ്ങിയത്. ഇതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ഇതിന് പിന്നാലെ താന്‍ എന്തുകൊണ്ടാണ് ധോണിയുടെ പക്കല്‍ നിന്നും ഓട്ടോഗ്രാഫ് വാങ്ങാൻ തീരുമാനിച്ചതെന്ന് വിശദീകരിച്ചുകൊണ്ട് ഗവാസ്‌കര്‍ രംഗത്ത് എത്തി. ഒരു പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമത്തിലാണ് 73-കാരനായ ഗവാസ്‌കറുടെ പ്രതികരണം.

1983 ലോകകപ്പ് ജേതാവായ ഗവാസ്‌കര്‍ തന്‍റെ അന്ത്യ നിമിഷത്തില്‍ കാണാന്‍ ആഗ്രഹിക്കുന്ന രണ്ട് ദൃശ്യങ്ങളെക്കുറിച്ചും ഈ വീഡിയോയില്‍ പറയുന്നുണ്ട്. "ചെപ്പോക്കിലെ അവസാന മത്സരത്തിന് ശേഷം ധോണി കാണികളെ അഭിവാദ്യം ചെയ്യുമ്പോള്‍ മറക്കാനാകാത്ത ഒരു നിമിഷം വേണമെന്ന് എനിക്ക് തോന്നി. ഇക്കാരണത്താലാണ് ഓട്ടോഗ്രാഫ് വാങ്ങാനായി ഞാന്‍ ധോണിയുടെ അടുത്തേക്ക് ഓടിയത്.

ഓട്ടോഗ്രാഫ് വാങ്ങിക്കാനായി എന്‍റെ കയ്യില്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഓട്ടോഗ്രാഫ് ഷര്‍ട്ടില്‍ നല്‍കിയാല്‍ മതിയെന്ന് പറഞ്ഞു. ധോണി ഇക്കാര്യം അംഗീകരിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ശരിക്കും പറഞ്ഞാല്‍ ഗ്രൗണ്ടിലുണ്ടായിരുന്ന ക്യാമറ യൂണിറ്റിലെ ഒരാളുടെ കൈവശം മാര്‍ക്കര്‍ പേനയുണ്ടായത് എന്‍റെ ഭാഗ്യമാണ്.

ആ നിമിഷത്തിന് ആ വ്യക്തിയോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. എന്നെ സംബന്ധിച്ച് ഏറെ വൈകാരികമായ നിമിഷമായിരുന്നവിത്. ഇന്ത്യന്‍ ക്രിക്കറ്റിന് വളരെയധികം സംഭാവനകള്‍ നല്‍കിയിട്ടുള്ള ഒരാളാണ് ധോണി. അയാള്‍ എന്തൊക്കെ ചെയ്‌തുവെന്ന് ചോദിക്കുന്നതിനേക്കാള്‍ എന്താണ് ചെയ്യാത്തതെന്ന് ചോദിക്കുന്നതാവും ശരി", ഗവാസ്‌കര്‍ പറഞ്ഞു.

തന്‍റെ അന്ത്യ നിമിഷത്തില്‍ കാണാന്‍ ആഗ്രഹിക്കുന്നതിനെക്കുറിച്ചുള്ള ഗവാസ്‌കറുടെ വാക്കുകള്‍ ഇങ്ങനെ.." എന്‍റെ മരണത്തിന് മുമ്പ് കണ്ണടയുമ്പോള്‍, രണ്ട് ദൃശ്യങ്ങളാണ് ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്നത്. 1983-ലെ ലോകകപ്പില്‍ ഇന്ത്യയുടെ വിജയത്തിന് ശേഷം കപില്‍ ദേവ് കപ്പുയര്‍ത്തുന്നത്.

പിന്നെ, 2011ലെ ലോകകപ്പില്‍ ശ്രീലങ്കയ്‌ക്ക് എതിരെ ഇന്ത്യയുടെ വിജയം ഉറപ്പിച്ച സിക്‌സര്‍ അടിച്ചതിന് ശേഷം ധോണി തന്‍റെ ബാറ്റ് വായുവില്‍ ചുഴറ്റുന്ന ആ രംഗവും. ഇവ രണ്ടും എന്‍റെ കണ്‍മുന്നിലുണ്ടെങ്കില്‍ സന്തോഷത്തോടെ ഞാന്‍ കണ്ണടക്കും", തൊണ്ടയിടറിക്കൊണ്ട് ഗവാസ്‌കര്‍ പറഞ്ഞു.

ALSO READ: IPL 2023 | ചിരിച്ചും സംസാരിച്ചും രോഹിത് ശര്‍മയ്‌ക്കൊപ്പം ഗൗതം ഗംഭീര്‍ ; കമന്‍റ് ബോക്‌സില്‍ 'താര'മായി കോലി

ABOUT THE AUTHOR

...view details