മൊഹാലി : കളിക്കാരന്‍റെ പ്രശസ്തി എന്തുതന്നെയായാലും കമന്‍ററിക്കിടെ വിമര്‍ശിക്കുമ്പോള്‍ വാക്കുകള്‍ മയപ്പെടുത്തുന്ന പ്രകൃതക്കാരനല്ല ന്യൂസിലൻഡ് മുന്‍ പേസര്‍ സൈമൺ ഡൗള്‍. മുമ്പ് ബാബർ അസമിനെയും പിന്നീട് വിരാട് കോലിയെയും പോലുള്ള മുൻനിര കളിക്കാരെ കടുത്ത രീതിയില്‍ വിമര്‍ശിച്ച സൈമൺ ഡൗളിന്‍റെ വാക്കുകള്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ പഞ്ചാബ് കിങ്‌സിന്‍റെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡയ്‌ക്ക് എതിരെയാണ് ഡൗള്‍ രംഗത്ത് എത്തിയിരിക്കുന്നത്.
ഐപിഎല്ലില്‍ വെള്ളിയാഴ്‌ച ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സിനെതിരായ മത്സരത്തിൽ എക്‌സ്‌പ്രസ് പേസർ രണ്ട് നോ-ബോളുകൾ എറിഞ്ഞതിനെ കമന്‍ററിലുണ്ടായിരുന്ന സൈമൺ ഡൗള്‍ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. കാഗിസോ റബാഡ നോ-ബോളുകൾ എറിയുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് കിവീസിന്‍റെ മുന്‍ പേസര്‍ പറഞ്ഞത്.
"ഇത് അസ്വീകാര്യമായ പെരുമാറ്റമാണ്. നിങ്ങളൊരു അന്താരാഷ്‌ട്ര ബോളറാണ്. എല്ലായ്‌പ്പോഴും തന്‍റെ കാലുകള്‍ ഏറെ മുന്നോട്ട് വയ്‌ക്കുകയാണ് അവന്‍ ചെയ്യുന്നത്. സ്‌റ്റംപിന് ഏറെ പിറകില്‍ നിന്നാണെങ്കില്‍ പോലും ചെറിയ വ്യത്യാസത്തില്‍ മാത്രമാണ് നോ-ബോള്‍ അല്ലാതാവുന്നത്" - ഡൗൾ പറഞ്ഞു.
ഐപിഎല്ലില്‍ നേരത്തെ വിരാട് കോലിയെയായിരുന്നു ഡൗള്‍ വിമര്‍ശിച്ചത്. ഏപ്രില്‍ രണ്ടാം വാരത്തില്‍ ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സിനെതിരായ മത്സരത്തിനിടെയായിരുന്നു കോലിയെ സൈമണ്‍ ഡൗള്‍ കടന്നാക്രമിച്ചത്. ബാറ്റ് ചെയ്യുന്നതിനിടെ വ്യക്തിഗത നേട്ടത്തിലേക്കെത്തുന്നതിനെ കുറിച്ച് കോലിക്ക് ആശങ്കയുണ്ടെന്നായിരുന്നു സൈമണ്‍ ഡൗള്‍ പറഞ്ഞിരുന്നത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ബാംഗ്ലൂരിനായി വിരാട് കോലി തുടക്കം തൊട്ട് ആക്രമിച്ചായിരുന്നു കളിച്ചിരുന്നത്. പവര്‍ പ്ലേയില്‍ 25 പന്തുകളില്‍ നാല് ഫോറുകളും മൂന്ന് സിക്‌സുകളുമായി 42 റണ്‍സായിരുന്നു താരം നേടിയിരുന്നത്. എന്നാല്‍ 35 പന്തില്‍ നിന്നായിരുന്നു താരം അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത്.