ബെംഗളൂരു:ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് 1 വിക്കറ്റിൻ്റെ മിന്നും വിജയം. ആവേശോജ്വലമായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത ബാംഗ്ലൂര്‍ ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യം ലഖ്‌നൗ 9 വിക്കറ്റ് നഷ്‌ടത്തില്‍ അവസാന പന്തിൽ മറികടക്കുകയായിരുന്നു. നിക്കോളാസ് പുരാൻ്റെ വെടിക്കെട്ടാണ് ലഖ്‌നൗവിന് തകർപ്പൻ ജയം സമ്മാനിച്ചത്.
വലിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശാനിറങ്ങിയ ലഖ്‌നൗവിന്‍റെ തുടക്കം തന്നെ പാളി. ആദ്യ ഓവറിന്‍റെ മൂന്നാം പന്തില്‍ തന്നെ വമ്പനടിക്കാരന്‍ കെയ്ല്‍ മയേഴ്‌സിനെ സംഘത്തിന് നഷ്‌ടമായി. അക്കൗണ്ട് തുറക്കാന്‍ കഴിയാതിരുന്ന താരം മുഹമ്മദ് സിറാജിന്‍റെ പന്തില്‍ ബൗള്‍ഡാവുകായയിരുന്നു. തുടര്‍ന്നത്തിയ ദീപക് ഹൂഡ (9), ക്രുണാല്‍ പാണ്ഡ്യ (0) എന്നിവരും വേഗം മടങ്ങിയതോടെ ലഖ്‌നൗ നാല് ഓവറില്‍ മൂന്നിന് 23 റണ്‍സ് എന്ന നിലയിലേക്ക് വീണു.
ഹൂഡയേയും ക്രുണാലിനേയും വെയ്ന്‍ പാര്‍നെല്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിന്‍റെ കയ്യിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ക്രീസിലൊന്നിച്ച ക്യാപ്റ്റന്‍ രാഹുലും മാർക്കസ് സ്റ്റോയിനിസും സംഘത്തിന് പ്രതീക്ഷ നല്‍കി. എന്നാൽ ടീം സ്കോർ 100 കടന്നതിന് പിന്നാലെ നായകൻ രാഹുലിനെ ലഖ്‌നൗവിന് നഷടമായി. ഒച്ചിഴയും വേഗത്തിൽ ബാറ്റ് വീശിയ രാഹുൽ 20 പന്തിൽ 18 റൺസെടുത്താണ് പുറത്തായത്.
ഇതോടെ ലഖ്‌നൗ 11.1 ഓവറിൽ 5 വിക്കറ്റ് നഷടത്തിൽ 105 റൺസ് എന്ന നിലയിലായി. അഞ്ച് വിക്കറ്റ് വീണതോടെ ബാംഗ്ലൂർ വിജയം ഉറപ്പിച്ചു. എന്നാൽ തുടർന്ന് ക്രീസിലെത്തിയ നിക്കോളാസ് പുരാൻ ബാംഗ്ലൂരിൻ്റെ എല്ലാ പ്രതീക്ഷകളും തകർത്തെറിയുകയായിരുന്നു. ഒരുവശത്ത് ആയുഷ് ബധോണിയെ കാഴ്ചക്കാരനായി നിർത്തി പുരാൻ കളം നിറഞ്ഞ് കളിച്ചു.
ബാംഗ്ലൂർ ബോളർമാരെ തലങ്ങും വിലങ്ങും പായിച്ച പുരാൻ 15 പന്തിൽ അർധസെഞ്ച്വറി പൂർത്തിയാക്കി. പുരാനും ബധേനിയും ചേർന്ന് 84 റൺസിൻ്റെ കൂറ്റൻ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 16-ാം ഓവറിൻ്റെ അവസാന പന്തിൽ ടീം സ്കോർ 189ൽ നിൽക്കെയാണ് പുരാനെ ലഖ്‌നൗവിന് നഷ്ടമായത്. പുറത്താകുമ്പോൾ 19 പന്തിൽ 7 സിക്സും 4 ഫോറും ഉൾപ്പെടെ 62 റൺസായിരുന്നു താരത്തിൻ്റെ സമ്പാദ്യം.
പുരാന് പിന്നാലെ ബധേനി കളി ഏറ്റെടുത്തു. അവസാന ഓവറുകളിൽ തകർത്തടിച്ച താരം ടീം സകോർ 200 കടത്തി. എന്നാൽ വിജയത്തിന് തൊട്ടടുത്ത് ബധേനിയെ നിർഭാഗ്യം പിടികൂടുകയായിരുന്നു. വെയ്ൻ പാർനെലിൻ്റെ പന്തിൽ സിക്സ് നേടിയെങ്കിലും അബദ്ധവശാൽ ബാറ്റ് സ്റ്റംപിൽ തട്ടി താരം പുറത്താവുകയായിരുന്നു. ഇതോടെ ലഖ്‌നൗ പരാജയം മണത്തു.
അവസാന ഓവർ എറിയാനെത്തിയ ഹർഷൽ പട്ടേൽ മാർക്ക് വുഡിനെയും (0), ജയ്ദേവ് ഉനദ്‌ഘട്ടിനെയും (9) പുറത്താക്കി മത്സരം ചൂട് പിടിപ്പിച്ചു. ഇതോടെ അവസാന പന്തിൽ വിജയ ലക്ഷ്യം ഒരു പന്തിൽ ഒരു റൺസ് എന്ന നിലയിലായി. ഒടുവിൽ ത്രില്ലിങ് ക്ലൈമാക്സിനൊടുവിൽ ലഖ്‌നൗ വിജയം പിടിച്ചെടുക്കുകയായിരുന്നു.
കെജിഫ് വെടിക്കെട്ട്: നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാറിങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്‌ടത്തിലാണ് 212 റണ്‍സെടുത്തത്. ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസ്, വിരാട് കോലി, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരുടെ അര്‍ധ സെഞ്ചുറിയുടെ മികവിലായിരുന്നു ടീം മികച്ച സ്‌കോറിലെത്തിയത്.