മുംബൈ:ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎല്‍) ക്രിക്കറ്റിന്‍റെ 16-ാം സീസണ്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഓര്‍ത്തുവയ്‌ക്കാന്‍ ആഗ്രഹിക്കുന്ന ഒന്നാവില്ലെന്ന് ഉറപ്പാണ്. കാര്‍ അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് സീസണില്‍ നിന്നും പുറത്തായ ക്യാപ്റ്റന്‍ റിഷഭ് പന്തിന് പകരക്കാരനായി ഡേവിഡ് വാർണര്‍ക്കായിരുന്നു ഫ്രാഞ്ചൈസി ചുമതല നല്‍കിയിരുന്നത്. എന്നാല്‍ വാര്‍ണര്‍ക്ക് കീഴില്‍ ദയനീയ പ്രകടനമാണ് ഡല്‍ഹി ക്യാപിറ്റല്‍സ് നടത്തിയത്.
സീസണില്‍ തുടര്‍ തോല്‍വികള്‍ വഴങ്ങിയ ടീം പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. മോശം സീസൺ കണക്കിലെടുത്ത് ടീമില്‍ കാര്യമായ അഴിച്ച് പണിക്ക് മാനേജ്‌മെന്‍റ് തയ്യാറായേക്കുമെന്നാണ് പൊതുവെ സംസാരമുള്ളത്. ഇതോടെ മുഖ്യ പരിശീലകനായ റിക്കി പോണ്ടിങ് പുറത്താകുമെന്ന അഭ്യൂഹങ്ങളും പരക്കുന്നുണ്ട്.
ഇപ്പോഴിതാ പോണ്ടിങ് പുറത്താവുകയാണെങ്കില്‍ പകരക്കാരന്‍ ആരാവണമെന്ന നിര്‍ദേശം മുന്നോട്ട് വച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. നിലവില്‍ ഫ്രാഞ്ചൈസിയുടെ ക്രിക്കറ്റ് ഡയറക്‌ടറായി സപ്പോർട്ടിങ് സ്റ്റാഫിനൊപ്പമുള്ള സൗരവ് ഗാംഗുലിയാണ് പോണ്ടിങ്ങിന് പകരക്കാരനാവേണ്ടതെന്നാണ് ഇര്‍ഫാന്‍ പഠാന്‍ പറയുന്നത്.
ടീമിലുള്ള ഇന്ത്യൻ കളിക്കാരുടെ 'മനഃശാസ്ത്രം' അറിയാവുന്നയാളാണ് ഗാംഗുലിയെന്നും പഠാന്‍ പറഞ്ഞു. "ഡൽഹി ക്യാപിറ്റല്‍സിന്‍റെ ഡഗൗട്ടിൽ സൗരവ് ഗാംഗുലിയുടെ സാന്നിധ്യം ഏറെ വലിയ കാര്യമാണ്. പരിശീലകന്‍റെ ചുമതലയും ദാദയ്ക്ക് നൽകിയാൽ ഈ ടീമിൽ വലിയ മാറ്റമുണ്ടാക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നു.
ദാദയ്ക്ക് ഇന്ത്യൻ കളിക്കാരുടെ മനഃശാസ്ത്രത്തെക്കുറിച്ച് അറിവുണ്ട്. ഡ്രസ്സിങ് റൂം എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ അദ്ദേഹത്തിനുണ്ട്. ഡൽഹി ക്യാപിറ്റല്‍സ് തീർച്ചയായും അത് പ്രയോജനപ്പെടുത്തണം.