ജയ്‌പൂര്‍:ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ രാജസ്ഥാന്‍ റോയല്‍സ് ആദ്യം ഫീല്‍ഡ് ചെയ്യും. ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ ഫാഫ് ഡുപ്ലെസിസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഐപിഎല്‍ 16-ാം സീസണിലെ 60-ാം മത്സരമാണിത്.
രാജസ്ഥാന്‍റെ തട്ടകമായ സവായ്‌മാൻസിങ് സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്. വിക്കറ്റ് വരണ്ടതായി തോന്നുന്നുവെന്ന് റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ ഫാഫ് ഡുപ്ലെസിസ് പറഞ്ഞു. ആദ്യം ബാറ്റ് ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങളാണുള്ളത്. പദ്ധതികള്‍ കൂടുതൽ നന്നായി നടപ്പിലാക്കേണ്ടതുണ്ട്.
3-4 താരങ്ങള്‍ ഓരോ മത്സരത്തിലും മികച്ച പ്രകടനം നടത്തുന്നുണ്ട്. എല്ലാ താരങ്ങളും മികവിലേക്ക് ഉയരേണ്ടതുണ്ട്. വിജയങ്ങൾ പ്രധാനമാണ്, നെറ്റ് റൺ റേറ്റ് ഇപ്പോൾ വിഷമിക്കാവുന്ന ഒന്നല്ലെന്നും ഡുപ്ലെസിസ് വ്യക്തമാക്കി. കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ രണ്ട് മാറ്റങ്ങളുമായാണ് ബാംഗ്ലൂര്‍ കളിക്കുന്നത്. ജോഷ് ഹേസൽവുഡ് പുറത്തായപ്പോള്‍ വെയ്‌ന്‍ പാർനെലാണ് ഇടം നേടിയത്. വാനിന്ദു ഹസരംഗയ്ക്ക് പകരം മൈക്കൽ ബ്രേസ്‌വെല്ലും പ്ലേയിങ് ഇലവനില്‍ എത്തി.
ടോസ് ലഭിച്ചിരുന്നുവെങ്കില്‍ തങ്ങളും ആദ്യം ബാറ്റ് ചെയ്യുമായിരുന്നുവെന്ന് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസൺ പറഞ്ഞു. ഞങ്ങൾ ഇതൊരു സെമിഫൈനലായാണ് പരിഗണിക്കുന്നത്. സത്യം പറഞ്ഞാൽ, ഗുജറാത്തിനെതിരെ മാത്രമാണ് ഞങ്ങള്‍ക്ക് മികച്ച പ്രകടനം നടത്താന്‍ കഴിയാതെ പോയത്.
ബാക്കിയുള്ള മത്സരങ്ങളില്‍ ഞങ്ങള്‍ നല്ല പോരാട്ടം കാഴ്‌ചവച്ചിട്ടുണ്ടെന്നും സഞ്‌ജു പറഞ്ഞു. ടീമില്‍ ചില പരിക്കുകള്‍ അലട്ടുന്നതായും താരം വ്യക്തമാക്കി. കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ ഒരു മാറ്റവുമായാണ് രാജസ്ഥാന്‍ കളിക്കുന്നത്. ട്രെന്‍റ് ബോള്‍ട്ട് പുറത്തായപ്പോള്‍ ആദം സാംപ ടീമില്‍ ഇടം നേടി.