ഗുവാഹത്തി:ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനെതിരെ പഞ്ചാബ് കിങ്സിന് തകർപ്പൻ ജയം. പഞ്ചാബിന്‍റെ 198 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാന് 20 ഓവറിൽ 7 വിക്കറ്റ് നഷടത്തിൽ 192 റൺസേ നേടാനായുള്ളൂ. നാല് വിക്കറ്റ് വീഴ്ത്തിയ നഥാൻ എല്ലിസാണ് രാജസ്ഥാനെ തകർത്തത്. 42 റൺസ് നേടിയ നായകൻ സഞ്ജു സാംസണ് മാത്രമേ രാജസ്ഥാൻ നിരയിൽ പിടിച്ച് നിൽക്കാനായുള്ളു.
മറുപടി ബാറ്റിങിനിറങ്ങിയ രാജസ്ഥാന്‍റെ തുടക്കം തകർച്ചയോടെയായിരുന്നു. ഓപ്പണർ യശ്വസി ജയസ്വാളിനെ (11) രണ്ടാം ഓവറിൽ തന്നെ നഷടമായി. പിന്നാലെ സ്ഥാനക്കയറ്റം ലഭിച്ച് ആർ ആശ്വിൻ (0) ക്രീസിലെത്തിയെങ്കിലും നിലയുറപ്പിക്കും മുന്നേ തന്നെ താരം മടങ്ങി. പിന്നാലെ നായകൻ സഞ്ജു സാംസണും ജോസ് ബട്ട്‌ലറും ചേർന്ന് സ്കോർ ഉയർത്തി. എന്നാൽ അഞ്ചാം ഓവറിൽ ബട്ട്ലറെയും (19) രാജസ്ഥാന് നഷടമായി.
പിന്നാലെ ദേവ്ദത്ത് പടിക്കലിനെ കൂട്ടുപിടിച്ച് സഞ്ജു സാംസൺ കളം നിറഞ്ഞ് കളിച്ചു. എന്നാൽ ടീം സ്കോർ 91 ൽ നിൽക്കെ രാജസ്ഥാൻ ആരാധകരെ ഞെട്ടിച്ച് കൊണ്ട് സഞ്ജു സാംസൺ പുറത്തായി. 25 പന്തിൽ 42 റൺസെടുത്ത താരത്തെ നാഥൻ എല്ലിസാണ് പുറത്താക്കിയത്. പിന്നലെ റിയാൻ പരാഗ് (20), ദേവ്ദത്ത് പടിക്കൽ(21) എന്നിവരും പുറത്തായി.
ഇതോടെ രാജസ്ഥാൻ 14.6 ഓവറിൽ ആറ് വിക്കറ്റിന് 124 എന്ന നിലയിലായി. ഇതോടെ പഞ്ചാബ് വിജയം ഉറപ്പിച്ചു. എന്നാൽ ഇംപാക്ട് പ്ലയറായി ക്രീസിലെത്തിയ ധ്രുവ് ജുറൽ, ഷിമ്രോൺ ഹെറ്റ്‌മെയർ എന്നിവർ കൂറ്റൻ ഷോട്ടുകളുമായി കളം നിറഞ്ഞു. 19-ാം ഓവർ എറിയാനെത്തിയ അർഷ്‌ദീപ് സിങിന്‍റെ ഓവറിൽ 19 റൺസാണ് ഇരുവരും അടിച്ച് കൂട്ടിയത്. ഇതോടെ അവസാന ഓവറിൽ 16 റൺസായി രാജസ്ഥാന്‍റെ വിജയ ലക്ഷ്യം.
എന്നാൽ അവസാന ഓവർ എറിയാനെത്തിയ സാം കറൺ രാജസ്ഥാന്‍റെ പ്രതീക്ഷകളെല്ലാം തകർത്തു. കറന്‍റെ ഓവറിൽ റൺസ് 10 മാത്രമേ രാജസ്ഥാന് നേടാനായുള്ളു. ധ്രുവ് ജുറൽ 14 പന്തിൽ 28 റൺസുമായി പുറത്താകാതെ നിന്നു. പഞ്ചാബിനായി നഥാൻ എല്ലിസ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ അർഷ്‌ദീപ് സിങ് രണ്ട് വിക്കറ്റും നേടി.
കളം നിറഞ്ഞ് ഓപ്പണർമാർ:നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ പഞ്ചാബ് കിങ്‌സ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തിലാണ് 197 റണ്‍സ് നേടിയത്. ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍, പ്രഭ്‌സിമ്രാൻ സിങ് എന്നിവരുടെ അര്‍ധ സെഞ്ചുറി നേടിയ പ്രകടനമാണ് പഞ്ചാബിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. 56 പന്തില്‍ 86 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ശിഖര്‍ ധവാനാണ് പഞ്ചാബിന്‍റെ ടോപ് സ്‌കോറര്‍.
ഒമ്പത് ഫോറുകളും മൂന്ന് സിക്‌സും അടങ്ങുന്നതാണ് ധവാന്‍റെ ഇന്നിങ്‌സ്. 34 പന്തില്‍ 60 റണ്‍സാണ് പ്രഭ്‌സിമ്രാന്‍ നേടിയത്. ബാറ്റര്‍മാര്‍ക്ക് പിന്തുണ ലഭിച്ച ഗുവാഹത്തിയിലെ പിച്ചില്‍ മിന്നുന്ന തുടക്കമായിരുന്നു പഞ്ചാബിന് ഓപ്പണര്‍മാരായ പ്രഭ്‌സിമ്രാനും ശിഖര്‍ ധവാനും നല്‍കിയത്. പവര്‍ പ്ലേ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 63 റണ്‍സായിരുന്നു പഞ്ചാബ് നേടാന്‍ കഴിഞ്ഞത്.
പ്രഭ്‌സിമ്രാനായിരുന്നു കൂടുതല്‍ ആക്രമിച്ച് കളിച്ചത്. പവര്‍ പ്ലേയിലെ അവസാന ഓവറിലെ ആറാം പന്തില്‍ പ്രഭ്‌സിമ്രാനെ ദേവ്‌ദത്ത് പടിക്കല്‍ കൈവിട്ടത് രാജസ്ഥാന് തിരിച്ചടിയായി. തുടര്‍ന്നും കത്തിക്കയറിയ താരം 28 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ചു. ഒടുവില്‍ 10ാം ഓവറിന്‍റെ നാലാം പന്തില്‍ പ്രഭ്‌സിമ്രാനെ പുറത്താക്കിയ ജേസണ്‍ ഹോള്‍ഡറാണ് രാജസ്ഥാന് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കിയത്.
ഹോള്‍ഡറെ അതിര്‍ത്തി കടത്താനുള്ള പഞ്ചാബ് ഓപ്പണറുടെ ശ്രമം ജോസ് ബട്‌ലറുടെ കയ്യില്‍ അവസാനിക്കുകയായിരുന്നു. ഏഴ് ഫോറുകളും മൂന്ന് സിക്‌സുകളു അടങ്ങുന്നതായിരുന്നു പ്രഭ്‌സിമ്രാന്‍റെ ഇന്നിങ്‌സ്. 90 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ പ്രഭ്‌സിമ്രാന്‍-ധവാന്‍ സഖ്യം ചേര്‍ത്തത്.
പ്രഭ്‌സിമ്രാന്‍ മടങ്ങിയതോടെ ധവാന്‍ ആക്രമണത്തിന്‍റെ ചുമതല ഏറ്റെടുത്തു. മൂന്നാമതായെത്തിയ ഭാനുക രജപക്‌സെ (1 പന്തില്‍ 1) റിട്ടേര്‍ഡ് ഹര്‍ട്ടായി മടങ്ങിയെങ്കിലും പിന്നാലെ എത്തിയ ജിതേഷ് ശര്‍മയെ കൂട്ടുപിടിച്ച പഞ്ചാബ് നായകന്‍ ടീമിനെ മുന്നോട്ട് നയിച്ചു. ജിതേഷ് ശര്‍മയെ റിയന്‍ പരാഗിന്‍റെ കയ്യിലെത്തിച്ച് യുസ്‌വേന്ദ്ര ചാഹലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 16 പന്തില്‍ 27 റണ്‍സായിരുന്നു ജിതേഷ് നേടിയത്.
തുടര്‍ന്നെത്തിയ സിക്കന്ദർ റാസ, ഷാരൂഖ് ഖാൻ എന്നിവര്‍ക്ക് തിളങ്ങാന്‍ കഴിഞ്ഞില്ല. 2 പന്തില്‍ 1 റണ്‍സെടുത്ത റാസയെ അര്‍ അശ്വിന്‍ ബൗള്‍ഡാക്കിയപ്പോള്‍ 10 പന്തില്‍ 11 റണ്‍സെടുത്ത ഷാരൂഖിനെ ഹോള്‍ഡറുടെ പന്തില്‍ ബട്‌ലര്‍ പിടികൂടുകയായിരുന്നു. ധവാനൊപ്പം സാം കറനും പുറത്താവാതെ നിന്നു. രണ്ട് പന്തില്‍ ഒരു റണ്‍സാണ് കറന്‍ നേടിയത്. രാജസ്ഥാന്‍ റോയല്‍സിനായി ജേസണ്‍ ഹോള്‍ഡര്‍ രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ ആര്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍ എന്നിര്‍ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.
രാജസ്ഥാൻ റോയൽസ് (പ്ലെയിങ് ഇലവൻ): യശസ്വി ജയ്‌സ്വാൾ, ജോസ് ബട്ട്‌ലർ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പര്‍/ ക്യാപ്റ്റന്‍), ദേവദത്ത് പടിക്കൽ, റിയാൻ പരാഗ്, ഷിമ്രോൺ ഹെറ്റ്‌മെയർ, ജേസൺ ഹോൾഡർ, രവിചന്ദ്രൻ അശ്വിൻ, ട്രെന്‍റ് ബോൾട്ട്, കെഎം ആസിഫ്, യുസ്‌വേന്ദ്ര ചാഹൽ.
പഞ്ചാബ് കിങ്‌സ് (പ്ലെയിങ് ഇലവൻ): ശിഖർ ധവാൻ (ക്യാപ്റ്റന്‍), പ്രഭ്‌സിമ്രാൻ സിങ്, ഭാനുക രജപക്‌സെ, ജിതേഷ് ശർമ്മ (വിക്കറ്റ് കീപ്പര്‍), ഷാരൂഖ് ഖാൻ, സാം കറൻ, സിക്കന്ദർ റാസ, നഥാൻ എല്ലിസ്, ഹർപ്രീത് ബ്രാർ, രാഹുൽ ചാഹർ, അർഷ്‌ദീപ് സിങ്.