ഗുവാഹത്തി : ഐപിഎല്ലിന്‍റെ 16ാം സീസണില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും തോല്‍വി വഴങ്ങി ഡല്‍ഹി ക്യാപിറ്റല്‍സ്. ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെതിരെ 57 റണ്‍സിന്‍റെ തോല്‍വിയാണ് ഡേവിഡ് വാര്‍ണറും സംഘവും വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന്‍ ഉയര്‍ത്തിയ 200 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 142 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
ബോളിങ്ങിലും ബാറ്റിങ്ങിലും ഒരുപോലെ തിളങ്ങിയാണ് സഞ്‌ജു സാംസണിന് കീഴിലിറങ്ങിയ രാജസ്ഥാന്‍ മിന്നും വിജയം പിടിച്ചത്. ഡല്‍ഹിക്കായി 55 പന്തില്‍ 65 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ മാത്രമാണ് പൊരുതിയത്. 24 പന്തില്‍ 38 റണ്‍സുമായി ലളിത് യാദവും ഭേദപ്പെട്ട പ്രകടനം നടത്തി.
ബോള്‍ട്ടിളക്കി ബോള്‍ട്ട് :വലിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശാനിറങ്ങിയ ഡല്‍ഹിക്ക് മോശം തുടക്കമായിരുന്നു ലഭിച്ചത്. ട്രെന്‍റ് ബോള്‍ട്ട് എറിഞ്ഞ ആദ്യ ഓവറില്‍ അക്കൗണ്ട് തുറക്കാന്‍ കഴിയാതിരുന്ന ടീമിന് രണ്ട് വിക്കറ്റുകളാണ് നഷ്‌ടമായത്. ഇംപാക്‌ട് പ്ലെയറായെത്തിയ ഡല്‍ഹി ഓപ്പണര്‍ പൃഥ്വി ഷായും മനീഷ് പാണ്ഡെയുമാണ് വന്നപാടെ മടങ്ങിയത്.
മൂന്ന് പന്തുകള്‍ നേരിട്ട പൃഥ്വിയെ രാജസ്ഥാന്‍ നായകന്‍ സഞ്‌ജു സാംസണ്‍ ഒരു തകര്‍പ്പന്‍ ക്യാച്ചിലൂടെ പിടികൂടുകയായിരുന്നു. തുടര്‍ന്നെത്തിയ മനീഷ് പാണ്ഡെയെ നേരിട്ട ആദ്യ പന്തില്‍ തന്നെ ബോള്‍ട്ട് വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നാലെയെത്തിയ റിലീ റോസോവും (12 പന്തില്‍ 14 ) അശ്വിന് മുന്നില്‍ വീണതോടെ സംഘം പ്രതിരോധത്തിലായി.
ഈ സമയം 5.4 ഓവറില്‍ മൂന്നിന് 36 റണ്‍സ് എന്ന നിലയിലായിരുന്നു ഡല്‍ഹി. തുടര്‍ന്ന് ഒന്നിച്ച ഡേവിഡ് വാര്‍ണറും ലളിത് യാദവും ചേര്‍ന്ന് ഡല്‍ഹിയെ മുന്നോട്ട് നയിച്ചു. എന്നാല്‍ 13ാം ഓവറിന്‍റെ അവസാന പന്തില്‍ ലളിതിന്‍റെ കുറ്റി തെറിച്ച് ബോള്‍ട്ട് രാജസ്ഥാനെ തിരികെ എത്തിച്ചു. തുടര്‍ന്നെത്തിയ അക്‌സര്‍ പട്ടേല്‍ (6 പന്തില്‍ 2) റോവ്‍മാൻ പവല്‍ (2 പന്തില്‍ 2), അഭിഷേക് പോറല്‍ (9 പന്തില്‍ 7) എന്നിവരെ മടക്കി രാജസ്ഥാന്‍ ആവേശം വര്‍ധിപ്പിച്ചു.
പിന്നാലെ വാര്‍ണറുടെ പോരാട്ടം യുസ്‌വേന്ദ്ര ചാഹല്‍ അവസാനിപ്പിച്ചു. ആൻറിച്ച് നോർട്ട്ജെയാണ് (0) പുറത്തായ മറ്റൊരു താരം. കുല്‍ദീപ് യാദവ് (7 പന്തില്‍ 3), മുകേഷ് കുമാര്‍ (1 പന്തില്‍ 1) എന്നിവര്‍ പുറത്താവാതെ നിന്നു. രാജസ്ഥാനായി ബോള്‍ട്ടും യുസ്‌വേന്ദ്ര ചാഹലും മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്‌ത്തിയപ്പോള്‍ ആര്‍ അശ്വിന്‍ രണ്ടും സന്ദീപ് ശര്‍മ ഒരു വിക്കറ്റും നേടി.
ബട്‌ലര്‍, ജയ്‌സ്വാള്‍ വെടിക്കെട്ട്:നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തിലാണ് 199 റണ്‍സെടുത്തത്. ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍ എന്നിവരുടെ അര്‍ധ സെഞ്ചുറിയാണ് സംഘത്തെ മികച്ച നിലയില്‍ എത്തിച്ചത്. 51 പന്തില്‍ 79 റണ്‍സെടുത്ത ബട്‌ലറായിരുന്നു രാജസ്ഥാന്‍റെ ടോപ് സ്‌കോറര്‍.