ബെംഗളൂരു : മലയാളി ക്രിക്കറ്റ് ആരാധകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഐപിഎല്‍ ടീം ഏതെന്ന് ചോദിച്ചാല്‍ പലരുടെയും ഉത്തരം രാജസ്ഥാന്‍ റോയല്‍സ് എന്നായിരിക്കും. ഒരുപക്ഷേ മലയാളി താരം സഞ്‌ജു സാംസണ്‍ റോയല്‍സ് നായകനായതാകാം അതിന് കാരണവും. കേരളത്തില്‍ നിന്ന് നിരവധി പേര്‍ സപ്പോര്‍ട്ട് ചെയ്യുന്നതുകൊണ്ടും നായകന്‍ ഒരു മലയാളിയായത് കൊണ്ടും ഇവിടുത്തെ ആഘോഷങ്ങള്‍ രാജസ്ഥാന്‍ ക്യാമ്പിലും കൊണ്ടാടാറുണ്ട്.
റോയല്‍സ് ടീം അംഗങ്ങള്‍ വിഷു ആഘോഷിക്കുന്നതിന്‍റെ വീഡിയോ നേരത്തേ പുറത്തുവന്നതാണ്. രാജസ്ഥാന്‍ ടീം തന്നെയായിരുന്നു ഈ ദൃശ്യങ്ങള്‍ അവരുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുറത്തുവിട്ടത്. ഇത് വലിയ തരത്തില്‍ തന്നെ തരംഗമായിരുന്നു.
ഇപ്പോള്‍ മറ്റൊരു വീഡിയോ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. എന്നാല്‍ ഇത്തവണ ആഘോഷമല്ല, ആരാധകരെ രസിപ്പിക്കുന്ന വീഡിയോയാണ് ടീം പുറത്തുവിട്ടിരിക്കുന്നത്. അത് മറ്റൊന്നുമല്ല മലയാളത്തില്‍ ട്രെന്‍ഡായ 'രോമാഞ്ചം' എന്ന ചിത്രത്തിലെ അര്‍ജുന്‍ അശോകന്‍റെ പ്രത്യക തലയാട്ടല്‍ രാജസ്ഥാന്‍ താരങ്ങളും പരിശീലകരും അവതരിപ്പിച്ചിരിക്കുന്നതാണ്.
വെടിക്കെട്ട് ബാറ്റര്‍ ജോസ് ബട്‌ലറാണ് വീഡിയോയില്‍ തലയാട്ടലുമായി ആദ്യം പ്രത്യക്ഷപ്പെടുന്നത്. പിന്നാലെ ബോളിങ് പരിശീലകന്‍ ലസിത് മലിംഗ പേസ് ബോളര്‍മാരായ ട്രെന്‍റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ എന്നിവരുമെത്തും. നായകന്‍ സഞ്‌ജു സാംസണ്‍ വീഡിയോയുടെ അവസാനമാണ് എത്തുന്നത്.
ഈ ചിത്രത്തിലെ തന്നെ 'ആദരാഞ്ജലി നേരട്ടെ' എന്ന സൂപ്പര്‍ഹിറ്റ് ഗാനത്തിനൊപ്പമാണ് താരങ്ങളുടെ തലയാട്ടല്‍. 28 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ സഞ്‌ജു ഉള്‍പ്പടെ 21 താരങ്ങളും പ്രത്യക്ഷപ്പെടുന്നുണ്ട്. 'രോമാഞ്ചിഫിക്കേഷന്‍' എന്ന ക്യാപ്‌ഷനോടെ സഞ്ജുവാണ് വീഡിയോ ആദ്യം ഷെയര്‍ ചെയ്‌തത്.