മുംബൈ: ഐപിഎല്ലില്‍ സൂപ്പർ പോരാട്ടത്തിൽ ചെന്നൈക്കെതിരെ പഞ്ചാബിന് തകര്‍പ്പന്‍ ജയം. പഞ്ചാബ് ഉയർത്തിയ 188 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ചെന്നൈയുടെ പോരാട്ടം 11 റൺസകലെ ആറു വിക്കറ്റ് നഷ്‌ടത്തില്‍ 176 റൺസിൽ അവസാനിച്ചു. 39 പന്തില്‍ നിന്ന് ആറ് സിക്‌സും ഏഴ് ഫോറുമടക്കം 78 റണ്‍സെടുത്ത അമ്പാട്ടി റായുഡു പൊരുതി നോക്കിയെങ്കിലും വിജയലക്ഷ്യം അകലെയായിരുന്നു.
പഞ്ചാബ് ഉയര്‍ത്തിയ ഭേദപ്പെട്ട വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈയ്‌ക്ക് മോശം തുടക്കമാണ് ലഭിച്ചത്. രണ്ടാം ഓവറില്‍ തന്നെ ഒരു റണ്ണെടുത്ത റോബിന്‍ ഉത്തപ്പയെ സന്ദീപ് ശര്‍മ മടക്കി. പിന്നാലെയെത്തിയ മിച്ചല്‍ സാന്‍റ്‌നർ 9 റൺസുമായും, ശിവം ദുബെ 8 റൺസോടെയും നിരാശപ്പെടുത്തി.
പിന്നാലെ ക്രീസിൽ ഒത്തുചേർന്ന ഋതുരാജ് ഗെയ്‌ക്വാദും അംബാട്ടി റായുഡുവും ചേര്‍ന്ന് ചെന്നൈയെ മുന്നോട്ട് നയിച്ചു. നാലാം വിക്കറ്റില്‍ 49 റണ്‍സ് കൂട്ടിച്ചേര്‍ത്ത സഖ്യം ചെന്നൈയെ 89 റണ്‍സ് വരെയെത്തിച്ചു. നല്ല തുടക്കം മുതലാക്കാനാവാതെ ഗെയ്‌ക്വാദ് 30 റൺസുമായി റബാഡയ്‌ക്ക് മുന്നിൽ വീണു.
അവസാന അഞ്ചോവറില്‍ ചെന്നൈയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 70 റണ്‍സ്. സന്ദീപ് ശര്‍മ എറിഞ്ഞ പതിനാറാം ഓവറില്‍ 23 റണ്‍സടിച്ച് പ്രതീക്ഷ നല്‍കി റായുഡു. എന്നാല്‍ അടുത്ത മൂന്ന് ഓവർ എറിഞ്ഞ അര്‍ഷദീപും റബാഡയും 20 റണ്‍സ് മാത്രമാണ് വഴങ്ങിയത്. 18-ാം ഓവറില്‍ റായുഡുവിനെ മടക്കിയ റബാഡ ചെന്നൈയെ സമ്മര്‍ദത്തിലാക്കുകയും ചെയ്‌തു.