മൊഹാലി: പഞ്ചാബ് കിങ്‌സിനെ വീഴ്‌ത്തിയാണ് ഐപിഎല്‍ പതിനാറാം പതിപ്പിലെ മൂന്നാം ജയം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. മൊഹാലിയില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ആര്‍സിബി 174 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയരെ ആര്‍സിബി ബോളര്‍മാര്‍ 150 റണ്‍സില്‍ എറിഞ്ഞുവീഴ്‌ത്തുകയായിരുന്നു.
പഞ്ചാബിനെ വീഴ്‌ത്തിയതോടെ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് എത്താനും ആര്‍സിബിക്കായി. ഫാഫ് ഡുപ്ലെസിസ് ഫീല്‍ഡ് ചെയ്യാനിറങ്ങാതിരുന്ന സാഹചര്യത്തില്‍ വിരാട് കോലി ആയിരുന്നു ഇന്നലെ ആര്‍സിബിയെ നയിച്ചത്. കോലിക്ക് കീഴില്‍ ബോളര്‍മാര്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതോടെ 18.2 ഓവറില്‍ ബാംഗ്ലൂര്‍ ജയം സ്വന്തമാക്കി.
175 എന്ന വിജയലക്ഷ്യം പ്രതിരോധിക്കാന്‍ അവസാന ഓവര്‍വരെ കളി നീട്ടേണ്ട എന്ന പ്ലാനിലായിരുന്നു തങ്ങള്‍ പന്തെറിഞ്ഞതെന്ന് മത്സരശേഷം സ്റ്റാന്‍ഡ് ഇന്‍ ക്യാപ്‌റ്റന്‍ വിരാട് കോലി വ്യക്തമാക്കി. ഇക്കാര്യം മത്സരത്തില്‍ താന്‍ ബോളര്‍മാരോട് പറഞ്ഞിരുന്നുവെന്നും കോലി പറഞ്ഞു.
'ബോളര്‍മാരോട് കൃത്യമായ സമയങ്ങളില്‍ ആശയവിനിമയം നടത്തുന്നുണ്ടായിരുന്നു. 6-7 വിക്കറ്റുകള്‍ അവര്‍ക്ക് നഷ്‌ടപ്പെട്ടപ്പോള്‍ തന്നെ മത്സരം കൂടുതല്‍ അവസാനത്തേക്ക് കൊണ്ട് പോകേണ്ടെന്നും അവരോട് പറഞ്ഞു' - കോലി വ്യക്തമാക്കി'. പോയിന്‍റ് ടേബിളില്‍ തങ്ങളുടെ സ്ഥാനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും വിരാട് കോലി പോസ്റ്റ് മാച്ച് പ്രസന്‍റേഷനില്‍ മറുപടി പറഞ്ഞു.
പോയിന്‍റ് പട്ടികയ്‌ക്ക് ഒരു ടീമിനെ ഒരിക്കലും നിര്‍വചിക്കാന്‍ കഴിയില്ല. ഐപിഎല്‍ എന്നത് 13 - 14 കളികളോളം ഉള്ള ഒരു വലിയ ടൂര്‍ണമെന്‍റാണ്. അതിന് ശേഷം മാത്രം അതിനെക്കുറിച്ച് ചിന്തിച്ചാല്‍ മതി' - കോലി കൂട്ടിച്ചേര്‍ത്തു.