മൊഹാലി:ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറുകളില്‍ ഒന്ന് പിറന്ന മത്സരമായിരുന്നു ഇന്നലെ മൊഹാലിയില്‍ നടന്നത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ ലഖ്‌നൗ, പഞ്ചാബിനെതിരെ 257 റണ്‍സ് അടിച്ചുകൂട്ടി. ഐപിഎല്‍ ചരിത്രത്തില്‍ ഒരു ടീം സ്വന്തമാക്കുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ടോട്ടലായിരുന്നു ഇത്.
കാഗിസോ റബാഡ, അര്‍ഷ്‌ദീപ് സിങ്, സാം കറന്‍ എന്നിങ്ങനെ അന്താരാഷ്‌ട്ര ക്രിക്കറ്റിലും ഐപിഎല്ലിലും മികവ് തെളിയിച്ച ബോളര്‍മാരായിരുന്നു പഞ്ചാബ് ലൈനപ്പില്‍ സ്ഥാനം പിടിച്ചത്. ഇവരിലെല്ലാം പ്രതീക്ഷയര്‍പ്പിച്ചാകാം പഞ്ചാബ് കിങ്‌സ് നായകന്‍ ടോസ് നേടിയതിന് പിന്നാലെ ആദ്യം ബൗളിങ് തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചതും. എന്നാല്‍ ലഖ്‌നൗ ഇന്നിങ്‌സ് ആരംഭിച്ചതോടെ ആതിഥേയരുടെ നായകന്‍റെ പ്രതീക്ഷകളും തെറ്റി.
പ്രധാന ബോളര്‍മാരെല്ലാം തുടക്കം മുതല്‍ തന്നെ തല്ല് വാങ്ങികൂട്ടി. കയില്‍ മയേഴ്‌സ് തുടങ്ങി വച്ച ആക്രമണം പിന്നാലെ വന്നവരും ഏറ്റെടുത്തു. ഇതോടെ പന്തെറിയാനെത്തിയ പഞ്ചാബ് ബോളര്‍മാര്‍ നാലുപാടും പറന്നു.
മത്സരത്തില്‍ ഏഴ് ബോളര്‍മാരാണ് പഞ്ചാബിനായി പന്തെറിയാനെത്തിയത്. അതില്‍ പ്രധാന ബോളര്‍മാരെല്ലാം ലഖ്‌നൗ ബാറ്റര്‍മാരുടെ ആക്രമണങ്ങള്‍ക്ക് ഇരയായി. നാലോവര്‍ വീതം പന്തെറിഞ്ഞ അര്‍ഷ്‌ദീപ് സിങ് 54 റണ്‍സും കഗിസോ റബാഡ 52 റണ്‍സുമാണ് വഴങ്ങിയത്.
സാം കറന്‍ മൂന്ന് ഓവറില്‍ 38 റണ്‍സാണ് വഴങ്ങിയത്. ഗുര്‍നൂര്‍ ബ്രാര്‍ മൂന്ന് ഓവറില്‍ 42 റണ്‍സും വിട്ടുകൊടുത്തു. പാര്‍ട്ട് ടൈം ബോളര്‍മാരായെത്തിയ സിക്കന്ദര്‍ റാസയും ലിയാം ലിവിങ്‌സ്റ്റണും എറിഞ്ഞ രണ്ട് ഓവറില്‍ നിന്ന് ലഖ്‌നൗ 36 റണ്‍സും അടിച്ചുകൂട്ടി.