മൊഹാലി : ഐപിഎൽ പതിനാറാം പതിപ്പിൽ വിജയ വഴിയിൽ തിരിച്ചെത്താൻ പഞ്ചാബ് കിങ്‌സും ഗുജറാത്ത് ടൈറ്റൻസും ഇന്നിറങ്ങും. മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം വേദിയാകുന്ന മത്സരം രാത്രി ഏഴരയ്ക്കാണ് ആരംഭിക്കുന്നത്. ടൂർണമെന്‍റില്‍ ആദ്യത്തെ രണ്ട് മത്സരത്തിലും ജയിച്ച ഇരു ടീമുകളും അവസാന പോരാട്ടത്തിലാണ് ആദ്യ തോൽവിയറിഞ്ഞത്.
ചെന്നൈ സൂപ്പർ കിങ്സിനെ ആദ്യ മത്സരത്തിൽ തകർത്താണ് നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ഐപിഎല്‍ പതിനാറാം പതിപ്പിലെ യാത്ര ആരംഭിച്ചത്. രണ്ടാം മത്സരത്തിൽ അവർ ഡൽഹിയെയും വീഴ്ത്തി. ഇക്കഴിഞ്ഞ ഞായറാഴ്‌ച റിങ്കു സിങ് സംഹാരതാണ്ഡവം ആടിയ മത്സരത്തിൽ കെകെആറിനോടാണ് ഗുജറാത്ത് തോറ്റത്.
മറുവശത്ത് കൊൽക്കത്തയെ തകർത്ത് തുടങ്ങിയ പഞ്ചാബ് രണ്ടാം മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ വീഴ്ത്തി. ഉപ്പൽ സ്റ്റേഡിയത്തിൽ നടന്ന കളിയിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനോടാണ് ശിഖർ ധവാനും സംഘവും സീസണിലെ ആദ്യ തോൽവി വഴങ്ങിയത്.
റണ്‍സ് കണ്ടെത്താതെ മധ്യനിര :മുൻനിരയിൽ റൺസ് കണ്ടെത്തുന്ന നായകൻ ശിഖർ ധവാനാണ് പഞ്ചാബ് ടീമിന്‍റെ കരുത്ത്. ഓപ്പണർ പ്രഭ്‌സിമ്രാനും നായകന് വേണ്ട പിന്തുണ നൽകുന്നു. മധ്യനിരയിലാണ് പഞ്ചാബിന് പ്രശ്‌നങ്ങൾ.
പഞ്ചാബിന്‍റെ മിഡിൽ ഓർഡർ ബാറ്റർമാർക്ക് ഇതുവരെയും മികവിലേക്ക് ഉയരാൻ സാധിച്ചിട്ടില്ല. പരിക്ക് ഭേദമായെത്തുന്ന ലിയാം ലിവിങ്സ്റ്റണിന് പഞ്ചാബിന്‍റെ ഈ തലവേദന മാറ്റാൻ സാധിക്കുമെന്നാണ് ആരാധകർ കരുതുന്നത്. കഴിഞ്ഞ ദിവസം ടീമിനൊപ്പം ചേർന്ന താരം ഇന്ന് ഗുജറാത്തിനെതിരെ കളിക്കാനാണ് സാധ്യത.
സാം കറൻ, അർഷ്‌ദീപ് സിങ് എന്നിവർക്കാണ് പേസ് ബൗളിംഗ് ചുമതല. ടീമിലെ സ്റ്റാർ ബൗളർ കാഗിസോ റബാദ സീസണിലെ ആദ്യ മത്സരത്തിനായി ഇന്ന് ഇറങ്ങിയേക്കും.
തോല്‍വി മറക്കാന്‍ ഗുജറാത്ത് : നായകൻ ഹാർദിക് പാണ്ഡ്യയുടെ തിരിച്ചുവരവ് തെല്ലൊന്നുമായിരിക്കില്ല ഗുജറാത്തിന്‍റെ ആത്മവിശ്വാസം കൂട്ടുന്നത്. ടൈറ്റൻസിനെ ആദ്യ രണ്ട് മത്സരത്തിലും ജയത്തിലേക്ക് നയിച്ച ക്യാപ്റ്റൻ അവസാന പോരാട്ടത്തിൽ കൊൽക്കത്തയ്‌ക്കെതിരെ കളിച്ചിരുന്നില്ല. റാഷിദ് ഖാൻ ആയിരുന്നു ഈ കളിയിൽ ടീമിനെ നയിച്ചത്.
ശുഭ്‌മാൻ ഗിൽ, സായ് സുദർശൻ എന്നീ യുവ ഇന്ത്യൻ ബാറ്റർമാർ ടീമിനായി മികച്ച രീതിയിലാണ് ബാറ്റ് ചെയ്യുന്നത്. ഇരുവരും ഇന്ന് പഞ്ചാബിനെതിരെയും മികവ് തുടര്‍ന്നാല്‍ ഗുജറാത്തിന് കാര്യങ്ങള്‍ ശുഭകരമായിരിക്കും. വിജയ് ശങ്കറിന്‍റെ ഫോമും ഗുജറാത്തിന്‍റെ വിജയസാധ്യത വർധിപ്പിക്കുന്നതാണ്. റാഷിദ് ഖാൻ, മുഹമ്മദ് ഷമി, ജോഷുവ ലിറ്റിൽ എന്നിവരുടെ ബൗളിങ് പ്രകടനവും ഇന്ന് ഗുജറാത്തിന് നിർണായകമാണ്.
കഴിഞ്ഞ സീസണില്‍ ഐപിഎല്ലിലേക്കെത്തിയ ഗുജറാത്ത് ടൈറ്റന്‍സുമായി പഞ്ചാബ് കിങ്‌സ് രണ്ട് തവണയാണ് ഏറ്റുമുട്ടിയത്. ഇതില്‍ ഒരു മത്സരം അവര്‍ക്ക് ജയിക്കാനായി. ഗുജറാത്തും പഞ്ചാബിനെതിരെ ഒരു ജയം സ്വന്തമാക്കിയിട്ടുണ്ട്.
കിങ്‌സ്xടൈറ്റന്‍സ് പോരാട്ടം ലൈവായി :മൊഹാലിയില്‍ രാത്രി ഏഴരയ്‌ക്ക് ആരംഭിക്കുന്ന പഞ്ചാബ് കിങ്‌സ് ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടം സ്റ്റാര്‍ സ്പോര്‍ട്‌സ് ചാനലുകളിലൂടെയാണ് ടിവിയില്‍ സംപ്രേഷണം ചെയ്യുന്നത്. ജിയോ സിനിമ ആപ്ലിക്കേഷന്‍, വെബ്‌സൈറ്റ് എന്നിവയിലൂടെ ഈ മത്സരം ഓണ്‍ലൈന്‍ സ്ട്രീം ചെയ്യാനും സാധിക്കും.
Also Read:IPL 2023 | ആദ്യം പതറി, പിന്നെ തിരിച്ചുവന്നു ; അവസാന പന്തില്‍ 'തല'യെ പൂട്ടി സന്ദീപ് ശര്‍മ
പഞ്ചാബ് കിങ്‌സ് സ്ക്വാഡ് :ശിഖർ ധവാൻ (ക്യാപ്റ്റന്‍), മാത്യു ഷോർട്ട്, പ്രഭ്‌സിമ്രാൻ സിങ്, ജിതേഷ് ശർമ, ഭാനുക രജപക്‌സെ, ലിയാം ലിവിങ്‌സ്റ്റണ്‍, ഷാരൂഖ് ഖാൻ, സിക്കന്ദർ റാസ, സാം കറൻ, രാജ് ബാവ, ഋഷി ധവാൻ, നഥാൻ എല്ലിസ്, അഥർവ ടൈഡെ, അർഷ്‌ദീപ് സിങ്, കാഗിസോ റബാദ, ഹർപ്രീത് ബ്രാർ, ബെൽതേജ് സിങ്, വിദ്വർത് കവേരപ്പ, രാഹുൽ ചാഹർ, ഹർപ്രീത് ഭാട്ടിയ, ശിവം സിങ്, മോഹിത് റാഥെ.
ഗുജറാത്ത് ടൈറ്റന്‍സ് സ്ക്വാഡ് :ശുഭ്‌മാന്‍ ഗിൽ, വൃദ്ധിമാൻ സാഹ, സായ് സുദർശൻ, വിജയ് ശങ്കർ, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ഡേവിഡ് മില്ലർ, മാത്യു വെയ്‌ഡ്, റാഷിദ് ഖാൻ, കെഎസ് ഭരത്, രാഹുൽ തെവാട്ടിയ, ദസുന്‍ ഷനക, അഭിനവ് മനോഹർ, മുഹമ്മദ് ഷമി, ജോഷുവ ലിറ്റിൽ, അൽസാരി ജോസഫ്, യാഷ് ദയാല്‍, ഒഡെയ്‌ൻ സ്‌മിത്ത്, മോഹിത് ശർമ, ശിവം മാവി, പ്രദീപ് സാങ്‌വാൻ, ആർ സായ് കിഷോർ, ദർശൻ നൽകണ്ടെ, ജയന്ത് യാദവ്, ഉർവിൽ പട്ടേൽ, നൂർ അഹമ്മദ്.