കേരളം

kerala

ETV Bharat / sports

റിലീ റൂസ്സോ വെടിക്കെട്ട് ; പഞ്ചാബിനെതിരെ ഡല്‍ഹിക്ക് കൂറ്റന്‍ സ്‌കോര്‍ - റിലീ റൂസ്സോ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ പഞ്ചാബ് കിങ്‌സിന് 214 റണ്‍സ് വിജയ ലക്ഷ്യം

IPL  IPL 2023  Punjab Kings  Delhi Capitals  PBKS vs DC  PBKS vs DC score updates  david warner  Rilee Rossouw  Prithvi Shaw  ഐപിഎല്‍  പഞ്ചാബ് കിങ്‌സ്  ഡല്‍ഹി ക്യാപിറ്റല്‍സ്  ഡേവിഡ് വാര്‍ണര്‍  റിലീ റൂസ്സോ  പൃഥ്വി ഷാ
റിലീ റൂസ്സോ വെടിക്കെട്ട്

By

Published : May 17, 2023, 9:37 PM IST

ധര്‍മ്മശാല : ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ പഞ്ചാബ് കിങ്‌സിനെതിരെ കൂറ്റന്‍ സ്‌കോര്‍ നേടി ഡല്‍ഹി ക്യാപിറ്റല്‍സ്. ആദ്യം ബാറ്റ് ചെയ്‌ത ഡല്‍ഹി നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ 213 റണ്‍സാണ് അടിച്ചെടുത്തത്. മിന്നല്‍ അര്‍ധ സെഞ്ചുറി നേടിയ റിലീ റൂസ്സോയുടെ പ്രകടനമാണ് ഡല്‍ഹിയെ മികച്ച നിലയിലേക്ക് നയിച്ചത്.

37 പന്തുകളില്‍ നിന്ന് പുറത്താവാതെ 82 റണ്‍സാണ് താരം അടിച്ചെടുത്തത്. ആറ് വീതം ഫോറുകളും സിക്‌സുകളും ഉള്‍പ്പെടുന്നതാണ് താരത്തിന്‍റെ ഇന്നിങ്‌സ്. പൃഥ്വി ഷായും ടീമിനായി അര്‍ധ സെഞ്ചുറി നേടി. സാം കറനും കാഗിസോ റബാഡയും എറിഞ്ഞ ആദ്യ രണ്ട് ഓവറുകളിലായി ആറ് റണ്‍സ് മാത്രമായിരുന്നു ഡല്‍ഹി ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍ക്കും പൃഥ്വി ഷായ്‌ക്കും നേടാന്‍ കഴിഞ്ഞത്.

എന്നാല്‍ മൂന്നാം ഓവറില്‍ സാം കറനെതിരെ രണ്ട് ബൗണ്ടറികളടക്കം നേടിയ വാര്‍ണര്‍ പതിയെ ഗിയര്‍ മാറ്റി. പിന്നാലെ പൃഥ്വി ഷായും താളം കണ്ടെത്തിയതോടെ പവര്‍പ്ലേ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 61 റണ്‍സ് എന്ന നിലയിലേക്ക് എത്താന്‍ ഡല്‍ഹിക്ക് കഴിഞ്ഞു. മികച്ച രീതിയില്‍ മുന്നേറുകയായിരുന്ന ഈ കൂട്ടുകെട്ട് 11-ാം ഓവറിന്‍റെ രണ്ടാം പന്തില്‍ വാര്‍ണറെ വീഴ്‌ത്തിക്കൊണ്ട് സാം കറനാണ് പൊളിച്ചത്.

31 പന്തില്‍ 46 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറെ ശിഖര്‍ ധവാന്‍ പിടികൂടുകയായിരുന്നു. 94 റണ്‍സാണ് വാര്‍ണര്‍-ഷാ സഖ്യം ഒന്നാം വിക്കറ്റില്‍ നേടിയത്. തുടര്‍ന്നെത്തിയ റിലീ റൂസ്സോ ആദ്യ പന്തില്‍ തന്നെ ബൗണ്ടറിയടിച്ച് നയം വ്യക്തമാക്കി. ഈ ഓവറില്‍ തന്നെ ഡല്‍ഹി നൂറ് റണ്‍സും പിന്നിട്ടിരുന്നു.

രാഹുല്‍ ചഹാര്‍ എറിഞ്ഞ 12-ാം ഓവറില്‍ അഞ്ച് റണ്‍സ് മാത്രമാണ് ഡല്‍ഹി താരങ്ങള്‍ക്ക് നേടാന്‍ കഴിഞ്ഞത്. എന്നാല്‍ തൊട്ടടുത്ത ഓവര്‍ എറിയാനെത്തിയ കാഗിസോ റബാഡയ്‌ക്കെതിരെ രണ്ട് സിക്‌സും ഒരു ഫോറും സഹിതം 17 റണ്‍സ് നേടിയ റിലീ റൂസ്സോ ഇതിന്‍റെ ക്ഷീണം തീര്‍ത്തു. തുടര്‍ന്ന് അര്‍ധ സെഞ്ചുറി തികച്ച പൃഥ്വി ഷാ 15-ാം ഓവറിന്‍റെ അവസാന പന്തില്‍ പുറത്താവുമ്പോള്‍ 148 റണ്‍സായിരുന്നു ഡല്‍ഹി ടോട്ടലില്‍ ഉണ്ടായിരുന്നത്.

38 പന്തില്‍ 54 റണ്‍സെടുത്ത ഷായെ സാം കറനാണ് മടക്കിയത്. ഫിലിപ്‌ സാള്‍ട്ടാണ് നാലാം നമ്പറിലെത്തിയത്. പിന്നാലെ 25 പന്തുകളില്‍ നിന്ന് റൂസ്സോ അര്‍ധ സെഞ്ചുറിയിലെത്തി. അവസാന ഓവറുകളില്‍ പഞ്ചാബ് ബോളര്‍മാര്‍ അടിവാങ്ങിക്കൂട്ടിയതോടെയാണ് ഡല്‍ഹി മികച്ച നിലയില്‍ എത്തിയത്.

ALSO READ: "ആ 'പ്രണയം' ഇപ്പോള്‍ വിവാഹത്തിലെത്തി"; ശുഭ്‌മാന്‍ ഗില്ലും അഹമ്മദാബാദും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിരേന്ദർ സെവാഗ്

19-ാം ഓവറില്‍ നഥാന്‍ എല്ലിസ് 18 റണ്‍സ് വഴങ്ങിയപ്പോള്‍ ഹർപ്രീത് ബ്രാർ എറിഞ്ഞ അവസാന ഓവറില്‍ 23 റണ്‍സാണ് റൂസ്സോയും സാള്‍ട്ടും ചേര്‍ന്ന് നേടിയത്. റൂസ്സോയ്‌ക്ക് ഒപ്പം ഫിലിപ് സാള്‍ട്ടും (14 പന്തില്‍ 26) പുറത്താവാതെ നിന്നു.

ABOUT THE AUTHOR

...view details