ബെംഗളൂരു:ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ ത്രില്ലര്‍ ജയമാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് സ്വന്തമാക്കിയത്. ചിന്നസ്വാമിയില്‍ ആദ്യം ബാറ്റ് ചെയ്‌ത ആര്‍സിബി ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യം അവസാന പന്തില്‍ ഒരു വിക്കറ്റ് ശേഷിക്കെയായിരുന്നു ലഖ്‌നൗ മറികടന്നത്. നിക്കോളാസ് പുരാന്‍റെയും മാര്‍ക്കസ് സ്റ്റോയിനിസിന്‍റെയും തട്ടുപൊളിപ്പന്‍ ബാറ്റിങ്ങാണ് സൂപ്പര്‍ ജയന്‍റ്‌സിന് തകര്‍പ്പന്‍ ജയമൊരുക്കിയത്.
ആര്‍സിബിക്കെതിരായ ഇടിമിന്നല്‍ ബാറ്റിങ്ങിലൂടെ സീസണിലെ അതിവേഗ അര്‍ധസെഞ്ച്വറിയും പുരാന്‍ സ്വന്തം പേരിലാക്കി. നേരിട്ട പതിനഞ്ചാം പന്തിലാണ് പുരാന്‍ അര്‍ധശതകത്തിലെത്തിയത്. ആറ് സിക്‌സിന്‍റെയും നാല് ഫോറിന്‍റെയും അകമ്പടിയോടെയായിരുന്നു ലഖ്‌നൗ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വ്യക്തിഗത സ്കോര്‍ 50 കടത്തിയത്.
ആര്‍സിബിക്കെതിരെ നിക്കോളസ് പുരാന്‍ നേടിയ അര്‍ധ ശതകം ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അഞ്ചാമത്തെ ഹാള്‍ഫ് സെഞ്ച്വറിയാണ്. പുരാന് മുന്‍പ് യൂസഫ് പത്താന്‍ (2014), സുനില്‍ നരെയ്‌ന്‍ എന്നിവരും 15 പന്ത് നേരിട്ട് അര്‍ധസെഞ്ച്വറി നേടിയിട്ടുണ്ട്.
ലഖ്‌നൗ നായകന്‍ കെഎല്‍ രാഹുലും കൊല്‍ക്കത്തയുടെ സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സുമാണ് ഈ പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍. കെഎല്‍ രാഹുല്‍ പഞ്ചാബിനായി കളത്തിലിറങ്ങിയ 2018ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 14 പന്തില്‍ 50 റണ്‍സ് നേടിയിട്ടുണ്ട്. പാറ്റ് കമ്മിന്‍സ് കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിനെതിരെയാണ് 14 പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
213 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ലഖ്‌നൗവിന് പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല ആര്‍സിബിക്കെതിരെ ലഭിച്ചത്. ആദ്യ ഓവറിന്‍റെ മൂന്നാം പന്തില്‍ റണ്‍സൊന്നുമെടുക്കാതെ വെടിക്കെട്ട് ഓപ്പണ്‍ കയില്‍ മയേഴ്‌സിനെ അവര്‍ക്ക് നഷ്‌ടമായി. പിന്നാലെ ദീപക് ഹൂഡ (9) കൃണാല്‍ പാണ്ഡ്യ (0) എന്നിവരും വേഗത്തില്‍ തന്നെ പവലിയനിലേക്ക് തിരികെ കയറിയിരുന്നു.
നാലാം വിക്കറ്റില്‍ നായകന്‍ രാഹുലിനൊപ്പം ഒരുമിച്ച മാര്‍ക്കസ് സ്റ്റോയിനിസാണ് പിന്നീട് ലഖ്‌നൗ സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്. അതിവേഗം സന്ദര്‍ശകരുടെ സ്‌കോര്‍ ഉയര്‍ത്തിയ സ്റ്റോയിനിസ് 30 പന്തില്‍ 65 റണ്‍സ് നേടിയാണ് പുറത്തായത്.