മുംബൈ:ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് നായകന്‍ സൂര്യകുമാര്‍ യാദവ് ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. സ്ഥിരം നായകന്‍ രോഹിത് ശര്‍മയുടെ അഭാവത്തിലാണ് സൂര്യ മുംബൈയെ നയിക്കുന്നത്.
വയറുവേദനയെത്തുടര്‍ന്നാണ് രോഹിത്തിന് കൊല്‍ക്കത്തയ്‌ക്ക് എതിരെ കളിക്കാന്‍ കഴിയാത്തതെന്ന് സൂര്യ അറിയിച്ചു. മുംബൈക്കായി അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ഐപിഎല്‍ അരങ്ങേറ്റം നടത്തും. ആദ്യം ബാറ്റ് ചെയ്യുന്നതിനാല്‍ ഏകദേശം 180 റൺസ് സ്കോർ ചെയ്യാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് കൊല്‍ക്കത്ത നായകന്‍ നിതീഷ് റാണ അറിയിച്ചു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മാറ്റമില്ലാതെയാണ് സംഘം ഇറങ്ങുന്നത്.
മുംബൈ ഇന്ത്യൻസ് (പ്ലേയിങ് ഇലവൻ): ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), കാമറൂൺ ഗ്രീൻ, തിലക് വർമ്മ, സൂര്യകുമാർ യാദവ് (ക്യാപ്റ്റന്‍), ടിം ഡേവിഡ്, നെഹാൽ വധേര, അർജുൻ ടെണ്ടുൽക്കർ, ഹൃത്വിക് ഷോക്കീൻ, പിയൂഷ് ചൗള, ഡുവാൻ ജാൻസെൻ, റിലേ മെറിഡിത്ത്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (പ്ലേയിങ് ഇലവൻ): റഹ്മാനുള്ള ഗുർബാസ് (വിക്കറ്റ് കീപ്പര്‍), വെങ്കടേഷ് അയ്യർ, എൻ ജഗദീശൻ, നിതീഷ് റാണ (ക്യാപ്റ്റന്‍), റിങ്കു സിങ്, ആന്ദ്രെ റസൽ, സുനിൽ നരെയ്ൻ, ശാർദുൽ താക്കൂർ, ഉമേഷ് യാദവ്, ലോക്കി ഫെർഗൂസൺ, വരുൺ ചക്രവര്‍ത്തി.
ഐപിഎല്ലിന്‍റെ 16ാം സീസണില്‍ മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ നാലാം മത്സരത്തിനാണിറങ്ങുന്നത്. ടൂര്‍ണമെന്‍റിന്‍റെ ചരിത്രത്തില്‍ ഏറ്റവും കിരീടങ്ങളുള്ള ടീമാണെങ്കിലും സീസണില്‍ ആഗ്രഹിച്ച തുടക്കമായിരുന്നില്ല സംഘത്തിന് ലഭിച്ചത്. കളിച്ച ആദ്യ രണ്ട് മത്സരങ്ങളിലും സംഘം തോല്‍വി വഴങ്ങി. ആദ്യ കളിയില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടും രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടുമായിരുന്നു മുംബൈ കീഴടങ്ങിയത്.