മുംബൈ: ഐപിഎല്ലില്‍ വെങ്കടേഷ് അയ്യരുടെ സെഞ്ചുറി മികവില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഭേദപ്പെട്ട സ്‌കോര്‍ ഉയര്‍ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 185 റണ്‍സാണ് നേടിയത്. 51 പന്തില്‍ 104 റണ്‍സാണ് വെങ്കടേഷ് അയ്യര്‍ അടിച്ച് കൂട്ടിയത്.
ആറ് ഫോറുകളും ഒമ്പത് സിക്‌സറുകളും അടങ്ങുന്നതാണ് വെങ്കടേഷിന്‍റെ ഇന്നിങ്‌സ്. ഒരറ്റത്ത് വിക്കറ്റുകള്‍ നിലം പൊത്തുമ്പോള്‍ പ്രതിരോധത്തിലൂന്നാതെയാണ് താരത്തിന്‍റെ ഇന്നിങ്‌സ് എന്നത് ശ്രദ്ധേയമാണ്. അവസാന ഓവറില്‍ മികച്ച പ്രകനടനം നടത്തിയ ആന്ദ്രേ റസ്സലിന്‍റെ (11 പന്തില്‍ 21*) പ്രകടനവും നിര്‍ണായകമായി.
ഓപ്പണര്‍മാരായെത്തിയ റഹ്മാനുള്ള ഗുർബാസ്, എൻ ജഗദീശൻ എന്നിവര്‍ക്ക് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ എറിഞ്ഞ ആദ്യ ഓവറില്‍ അഞ്ച് റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. എന്നാല്‍ രണ്ടാം ഓവറില്‍ ജഗദീശനെ (5 പന്തില്‍ 0) സംഘത്തിന് നഷ്‌ടമായി. കാമറൂണ്‍ ഗ്രീനിന്‍റെ പന്തില്‍ ഹൃത്വിക് ഷോക്കീൻ ഒരു തകര്‍പ്പന്‍ ക്യാച്ചില്‍ കയ്യില്‍ ഒതുക്കുകയായിരുന്നു.
തുടര്‍ന്നെത്തിയ വെങ്കടേഷ് തുടക്കം മുതല്‍ക്ക് അടിതുടങ്ങിയപ്പോള്‍ റഹ്മാനുള്ള ഗുർബാസ് താളം കണ്ടെത്താന്‍ പ്രയാസപ്പെട്ടു. ഇരുവരും ചേര്‍ന്ന് അഞ്ച് ഓവറില്‍ കൊല്‍ക്കത്തയെ 50 കടത്തി. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ ഗുർബാസിനെ (12 പന്തില്‍ 8 ) മടക്കിയ പിയൂഷ് ചൗള മുംബൈക്ക് ബ്രേക്ക് ത്രൂ നല്‍കി.
ഇതോടെ രണ്ടിന് 57 റണ്‍സ് എന്ന നിലയിലാണ് സംഘം പവര്‍പ്ലേ അവസാനിപ്പിച്ചത്. തുടര്‍ന്നെത്തിയ നിതീഷ് റാണയും പ്രയാസപ്പെട്ടപ്പോള്‍ വെങ്കടേഷാണ് സ്‌കോര്‍ ഉയര്‍ത്തിയത്. ഒടുവില്‍ ഒമ്പതാം ഓവറില്‍ 23 പന്തുകളില്‍ നിന്നും നിന്നും വെങ്കടേഷ് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. എന്നാല്‍ ഈ ഓവറിന്‍റെ തുടക്കത്തില്‍ റാണയെ (10 പന്തില്‍ 5) സംഘത്തിന് നഷ്‌ടമായിരുന്നു.
തുടര്‍ന്നെത്തിയ ശാര്‍ദുല്‍ താക്കൂറിനും (11 പന്തില്‍ 13) തിളങ്ങാന്‍ കഴിഞ്ഞില്ല. ഹൃത്വിക് ഷോക്കീനാണ് ഇരുവരേയും പുറത്താക്കിയത്. ഇതോടെ കൊല്‍ക്കത്ത 12.5 ഓവറില്‍ 123-4 എന്ന നിലയിലായി. എന്നാല്‍ ഒരറ്റത്ത് അടി തുടര്‍ന്ന വെങ്കടേഷ് 49 പന്തുകളില്‍ നിന്നും തന്‍റെ കന്നി ഐപിഎല്‍ സെഞ്ചുറി നേടി.
ഇതോടെ 17 ഓവറില്‍ കൊല്‍ക്കത്ത 150 റണ്‍സ് പിന്നിടാന്‍ ടീമിന് കഴിഞ്ഞു. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ വെങ്കിടേഷ് വീണു. റിലേ മെറിഡിത്തിനായിരുന്നു വിക്കറ്റ്. റിങ്കു സിങ്ങാണ് (18 പന്തില്‍ 18) പുറത്തായ മറ്റൊരുതാരം. സുനില്‍ നരെയ്‌നും (2 പന്തില്‍ 2*) പുറത്താവാതെ നിന്നു. മുംബൈക്കായി ഹൃത്വിക് ഷോക്കീൻ രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തിയപ്പോള്‍ ഡുവാൻ ജാൻസെൻ, റിലേ മെറിഡിത്ത്, പിയൂഷ് ചൗള, കാമറൂൺ ഗ്രീൻ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം സ്വന്തമാക്കി.
മുംബൈ ഇന്ത്യൻസ് (പ്ലേയിങ് ഇലവൻ): ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), കാമറൂൺ ഗ്രീൻ, തിലക് വർമ്മ, സൂര്യകുമാർ യാദവ് (ക്യാപ്റ്റന്‍), ടിം ഡേവിഡ്, നെഹാൽ വധേര, അർജുൻ ടെണ്ടുൽക്കർ, ഹൃത്വിക് ഷോക്കീൻ, പിയൂഷ് ചൗള, ഡുവാൻ ജാൻസെൻ, റിലേ മെറിഡിത്ത്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (പ്ലേയിങ് ഇലവൻ): റഹ്മാനുള്ള ഗുർബാസ് (വിക്കറ്റ് കീപ്പര്‍), വെങ്കടേഷ് അയ്യർ, എൻ ജഗദീശൻ, നിതീഷ് റാണ (ക്യാപ്റ്റന്‍), റിങ്കു സിങ്, ആന്ദ്രെ റസൽ, സുനിൽ നരെയ്ൻ, ശാർദുൽ താക്കൂർ, ഉമേഷ് യാദവ്, ലോക്കി ഫെർഗൂസൺ, വരുൺ ചക്രവര്‍ത്തി.