മുംബൈ :ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. മുംബൈ ഉയര്‍ത്തിയ 158 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ 18.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്. അജിങ്ക്യ രഹാനെയുടെ വെടിക്കെട്ട് അര്‍ധ സെഞ്ചുറിയാണ് ചെന്നൈക്ക് അനായാസ വിജയം ഒരുക്കിയത്.
27 പന്തില്‍ 61 റണ്‍സാണ് താരം അടിച്ച് കൂട്ടിയത്. പുറത്താവാതെ 36 പന്തില്‍ 40 റണ്‍സെടുത്ത റിതുരാജ് ഗെയ്ക്വാദും നിര്‍ണായകമായി. താരതമ്യേന ചെറിയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈക്ക് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയെ നഷ്ടമായി. നാല് പന്തുകള്‍ നേരിട്ടെങ്കിലും അക്കൗണ്ട് തുറക്കാന്‍ കഴിയാതിരുന്ന കോണ്‍വേയെ ബെഹന്‍ഡോര്‍ഫ് ബൗള്‍ഡാക്കുകയായിരുന്നു.
തുടര്‍ന്ന് റിതുരാജിനൊപ്പം ക്രീസിലൊന്നിച്ച രഹാനെ കത്തിക്കയറി. പവര്‍ പ്ലേ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 68 റണ്‍സായിരുന്നു ചെന്നൈയുടെ അക്കൗണ്ടിലുണ്ടായിരുന്നത്. ഇതിനകം തന്നെ 19 പന്തുകളില്‍ നിന്നും രഹാനെ അര്‍ധ സെഞ്ചുറി തികച്ചിരുന്നു. മുംബൈക്കെതിരെയുള്ള ഏറ്റവും വേഗതയേറിയ മൂന്നാമത്തെ അര്‍ധ സെഞ്ചുറിയാണിത്.
രഹാനെ അടിച്ച് തകര്‍ക്കുമ്പോള്‍ റിതുരാജ് ശ്രദ്ധയോടെയാണ് ബാറ്റ് വീശിയത്. എന്നാല്‍ എട്ടാം ഓവറിന്റെ അവസാന പന്തില്‍ രഹാനെയെ സൂര്യകുമാറിന്റെ കയ്യിലെത്തിച്ച് പിയുഷ് ചൗള മുംബൈക്ക് ആശ്വാസം നല്കി. ഏഴ് ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതായിരുന്നു രഹാനെയുടെ ഇന്നിങ്സ്. തുടര്‍ന്ന് ക്രീസിലൊന്നിച്ച ശിവം ദുബെയും റിതുരാജും ചേര്‍ന്ന് ചെന്നൈയെ മുന്നോട്ട് നയിച്ചു.
15ാം ഓവറിന്റെ രണ്ടാം പന്തില്‍ ദുബെയെ (26 പന്തില്‍ 28) ബൗള്‍ഡാക്കിയ കുമാര്‍ കാര്‍ത്തികേയ ഈ കൂട്ടുകെട്ട് തകര്‍ത്തു. എന്നാല്‍ തുടര്‍ന്ന് ഇംപാക്ട് പ്ലെയറായെത്തിയ അമ്പാട്ടി റായിഡുവിനൊപ്പം (16 പന്തില്‍ 20) ചേര്‍ന്ന് റിതുരാജ് ചെന്നൈയെ ലക്ഷ്യത്തില്‍ എത്തിക്കുകയായിരുന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 157 റണ്‍സെടുത്തത്. 21 പന്തില്‍ 32 റണ്‍സ് നേടിയ ഇഷാന് കിഷനാണ് മുംബൈയുടെ ടോപ് സ്കോററായത്. ടിം ഡേവിഡ് (22 പന്തില്‍ 31), തിലക് വര്‍മ (18 പന്തില്‍ 22), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (13 പന്തില്‍ 21) എന്നിവരാണ് പ്രധാന സംഭാവന നല്കിയ മറ്റ് താരങ്ങള്‍. വാലറ്റത്ത് പുറത്താവാതെ 13 പന്തില്‍ 18 റണ്‍സ് നേടിയ ഹൃത്വിക് ഷോക്കീന്റെ പ്രകടനമാണ് മുംബൈയെ 150 കടത്തിയത്.