കേരളം

kerala

ETV Bharat / sports

IPL 2023 |'ചെന്നൈ ഒരുപാട് സ്നേഹം നല്‍കി': 'തല' കളം വിടുന്നോ?, ഹൈദരാബാദിനെതിരായ ജയത്തിന് പിന്നാലെ വിരമിക്കല്‍ സൂചന നല്‍കി എംഎസ് ധോണി - ചെന്നൈ സൂപ്പര്‍ കിങ്‌സ്

ചെപ്പോക്കില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിന് ശേഷം നടന്ന മാച്ച് പ്രസന്‍റേഷനില്‍ ഹര്‍ഷാ ഭേഗ്ലയോട് സംസാരിക്കവെയാണ് എംഎസ് ധോണിയുടെ പ്രതികരണം.

IPL 2023  MS DHONI  MS DHONI RETIREMENT  CSKvSRH  എംഎസ് ധോണി  ഐപിഎല്‍  ധോണി വിരമിക്കല്‍  ചെന്നൈ സൂപ്പര്‍ കിങ്‌സ്  സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
MS Dhoni

By

Published : Apr 22, 2023, 8:15 AM IST

ചെന്നൈ:ഐപിഎല്ലില്‍ സ്വപ്‌നതുല്യമായ കുതിപ്പാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് തുടരുന്നത്. തോല്‍വിയോടെ സീസണ്‍ തുടങ്ങിയ അവര്‍ പിന്നീടുള്ള അഞ്ച് മത്സരങ്ങളില്‍ നാലിലും ജയം പിടിച്ചു. രവീന്ദ്ര ജഡേജയും ഡെവോണ്‍ കോണ്‍വെയും തിളങ്ങിയ അവസാന മത്സരത്തില്‍ ചെപ്പോക്കില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയാണ് ധോണിപ്പട വീഴ്‌ത്തിയത്.

ഈ ജയത്തോടെ അവര്‍ക്ക് എട്ട് പോയിന്‍റായി. നിലവില്‍ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഹൈദരാബാദിനെതിരായ മത്സരത്തിന് പിന്നാലെ കമന്‍റേറ്റര്‍ ഹര്‍ഷ ഭോഗ്ലയുമായി ചെന്നൈ നായകന്‍ രസകരമായ ആശയവിനിമയം നടത്തിയിരുന്നു.

പലതരത്തിലുള്ള വിഷയങ്ങളാണ് ഇരുവരും സംസാരിച്ചത്. എന്നാല്‍, അതില്‍ ക്രിക്കറ്റ് ആരാധകര്‍ ഞെട്ടലോടെ കേട്ട ഒരു കാര്യമായിരുന്നു എംഎസ് ധോണി തന്‍റെ ഐപിഎല്‍ കരിയറിനെ കുറിച്ച് പറഞ്ഞത്. ധോണിയുടെ വിരമിക്കലിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ സജീവമായി തുടരുന്നതിനിടെയായിരുന്നു ഇതില്‍ പ്രതികരണവുമായി ചെന്നൈ നായകന്‍ തന്നെ രംഗത്തെത്തിയത്.

'ഇത് എന്‍റെ കരിയറിന്‍റെ അവസാനഘട്ടമാണ്. അത് എത്രത്തോളം ആസ്വാദ്യകരമാക്കാന്‍ കഴിയുമൊ അതാണ് പ്രധാനം. ചെന്നൈ ഞങ്ങള്‍ക്ക് ഒരുപാട് സ്‌നേഹവും പിന്തുണയും നല്‍കി' -ധോണി പറഞ്ഞു.

നേരത്തെ ധോണി ഈ ഐപിഎല്‍ സീസണോടെ വിരമിക്കല്‍ പ്രഖ്യാപനം നടത്തുമെന്ന് ചെന്നൈ സൂപ്പര്‍ കിങ്സ് മുന്‍ താരം കേദാര്‍ ജാദവ് പറഞ്ഞിരുന്നു. എന്നാല്‍ വരുന്ന സീസണിലും ധോണി ടീമിനൊപ്പം കളിക്കുമെന്നാണ് സിഎസ്‌കെ താരം മൊയീന്‍ അലി അഭിപ്രായപ്പെട്ടത്. ഇതിന് പിന്നാലെയാണ് വിരമിക്കല്‍ സൂചന നല്‍കി 'തല'ധോണി തന്നെ രംഗത്തെത്തിയിരിക്കുന്നത്.

More Read :IPL 2023 | 'അദ്ദേഹത്തിന്‍റെ സ്വകാര്യതയെ മാനിക്കണം'; ധോണിയുടെ വിരമിക്കലിനെ കുറിച്ച് ചോദിക്കുന്നവര്‍ക്കെതിരെ സിഎസ്കെ മുന്‍ താരം

ധോണി നല്‍കിയിരിക്കുന്ന ഈ സൂചന വരും ദിവസങ്ങളില്‍ ക്രിക്കറ്റ് ലോകത്ത് വന്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കാനാണ് സാധ്യത. 2020ല്‍ ഇതായിരിക്കുമൊ അവസാന ഐപിഎല്‍ സീസണ്‍ എന്ന ചോദ്യത്തിന് 'തീര്‍ച്ചയായും അല്ല' എന്ന മറുപടിയായിരുന്നു ധോണി നല്‍കിയത്. എന്നാല്‍ ഇപ്പോഴത്തെ വാക്കുകള്‍ ആരാധകരെയും ഞെട്ടിപ്പിക്കുന്നതാണ്.

അതേസമയം, സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ എട്ട് പന്ത് ശേഷിക്കെ ഏഴ് വിക്കറ്റിന്‍റെ ജയമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഹൈദരാബാദിന് ചെപ്പോക്കില്‍ 134 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ രവീന്ദ്ര ജഡേജയ്‌ക്ക് മുന്നിലാണ് ഹൈദരാബാദ് തകര്‍ന്നടിഞ്ഞത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ അനായാസം വിജയലക്ഷ്യത്തിലേക്ക് എത്തുകയായിരുന്നു. ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയുടെ ഇന്നിങ്‌സാണ് ആതിഥേയര്‍ക്ക് ഈസി വിജയം സമ്മാനിച്ചത്. മത്സരത്തില്‍ 57 പന്ത് നേരിട്ട കോണ്‍വെ പുറത്താകാതെ 70 റണ്‍സ് നേടിയിരുന്നു. ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ നാളെയാണ് ചെന്നൈയുടെ അടുത്ത മത്സരം.

Also Read :IPL 2023 | 'ആ വാക്കുകള്‍ വലിയ പ്രചോദനമായി' ; കരിയറിനെ മാറ്റിയെടുത്ത എംഎസ് ധോണിയുടെ ഉപദേശം തുറന്നുപറഞ്ഞ് ശിവം ദുബെ

ABOUT THE AUTHOR

...view details