മുംബൈ: സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ ഹാരി ബ്രൂക്കിന് പിന്നാലെ ഐപിഎല്ലിന്‍റെ 16ാം സീസണിലെ രണ്ടാം സെഞ്ചുറിയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബാറ്റര്‍ വെങ്കടേഷ് അയ്യര്‍ നേടിയത്. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ 51 പന്തില്‍ 104 റണ്‍സാണ് വെങ്കടേഷ് അടിച്ചുകൂട്ടിയത്. ആറ് ഫോറുകളും ഒമ്പത് സിക്‌സുകളുമടങ്ങുന്നതാണ് താരത്തിന്‍റെ ഇന്നിങ്‌സ്.
2008-ൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ബ്രണ്ടൻ മക്കല്ലം നേടിയതിന് ശേഷം ഒരു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരത്തിന്‍റെ ആദ്യ സെഞ്ചുറി കൂടിയാണിത്. ഈ പ്രകനത്തിന് പിന്നാലെ വെങ്കടേഷ് അയ്യരെ പുകഴ്‌ത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് മുന്‍ നായകന്‍ കെവിന്‍ പീറ്റേഴ്‌സണ്‍.
മൈതാനത്തിന്‍റെ നാലുപാടും പന്തടിക്കാന്‍ ഭയമില്ലാത്ത വെങ്കടേഷ് 360 ഡിഗ്രി താരമാണെന്നാണ് പീറ്റേഴ്‌സണ്‍ പറയുന്നത്. "നേരത്തെ ഹാരി ബ്രൂക്ക് എന്താണ് ചെയ്‌തതെന്ന് നമ്മളെല്ലാവരും കണ്ടതാണ്. ഇന്ന് വാങ്കഡെയില്‍ വെങ്കടേഷിന്‍റെ പ്രകടനം ഏറെ മികച്ചതായിരുന്നു". - പീറ്റേഴ്‌സണ്‍ ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോട് പറഞ്ഞു.
ബാക്ക് - ഫൂട്ടില്‍ വെങ്കടേഷ് കളിക്കുന്ന സ്ട്രോക്ക് - പ്ലേയിൽ പീറ്റേഴ്‌സൺ മതിപ്പ് പ്രകടിപ്പിച്ചു. "അവൻ നല്ല ഉയരമുള്ള ആളാണ്. ബൗൺസറുകള്‍ നേരിടുമ്പോള്‍ തന്‍റെ ഉയരം അവനെ മുന്നില്‍ നിര്‍ത്തും. അവൻ ബാക്ക് - ഫൂട്ടിൽ നിന്ന് കളിച്ച രീതി എന്നെ വളരെയധികം ആകർഷിച്ചു. സ്‌പിന്നര്‍മാര്‍ക്കെതിരെയും മികച്ച പ്രകടനമാണ് വെങ്കടേഷ് നടത്തിയത്. അവന്‍ 360 ഡിഗ്രി കളിക്കാരനാണ്. ഗ്രൗണ്ടിന് ചുറ്റും കളിക്കാൻ അയാൾക്ക് ഭയമില്ല" - പീറ്റേഴ്‌സൺ കൂട്ടിച്ചേർത്തു.