ബെംഗളൂരു:ഐപിഎല്ലില്‍ ഇന്ന് വിരാട് കോലിയും എംഎസ് ധോണിയും നേര്‍ക്കുനേര്‍ വരുന്ന വമ്പന്‍ പോരാട്ടം. രാത്രി ഏഴരയ്‌ക്ക് ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം ആരംഭിക്കുന്നത്. നാല് കളിയില്‍ രണ്ട് വീതം ജയങ്ങളും തോല്‍വിയുമുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ് പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്തും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എട്ടാം സ്ഥാനത്തുമാണ് നിലവില്‍.
ജയത്തോടെ തുടങ്ങിയ ആര്‍സിബി പിന്നീടുള്ള രണ്ട് മത്സരങ്ങളില്‍ തോറ്റു. നാലാം മത്സരത്തില്‍ ഡല്‍ഹിയെ വീഴ്‌ത്തിയാണ് അവര്‍ വിജയവഴിയില്‍ തിരിച്ചെത്തിയത്. മറുവശത്ത് ചെന്നൈ തോറ്റുകൊണ്ടായിരുന്നു സീസണ്‍ തുടങ്ങിയത്.
പിന്നീട് തുടര്‍ച്ചായ രണ്ട് മത്സരങ്ങളിലും തലയും സംഘവും ജയം നേടി. അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് മൂന്ന് റണ്‍സിന്‍റെ തോല്‍വി വഴങ്ങിയാണ് സിഎസ്‌കെ ചിന്നസ്വാമിയില്‍ എത്തിയിരിക്കുന്നത്.
ചെന്നൈ പരീക്ഷ ജയിക്കാന്‍ ആര്‍സിബി:മിന്നും ഫോമില്‍ ബാറ്റ് വീശുന്ന വിരാട് കോലി, ക്യാപ്‌റ്റന്‍ ഫാഫ് ഡുപ്ലെസിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍ ത്രയത്തിലാണ് ടീമിന്‍റെ ബാറ്റിങ് പ്രതീക്ഷ. ദിനേശ് കാര്‍ത്തിക് ഉള്‍പ്പടെയുള്ള മറ്റ് താരങ്ങള്‍ക്ക് ഇതുവരെയും മികവിലേക്ക് ഉയരാനായിട്ടില്ല. കോലി-മാക്‌സ്‌വെല്‍-ഡുപ്ലെസിസ് സഖ്യം അതിവേഗം മടങ്ങിയാല്‍ ആര്‍സിബി ഒരുപക്ഷെ വെള്ളം കുടിക്കേണ്ടിവരും.
ദിനേശ് കാര്‍ത്തിക്കിനൊപ്പം മഹിപാല്‍ ലോംറോര്‍, ഷഹ്‌ബാസ് അഹമ്മദ് എന്നിവരും റണ്‍സ് കണ്ടെത്തിയാല്‍ മാത്രമെ ടീമിന് രക്ഷയുണ്ടാകൂ. ബൗളിങ് നിരയുടെ സ്ഥിരതയില്ലായ്‌മ ടീം നേരിടുന്ന മറ്റൊരു പ്രശ്‌നമാണ്. ലഖ്‌നൗവിനെതിരെ 213 റണ്‍സ് പ്രതിരോധിക്കാന്‍ സാധിക്കാതിരുന്ന ആര്‍സിബി ബോളര്‍മാര്‍ അവസാന മത്സരത്തില്‍ 175 റണ്‍സ് പിന്തുടര്‍ന്ന ഡല്‍ഹിയെ എറിഞ്ഞിട്ടാണ് ജയം സ്വന്തമാക്കിയത്.