ചെന്നൈ :ഐപിഎല്‍ പതിനാറാം പതിപ്പില്‍ ജയം തുടരാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇന്നിറങ്ങും. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ധോണിക്കും സംഘത്തിനും എതിരാളികള്‍. ചെന്നൈയുടെ തട്ടകമായ ചെപ്പോക്കില്‍ രാത്രി ഏഴരയ്‌ക്കാണ് മത്സരം.
ഇന്ന് വമ്പന്‍ ജയം സ്വന്തമാക്കാനായാല്‍ പോയിന്‍റ് പട്ടികയില്‍ മുന്നിലേക്കെത്താന്‍ ചെന്നൈക്ക് സാധിക്കും. നിലവില്‍ ആറ് പോയിന്‍റുമായി മൂന്നാം സ്ഥാനക്കാരാണ് ചെന്നൈ. 9-ാം സ്ഥാനത്തുള്ള ഹൈദരാബാദും ആതിഥേയരെ വീഴ്‌ത്തി മുന്നേറാനുള്ള ശ്രമത്തിലാണ്.
ആശങ്ക പരിക്ക്, തല്ലുകൊള്ളിയായ ബോളര്‍മാര്‍ :അവസാന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സിനെ വീഴ്‌ത്തിയതിന്‍റെ ആവേശത്തിലാണെങ്കിലും ബോളര്‍മാരുടെ പ്രകടനമാണ് ടീമിന് ആശങ്ക. ആര്‍സിബിക്കെതിരെ 226 റണ്‍സ് നേടിയിട്ടും എട്ട് റണ്‍സിന് മാത്രമായിരുന്നു ടീമിന് ജയിക്കാനായത്. ചെപ്പോക്കിലെങ്കിലും ഈ പ്രകടനത്തിന് മാറ്റമുണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
താരങ്ങളുടെ പരിക്കാണ് ടീം നേരിടുന്ന മറ്റൊരു പ്രശ്‌നം. പേസര്‍മാര്‍ തല്ലുവാങ്ങി കൂട്ടുന്ന സാഹചര്യത്തില്‍ ദീപക് ചാഹറിന്‍റെ അഭാവവും ടീമിന് തിരിച്ചടിയാണ്. ഇന്നത്തെ മത്സരവും താരത്തിന് നഷ്‌ടമാകാനാണ് സാധ്യത.
നായകന്‍ എംഎസ് ധോണിയുടെ കാര്യവും ആശങ്കയുണ്ടാക്കുന്നതാണ്. കാല്‍മുട്ടിന് പരിക്കുള്ള തല ഇന്ന് കളിക്കുമോ ഇല്ലയോ എന്ന് കണ്ട് തന്നെ അറിയണം. അതേസമയം, കഴിഞ്ഞ മത്സരങ്ങളില്‍ പരിക്ക് മൂലം കളിക്കാതിരുന്ന ബെന്‍ സ്റ്റോക്‌സ് പൂര്‍ണ ഫിറ്റായി തിരികെയെത്തിയെന്നുള്ള വാര്‍ത്തകള്‍ ആരാധകര്‍ക്ക് ആശ്വാസം പകരുന്നതാണ്.
Also Read:IPL 2023 | ഗാലറിയില്‍ 'ധോണി' മുഴക്കം ; ആരാധക വരവേല്‍പ്പില്‍ പുഞ്ചിരിച്ച് അനുഷ്‌ക ശര്‍മ
സ്ഥിരത പുലര്‍ത്താതെ സണ്‍റൈസേഴ്‌സ് :പ്രകടനങ്ങളില്‍ സ്ഥിരത പുലര്‍ത്താന്‍ വിഷമിക്കുന്നതാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തിരിച്ചടി. ആദ്യ മത്സരങ്ങളില്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിച്ച ഹാരി ബ്രൂക്ക് കൊല്‍ക്കത്തയ്‌ക്കെതിരെ സെഞ്ച്വറിയടിച്ചെങ്കിലും അടുത്ത മത്സരത്തില്‍ മുംബൈയോട് നിരാശപ്പെടുത്തി. ഇന്ത്യന്‍ താരങ്ങളായ മായങ്ക് അഗര്‍വാള്‍, രാഹുല്‍ ത്രിപാഠി എന്നിവരും മികവിലേക്ക് ഉയര്‍ന്നിട്ടില്ല. ക്യാപ്റ്റന്‍ മാര്‍ക്രമും താളം കണ്ടെത്താന്‍ വിഷമിക്കുകയാണ്.
പേരുകേട്ട ബോളിങ് നിരയുണ്ടെങ്കിലും അവരും പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നിട്ടില്ല. ഉമ്രാന്‍ മാലിക്, ടി നടരാജന്‍ എന്നിവര്‍ അടി വാങ്ങി കൂട്ടുന്നതിന് കണക്കില്ല. ഇവരെല്ലാം തന്നെ മികവിലേക്ക് ഉയര്‍ന്നാല്‍ മാത്രമേ ചെപ്പോക്കില്‍ ചെന്നൈയെ വീഴ്‌ത്താന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് സാധിക്കൂ.
Also Read:IPL 2023 | 'അവസാന ഓവര്‍ വരെ മത്സരം നീട്ടേണ്ട എന്ന് പറഞ്ഞു, അവര്‍ അത് അനുസരിച്ചു' ; പഞ്ചാബിനെതിരായ വിജയത്തിന് പിന്നാലെ വിരാട് കോലി
ആധിപത്യം ചെന്നൈക്ക് : ഇരു ടീമുകളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ മത്സരങ്ങളില്‍ വ്യക്തമായ ആധിപത്യം ചെന്നൈ സൂപ്പര്‍ കിങ്‌സിനുണ്ട്. 18 തവണ തമ്മില്‍ പോരടിച്ചപ്പോള്‍ അതില്‍ 13 ജയം സ്വന്തമാക്കിയതും ചെന്നൈയാണ്. അഞ്ച് പ്രാവശ്യം മാത്രമായിരുന്നു ഹൈദരാബാദിന് സൂപ്പര്‍ കിങ്‌സിനെ വീഴ്‌ത്താനായത്.
പിച്ച് റിപ്പോര്‍ട്ട് :ബാറ്റര്‍മാരെ പിന്തുണയ്‌ക്കുന്ന പിച്ചാണ് ചെപ്പോക്കിലേത്. സ്പിന്നര്‍മാര്‍ക്കും ഇവിടം അനുകൂലമാണ്. ഈ സീസണില്‍ ഇവിടെ നടന്ന രണ്ട് മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്‌ത ടീമിനൊപ്പമായിരുന്നു ജയം.