ചെന്നൈ: ഐപിഎല്ലിലെ ആദ്യ വിജയം തേടി മുംബൈ ഇന്ത്യൻസും ജയം തുടരാനുറച്ച് കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സും ഇന്നിറങ്ങും. രാത്രി 7.30ന് ചെപ്പോക്കിലാണ് ആവേശപ്പോര് നടക്കുക. ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് തോറ്റാണ് രോഹിത് ശര്‍മ്മയും സംഘവും സീസണ്‍ തുടങ്ങിയത്. ഇതോടെ വിജയം മാത്രം മുന്നില്‍ കണ്ടാണ് രോഹിത്തും സംഘവും കളത്തിലിറങ്ങുക.
ദക്ഷിണാഫ്രിക്കൻ താരം ക്വിന്‍റണ്‍ ഡി കോക്ക് ഇന്ന് കളിക്കാനിറങ്ങുമെന്ന് ടീമിന്‍റെ ആത്മവിശ്വാസം കൂട്ടും. ക്വാറന്‍റൈന്‍ പൂര്‍ത്തിയാക്കിയ താരം കഴിഞ്ഞ ദിവസം പരിശീലനത്തിനിറങ്ങിയിരുന്നു. ഇതോടെ ആര്‍സിബിക്കെതിരായ മത്സരത്തിലെ ടോപ് സ്കോറര്‍ ക്രിസ് ലിന്നിന് ആദ്യ ഇലവനില്‍ സാധ്യത കുറയും.
ഇഷാൻ കിഷന്‍, സൂര്യകുമാർ യാദവ്, ഹർദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, കീറോൺ പൊള്ളാർഡ് എന്നിവരടങ്ങുന്ന ബാറ്റിങ് നിര മുംബൈയുടെ കരുത്താവും. ബുമ്രയും ബോൾട്ടും നയിക്കുന്ന ബൗളിങ് യൂണിറ്റും ആത്മവിശ്വാസമാണ്. ആദ്യ മത്സരത്തില്‍ ബൗള്‍ ചെയ്യാതിരുന്ന ഹർദിക് ഈ മത്സരത്തില്‍ ബൗള്‍ ചെയ്തേക്കും. എന്നാല്‍ ടീമിന്‍റെ ആറാം ബൗളിങ് ഓപ്ഷന്‍ പൊള്ളാർഡാണെന്ന് ടീമിന്‍റെ ഓപ്പറേഷൻസ് ഡയറക്ടർ സഹീർ ഖാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അതേസമയം സൺറൈസേഴ്‌സ് ഹൈദരാബാദിനെ പരാജയപ്പെടുത്തിയ ആവേശത്തിലാണ് ഇയാന്‍ മോര്‍ഗന്‍റെ കൊൽക്കത്ത. ആദ്യമത്സരത്തില്‍ തന്നെ മികച്ച പ്രകടനം പുറത്തെടുത്ത നിതീഷ് റാണയും രാഹുൽ ത്രിപാഠിയും ദിനേശ് കാർത്തികും ടീമിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്. എന്നാല്‍ ബൗളിങ് യൂണിറ്റില്‍ മുന്‍ സീസണില്‍ മുതല്‍ക്കൂട്ടായ സ്പിന്‍ നിര മികവ് പ്രകടിപ്പിക്കാത്തത് ടീമിന് തലവേദനയാവും. ടീമിന്‍റെ പുതിയ പര്‍ച്ചേഴ്സ് ഹര്‍ഭജന്‍ സിങ് കഴിഞ്ഞ മത്സരത്തില്‍ ഒരു ഓവര്‍ മാത്രമാണ് എറിഞ്ഞത്. ഇതോടെ കരുത്തരായ മുംബെെ ബാറ്റ്സ്മാന്മാര്‍ക്കെതിരെ പാറ്റ് കമ്മിൻസ് തന്നെയാവും ടീമിന്‍റെ തുറുപ്പ് ചീട്ട്.