ലഖ്‌നൗ:ഐപിഎല്ലില്‍ അവസാന ഓവര്‍ ത്രില്ലറില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെ വീഴ്‌ത്തി പഞ്ചാബ് കിങ്‌സ്. മൂന്ന് പന്തും രണ്ട് വിക്കറ്റും ശേഷിക്കെയാണ് പഞ്ചാബിന്‍റെ ജയം. സിക്കന്ദര്‍ റാസയുടെ അര്‍ധസെഞ്ച്വറിയും ഷാരൂഖ് ഖാന്‍റെ (10 പന്തില്‍ 23) വെടിക്കെട്ട് ബാറ്റിങ്ങുമാണ് സന്ദര്‍ശകര്‍ക്ക് ജയം സമ്മാനിച്ചത്.
താരതമ്യനേ ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബിന്‍റെ തുടക്കം ഞെട്ടലോടെയായിരുന്നു. യുധ്‌വീർ സിങ് എറിഞ്ഞ ആദ്യ ഓവറിന്‍റെ മൂന്നാം പന്തില്‍ തന്നെ ഓപ്പണര്‍ അഥർവ ടൈഡെയെ സംഘത്തിന് നഷ്‌ടമായി. തുടര്‍ന്ന് തന്‍റെ രണ്ടാം ഓവറില്‍ പ്രഭ്‌സിമ്രാൻ സിങ്ങിനെ (4 പന്തില്‍ 4) ബൗള്‍ഡാക്കിയ യുധ്‌വീർ സംഘത്തെ കൂടുതല്‍ പ്രതിരോധത്തിലാക്കി.
പിന്നീട് ഒന്നിച്ച മാറ്റ് ഷോട്ടും ഹർപ്രീത് സിങ് ഭാട്ടിയയും ചേര്‍ന്ന് പഞ്ചാബിനെ പതിയെ മുന്നോട്ട് നയിച്ചു. എന്നാല്‍ പവര്‍പ്ലേയുടെ അവസാന പന്തില്‍ 22 പന്തില്‍ 34 റണ്‍സെടുത്ത ഷോട്ടിനെ പഞ്ചാബിന് നഷ്‌ടമായി. കൃഷ്‌ണപ്പ ഗൗതമിനായിരുന്നു വിക്കറ്റ്.
തുടര്‍ന്നെത്തിയ സിക്കന്ദര്‍ റാസയ്‌ക്കൊപ്പം സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ ഹര്‍പ്രീതിനെ മടക്കിയ ക്രുണാല്‍ പാണ്ഡ്യ ലഖ്‌നൗവിന് ബ്രേക്ക് ത്രൂ നല്‍കി. 22 പന്തില്‍ 22 റണ്‍സാണ് ഹര്‍പ്രീത് നേടിയത്. തുടക്കത്തില്‍ റാസയ്‌ക്ക് താളം കണ്ടെത്താന്‍ കഴിയാതിരുന്നതോടെ പഞ്ചാബിന്‍റെ ഇന്നിങ്‌സിന് വേണ്ടത്ര വേഗമുണ്ടായിരുന്നില്ല.
എന്നാല്‍ നയകന്‍ സാം കറനൊപ്പം ചേര്‍ന്ന റാസ 12-ാം ഓവര്‍ എറിഞ്ഞ കൃഷ്‌ണപ്പ ഗൗതമിനെതിരെ ആദ്യ സിക്‌സ് നേടി പതിയെ ഗിയര്‍ മാറ്റി. 13-ാം ഓവര്‍ എറിയാനെത്തിയ ക്രുണാല്‍ പാണ്ഡ്യയ്‌ക്ക് എതിരെ രണ്ട് സിക്‌സുകളും ഒരു ഫോറുമാണ് താരം അടിച്ചത്. തൊട്ടടുത്ത ഓവറില്‍ പഞ്ചാബ് നൂറ് കടന്നു.
14-ാം ഓവറില്‍ നായകന്‍ സാം കറനെയും പഞ്ചാബിന് നഷ്‌ടമായി. ആറ് പന്തില്‍ ആറ് റണ്‍സ് നേടിയ കറനെ രവി ബിഷ്‌ണോയ് കൃണാല്‍ പാണ്ഡ്യയുടെ കൈകളിലെത്തിക്കുകയായിരുന്നു. പിന്നാലെ ക്രീസിലേക്കെത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജിതേഷ് ശര്‍മയ്‌ക്കും അധികം ആയുസുണ്ടായിരുന്നില്ല.
നാല് പന്തില്‍ രണ്ട് റണ്‍സ് നേടിയ ജിതേഷിന്‍റെ വിക്കറ്റ് മാര്‍ക്ക് വുഡാണ് സ്വന്തമാക്കിയത്. ലഖ്‌നൗ നായകന്‍ കെഎല്‍ രാഹുലിന്‍റെ തകര്‍പ്പന്‍ ക്യാച്ചാണ് പഞ്ചാബ് വിക്കറ്റ് കീപ്പറെ തിരികെ പവലിയനിലേക്കയച്ചത്. ഇതോടെ 16 ഓവറില്‍ 122ന് ആറ് എന്ന നിലയിലേക്ക് സന്ദര്‍ശകര്‍ വീണു.
പിന്നാലെ ക്രീസിലെത്തിയ ഷാരൂഖ് ഖാന്‍ മാര്‍ക്ക് വുഡിനെ നേരിട്ട ആദ്യ പന്ത് തന്നെ അതിര്‍ത്തി കടത്തി. ഇതോടെ പഞ്ചാബ് വിജയലക്ഷ്യം അവസാന നാലോവറില്‍ 32 റണ്‍സായി. അനായാസം അവര്‍ ജയത്തിലേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ചിടത്താണ് ലഖ്‌നൗവിന് പ്രതീക്ഷ നല്‍കി രവി ബിഷ്‌ണോയുടെ വരവ്.
സിക്കന്ദര്‍ റാസയെ ആയിരുന്നു ബിഷ്‌ണോയ് മടക്കിയത്. 41 പന്ത് നേരിട്ട റാസ 57 റണ്‍സടിച്ചാണ് പുറത്തായത്. പിന്നെ പഞ്ചാബിന്‍റെ പ്രതീക്ഷകളെല്ലാം ഷാരൂഖ് ഖാന്‍റെ ചുമലുകളിലായി.
അവസാന ഓവറിലേക്ക് മത്സരം നീങ്ങിയതോടെ ഏഴ് റണ്‍സ് അകലെ ആയിരുന്നു പഞ്ചാബിന്‍റെ ജയം. രവി ബിഷ്‌ണോയെ ഉപയോഗിച്ച് മത്സരം സ്വന്തമാക്കനായിരുന്നു ലഖ്‌നൗ നായകന്‍ രാഹുലിന്‍റെ തന്ത്രം. എന്നാല്‍, അവസാന ഓവറിന്‍റെ മൂന്നാം പന്തില്‍ ഫോറടിച്ച് ഷാരൂഖ് ഖാന്‍ പഞ്ചാബിന് ജയം സമ്മാനിച്ചു.
ഒറ്റയ്‌ക്ക് പൊരുതി രാഹുല്‍:നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ലഖ്‌നൗവിനായി ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ മാത്രമാണ് പൊരുതിയത്. ഒരറ്റത്ത് വിക്കറ്റുകള്‍ നഷ്‌ടപ്പെടുമ്പോഴും പിടിച്ച് നിന്ന രാഹുല്‍ 56 പന്തുകളില്‍ 74 റണ്‍സ് നേടി. ഓപ്പണര്‍മാരായ കെഎൽ രാഹുലും കെയ്ൽ മേയേഴ്‌സും കരുതലോടെ തുടങ്ങി. പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 49 റണ്‍സാണ് സംഘത്തിന് നേടാന്‍ കഴിഞ്ഞത്.
സീസണില്‍ ആദ്യമായാണ് പഞ്ചാബിന് ആദ്യ ആറ് ഓവറില്‍ വിക്കറ്റ് വീഴ്‌ത്താന്‍ കഴിയാതിരുന്നത്. ഒടുവില്‍ എട്ടാം ഓവറില്‍ കെയ്ൽ മേയേഴ്‌സിനെ ( 23 പന്തില്‍ 29) വീഴ്‌ത്തി ഹർപ്രീത് ബ്രാറാണ് പഞ്ചാബിന് ബ്രേക്ക് ത്രൂ നല്‍കിയത്. ബ്രാറിനെ അതിര്‍ത്തി കടത്താനുള്ള കെയ്ൽ മേയേഴ്‌സിന്‍റെ ശ്രമം ഹർപ്രീത് സിങ് ഭാട്ടിയയുടെ കയ്യില്‍ ഒതുങ്ങുകയായിരുന്നു.
ആദ്യ വിക്കറ്റില്‍ 53 റണ്‍സാണ് രാഹുല്‍-മേയേഴ്‌സ് സഖ്യം ഒന്നാം വിക്കറ്റില്‍ ചേര്‍ത്തത്. തുടര്‍ന്നെത്തിയ ദീപക് ഹൂഡയെ നിലയുറപ്പിക്കും മുമ്പ് സിക്കന്ദര്‍ റാസ തിരിച്ച് കയറ്റി. മൂന്ന് പന്തില്‍ രണ്ട് റണ്‍സെടുത്ത ഹൂഡ വിക്കറ്റിന് മുന്നില്‍ കുടങ്ങിയാണ് മടങ്ങിയത്. തുടര്‍ന്ന് ഒന്നിച്ച ക്രുണാല്‍ പാണ്ഡ്യയും രാഹുലും ചേര്‍ന്ന് ടീമിനെ വമ്പന്‍ തകര്‍ച്ചയിലേക്ക് വീഴാതെ പിടിച്ച് നിര്‍ത്തി.
വേണ്ടത്ര വേഗമുണ്ടായിരുന്നില്ലെങ്കിലും ഇരുവരും ചേര്‍ന്ന് 14-ാം ഓവറില്‍ ലഖ്‌നൗവിനെ നൂറ് കടത്തി. ഈ ഓവറില്‍ തന്നെ ലഖ്‌നൗ നായകന്‍ 40 പന്തുകളില്‍ നിന്നും അര്‍ധ സെഞ്ച്വറി തികച്ചിരുന്നു. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ ക്രുണാലിനെ (17 പന്തില്‍ 18) വീഴ്‌ത്തിയ കാഗിസോ റബാഡ പഞ്ചാബിന് ബ്രേക്ക് ത്രൂ നല്‍കി. പിന്നീടെത്തിയ നിക്കോളാസ് പുരാനും നേരിട്ട ആദ്യ പന്തില്‍ മടങ്ങിയതോടെ ലഖ്‌നൗ നടുങ്ങി.
ഏഴാം നമ്പറിലെത്തിയ മാർക്കസ് സ്റ്റോയിനിസ് (11 പന്തില്‍ 15) പിടിച്ച് നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും സാം കറന്‍ ജിതേഷ് ശര്‍മയുടെ കയ്യില്‍ എത്തിച്ചു. പിന്നാലെ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ രാഹുലിനെ അര്‍ഷ്‌ദീപ് സിങ് മടക്കി. എട്ട് ഫോറുകളും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ലഖ്‌നൗ നായകന്‍റെ ഇന്നിങ്സ്. ഇംപാക്‌ട് പ്ലെയര്‍ കൃഷ്‌ണപ്പ ഗൗതം (2 പന്തില്‍ 1), യുധ്‌വീർ സിങ് (1 പന്തില്‍ 0) എന്നിവരാണ് ലഖ്‌നൗ നിരയില്‍ പുറത്തായ മറ്റ് താരങ്ങള്‍.
ആയുഷ് ബദോനിയും (6 പന്തില്‍ 5), രവി ബിഷ്‌ണോയിയും (1 പന്തില്‍ 3) പുറത്താവാതെ നിന്നു. പഞ്ചാബ് കിങ്‌സിനായി നായകന്‍ സാം കറന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തിയപ്പോള്‍ റബാഡ രണ്ട് വിക്കറ്റുകള്‍ നേടി. സ്ഥിരം നായകന്‍ ശിഖര്‍ ധവാന്‍റെ അഭാവത്തിലാണ് സാം കറന് പഞ്ചാബിനെ നയിക്കാന്‍ അവസരം ലഭിച്ചത്.
പഞ്ചാബ് കിങ്‌സ് (പ്ലേയിങ് ഇലവൻ): അഥർവ ടൈഡെ, മാത്യു ഷോർട്ട്, ഹർപ്രീത് സിങ് ഭാട്ടിയ, സിക്കന്ദർ റാസ, സാം കറൻ(ക്യാപ്റ്റൻ), ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ഷാരൂഖ് ഖാൻ, ഹർപ്രീത് ബ്രാർ, കാഗിസോ റബാഡ, രാഹുൽ ചാഹർ, അർഷ്‌ദീപ് സിങ്.
ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ് (പ്ലേയിങ് ഇലവൻ): കെഎൽ രാഹുൽ (സി), കെയ്ൽ മേയേഴ്‌സ്, ദീപക് ഹൂഡ, മാർക്കസ് സ്റ്റോയിനിസ്, ക്രുണാൽ പാണ്ഡ്യ, നിക്കോളാസ് പൂരൻ (ഡബ്ല്യു), ആയുഷ് ബദോനി, ആവേശ് ഖാൻ, യുധ്‌വീർ സിങ് ചരക്, മാർക്ക് വുഡ്, രവി ബിഷ്‌ണോയി.