ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ (ഐപിഎല്‍) ക്രിക്കറ്റിലെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്-ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരം മഴ തടസപ്പെടുത്തുന്നു. ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ലഖ്‌നൗ 19.2 ഓവറില്‍ ഏഴ് വിക്കറ്റിന് 125 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെയാണ് മഴയെത്തിയത്. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ ആയുഷ് ബദോനിയുടെ അര്‍ധ സെഞ്ചുറിയാണ് ലഖ്‌നൗവിനെ വമ്പന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.
33 പന്തില്‍ രണ്ട് ഫോറുകളും നാല് സിക്‌സും സഹിതം 59* റണ്‍സുമായി താരം പുറത്താവാതെ നില്‍ക്കുകയാണ്. മഴയെ തുടര്‍ന്ന് വൈകിയായിരുന്നു മത്സരം ആരംഭിച്ചത്. തകര്‍ച്ചയോടെയായിരുന്നു ലഖ്‌നൗവിന്‍റെ തുടക്കം.
പവര്‍പ്ലേ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 31 റണ്‍സ് മാത്രമാണ് സംഘത്തിന് നേടാന്‍ കഴിഞ്ഞത്. ഓപ്പണര്‍മാരായ കെയ്‌ല്‍ മെയേഴ്‌സും മനന്‍ വോറയും പതിഞ്ഞ് കളിച്ചതോടെ മൂന്ന് ഓവറില്‍ 16 റണ്‍സ് മാത്രമാണ് ലഖ്‌നൗ ടോട്ടലിലുണ്ടായിരുന്നത്.
തൊട്ടടുത്ത ഓവറില്‍ അപകടകാരിയായ കെയ്‌ല്‍ മെയേഴ്‌സിനെ (17 പന്തില്‍ 14) വീഴ്‌ത്തിയ മൊയീന്‍ അലി ചെന്നൈക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കി. മൊയീന്‍ അലിയെ സിക്‌സറിന് പറത്താനുള്ള മെയേഴ്‌സിന്‍റെ ശ്രമം ലോങ്-ഓഫില്‍ റിതുരാജ് ഗെയ്‌ക്‌വാദിന്‍റെ കയ്യില്‍ അവസാനിക്കുകയായിരുന്നു.
തുടര്‍ന്ന് പവര്‍പ്ലേയിലെ അവസാന ഓവറില്‍ മനന്‍ വോറയേയും (11 പന്തില്‍ 10) ക്രുനാല്‍ പാണ്ഡ്യയേയും (1 പന്തില്‍ 0) വീഴ്‌ത്തിയ മഹീഷ് തീക്ഷണ സംഘത്തിന് ഇരട്ട പ്രഹരം നല്‍കി. നാലാം പന്തില്‍ മനന്‍ വോറ ബൗള്‍ഡായപ്പോള്‍ തൊട്ടടുത്ത പന്തില്‍ ലഖ്‌നൗ ക്യാപ്റ്റന്‍ ക്രുണാല്‍ പാണ്ഡ്യയെ സ്ലിപ്പില്‍ അജിങ്ക്യ രഹാനെ പിടികൂടുകയായിരുന്നു. പിന്നാലെ മാർക്കസ് സ്റ്റോയിനിസിനെ (4 പന്തില്‍ 6) ജഡേജയും കരണ്‍ ശര്‍മയെ (16 പന്തില്‍ 9) മൊയീന്‍ അലിയും മടക്കിയതോടെ ലഖ്‌നൗ 9.4 ഓവറില്‍ 44/5 എന്ന നിലയിലേക്ക് തകര്‍ന്നു.
പിന്നീട് ഒന്നിച്ച നിക്കോളാസ് പുരാന്‍-അയുഷ് ബദോനി സഖ്യമാണ് സംഘത്തെ കൂട്ടത്തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്. സ്‌കോര്‍ 103 റണ്‍സില്‍ നില്‍ക്കെ 18-ാം ഓവറിന്‍റെ നാലാം പന്തില്‍ പുരാനെ വീഴ്‌ത്തിയ മതീഷ പതിരണയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 31 പന്തില്‍ 20 റണ്‍സെടുത്ത പുരാനെ മൊയീന്‍ അലി പിടികൂടുകയായിരുന്നു. ആറാം വിക്കറ്റില്‍ 59 റണ്‍സാണ് പുരാനും ബദോനിയും ചേര്‍ന്ന് നേടിയത്.
ദീപക് ചഹാര്‍ എറിഞ്ഞ 19-ാം ഓവറില്‍ രണ്ട് സിക്‌സും ഒരു ഫോറും സഹിതം 20 റണ്‍സാണ് ബദോനി അടിച്ച് കൂട്ടിയത്. ഈ ഓവറില്‍ തന്നെ താരം അര്‍ധ സെഞ്ചുറി തികയ്‌ക്കുകയും ചെയ്‌തിരുന്നു. 20-ാം ഓവറിന്‍റെ രണ്ടാം പന്തില്‍ കൃഷ്‌ണപ്പ ഗൗതമിനെ (3 പന്തില്‍ 1) മതീഷ പതിരണ രഹാനയുടെ കയ്യിലെത്തിച്ചതിന് പിന്നാലെയാണ് മഴയെത്തിയത്. ചെന്നൈക്കായി മൊയീന്‍ അലി, മതീഷ പതിരണ, മഹീഷ് തീക്ഷണ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്‌ത്തി.
ALSO READ: കുടുംബത്തെ അധിക്ഷേപിക്കുന്നതിന് തുല്യമെന്ന് ഗംഭീര്‍, എന്നാല്‍ കുടുംബത്തിന്‍റെ കാര്യം നോക്കൂവെന്ന് കോലി