മൊഹാലി:ഐപിഎല്‍ പതിനാറാം പതിപ്പില്‍ ബാറ്റിങ്ങില്‍ പഴയ ഫോമിലേക്ക് ഉയരാന്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് നായകന്‍ കെഎല്‍ രാഹുലിന് ഇതുവരെയും സാധിച്ചിട്ടില്ല. 8 മത്സരങ്ങളില്‍ നിന്ന് താരം 274 റണ്‍സ് നേടിയെങ്കിലും പതിഞ്ഞ താളത്തിലായിരുന്നു റണ്‍സുകളെല്ലാം പിറന്നത്. ഐപിഎല്‍ കരിയറില്‍ 134.55 സ്‌ട്രൈക്ക് റേറ്റില്‍ റണ്‍സ് കണ്ടെത്തിയിരുന്ന രാഹുല്‍, എന്നാല്‍ ഇക്കുറി 114.64 പ്രഹരശേഷിയിലാണ് ബാറ്റ് വീശുന്നത്.
രാഹുലിന്‍റെ ബാറ്റിങ്ങിലെ മെല്ലെപ്പോക്ക് പലപ്പോഴും ടീമിന്‍റെ പ്രകടനങ്ങളേയും ബാധിച്ചിട്ടുണ്ട്. ഇതിന് വ്യാപക വിമര്‍ശനവും കേള്‍ക്കുന്ന താരമാണ് രാഹുല്‍. പഞ്ചാബിനെതിരായ മത്സരത്തിലും മികവിലേക്ക് ഉയരാന്‍ രാഹുലിനായിരുന്നില്ല.
മൊഹാലിയില്‍ നടന്ന മത്സരത്തില്‍ 9 പന്ത് നേരിട്ട ലഖ്‌നൗ നായകന്‍ 12 റണ്‍സ് നേടി പുറത്താകുകയായിരുന്നു. ഇതിന് പിന്നാലെ ക്രീസിലെത്തിയ ആയുഷ് ബഡോണി, മാര്‍ക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പുരാന്‍ എന്നിവരും രാഹുലിനൊപ്പം ഓപ്പണറായി ക്രീസിലേക്കിറങ്ങിയ കയില്‍ മയേഴ്‌സും തകര്‍ത്തടിച്ചതോടെ ലഖ്‌നൗ 257 എന്ന കൂറ്റന്‍ സ്‌കോറിലേക്കെത്തി.
ഐപിഎല്‍ പതിനാറാം സീസണില്‍ ഇത് ആദ്യമായല്ല കെഎല്‍ രാഹുല്‍ ഇരുപതോ അതില്‍ താഴയോ റണ്‍സ് എടുത്ത് പുറത്തായ മത്സരങ്ങളില്‍ ലഖ്‌നൗ മികച്ച സ്‌കോര്‍ സ്വന്തമാക്കുന്നത്. ലഖ്‌നൗ ഇക്കൊല്ലം രണ്ട് പ്രാവശ്യം 200ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്‌ത മത്സരങ്ങളിലും രാഹുല്‍ അതിവേഗം പുറത്തായിരുന്നു.
ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ 217 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗ 205 റണ്‍സ് നേടിയിരുന്നു. ഈ കളിയില്‍ 18 പന്തില്‍ 20 ആയിരുന്നു രാഹുലിന്‍റെ സമ്പാദ്യം. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ 212 റണ്‍സ് പിന്തുടര്‍ന്നപ്പോഴും അവസ്ഥ സമാനമായിരുന്നു.
അന്ന് ചിന്നസ്വാമിയില്‍ ഇതേ സ്‌കോറിനാണ് രാഹുല്‍ പുറത്തായത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ലഖ്‌നൗ 193 റണ്‍സാണ് നേടിയത്. ഈ കളിയില്‍ 12 പന്തില്‍ 8 റണ്‍സ് മാത്രമായിരുന്നു കെഎല്‍ രാഹുലിന്‍റെ സമ്പാദ്യം.
എന്നാല്‍ രാഹുല്‍ ക്രീസില്‍ നിലയുറപ്പിച്ച മത്സരങ്ങളില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് വമ്പന്‍ സ്‌കോറുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സീസണില്‍ രാഹുല്‍ ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തിയ മത്സരത്തില്‍ സൂപ്പര്‍ ജയന്‍റ്‌സിന് 159 റണ്‍സേ നേടാനായിരുന്നുള്ളു. 56 പന്തില്‍ 74 ആയിരുന്നു രാഹുല്‍ ഈ മത്സരത്തില്‍ സ്‌കോര്‍ ചെയ്‌തത്.
രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് 154 റണ്‍സായിരുന്നു നേടിയത്. ഈ മത്സരത്തില്‍ 32 പന്തില്‍ 39 റണ്‍സുമായാണ് രാഹുല്‍ മടങ്ങിയത്. ഗുജറാത്തിനെതിരെ ലഖ്‌നൗ സ്‌കോര്‍ 128ലും ഹൈദരാബാദിനെതരെ 127ലും ഒതുങ്ങിയ മത്സരങ്ങളില്‍ 61 പന്തില്‍ 68, 31 പന്തില്‍ 35 എന്നിങ്ങനെയായിരുന്നു കെഎല്‍ രാഹുലിന്‍റെ സമ്പാദ്യം.
ALSO READ :IPL 2023 | ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ 'കൂട്ടയടി'; പിറന്നത് കൂറ്റന്‍ സ്‌കോര്‍, കയ്യെത്തും ദൂരത്ത് റെക്കോഡ് നഷ്‌ടം