ഹൈദരാബാദ് : ഇന്ത്യൻ പ്രീമിയർ ലീഗിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ബാറ്റിങ്. ടോസ് നേടിയ കൊൽക്കത്ത നായകൻ നിതീഷ് റാണ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ശേഷിക്കുന്ന മത്സരങ്ങളിൽ വിജയം സ്വന്തമാക്കിയാൽ മാത്രമേ ഇരു ടീമുകൾക്കും പ്ലേ ഓഫിലേക്ക് കടക്കാൻ സാധിക്കുകയുള്ളൂ. അതിനാൽ തന്നെ ജീവൻ മരണ പോരാട്ടത്തിനാകും ഇരു ടീമുകളും ഇന്ന് കളത്തിലിറങ്ങുക.
കഴിഞ്ഞ മത്സരത്തിൽ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് കൊൽക്കത്ത ഇന്ന് കളത്തിലിറങ്ങുന്നത്. ഓപ്പണർ എൻ ജഗദീശന് പകരം വൈഭവ് അറോറയും ഡേവിഡ് വെയ്‌സിന് പകരം ജേസൻ റോയും പ്ലെയിങ് ഇലവനിൽ ഇടം നേടി. ഹാരി ബ്രൂക്ക്, രാഹുൽ ത്രിപാഠി, അകേൽ ഹൊസൈൻ, ഉമ്രാന്‍ മാലിക് എന്നിവർക്ക് പകരം അഭിഷേക് ശർമ, മാർക്കോ ജാൻസെൻ, കാർത്തിക് ത്യാഗി, ടി നടരാജൻ എന്നിവർ സണ്‍റൈസേഴ്‌സ് നിരയിൽ ഇടം പിടിച്ചു.
ആദ്യ നാലിൽ സ്ഥാനമുറപ്പിക്കാൻ ഇരു ടീമുകൾക്കും ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്. കളിച്ച ഒൻപത് മത്സരങ്ങളിൽ ആറെണ്ണത്തിൽ തോൽവി വഴങ്ങിയ കൊൽക്കത്ത നിലവിൽ പോയിന്‍റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്. എട്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയം മാത്രം സ്വന്തമായുള്ള സണ്‍റൈസേഴ്‌സ് പോയിന്‍റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്. സീസണിൽ ഇരു ടീമുകളും ഇത് രണ്ടാം തവണയാണ് പരസ്‌പരം ഏറ്റുമുട്ടുന്നത്. ആദ്യ തവണ പരസ്‌പരം കൊമ്പുകോർത്തപ്പോൾ വിജയം ഹൈദരാബാദിനൊപ്പമായിരുന്നു.
മികച്ച ടീം കോമ്പിനേഷൻ സൃഷ്‌ടിക്കാനാകാത്തതാണ് കൊൽക്കത്തയ്‌ക്ക് തിരിച്ചടിയാകുന്നത്. ബാറ്റർമാർക്ക് സ്ഥിരതയോടെ കളിക്കാനാകുന്നില്ല എന്നതാണ് ടീം നേരിടുന്ന ഏറ്റവും വലിയ തിരിച്ചടി. നായകൻ നിതീഷ് റാണ, ജേസണ്‍ റോയ്, വെങ്കിടേഷ് അയ്യർ എന്നിവർ മാത്രമാണ് മോശമല്ലാത്ത രീതിയിൽ ബാറ്റ് വീശുന്നത്.