മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 177 റണ്‍സ് വിജയലക്ഷ്യം. തുടക്കത്തില്‍ തകര്‍ത്തടിച്ച നായകന്‍ രോഹിത് ശര്‍മ്മയും ഇഷന്‍ കിഷനും അവസാന ഓവറുകളില്‍ വെടിക്കെട്ട് പ്രകടനം നടത്തിയ ടിം ഡേവിഡുമാണ് മുംബൈയെ പൊരുതാവുന്ന സ്‌കോറിലേക്ക് എത്തിച്ചത്. ഗുജറാത്തിനായി നാലോവര്‍ പന്തെറിഞ്ഞ റാഷിദ് ഖാന്‍ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി.
സീസണില്‍ പ്രതീക്ഷകള്‍ അവസാനിച്ച മുംബൈക്കായി രോഹിത് ശര്‍മ്മയും ഇഷാന്‍ കിഷനും മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഒന്നാം വിക്കറ്റില്‍ 73 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. അഞ്ച് ബൗണ്ടറികളും രണ്ട് സിക്‌സറുകളുമായി 28 പന്തില്‍ നിന്ന് 43 റണ്‍സ് നേടിയ രോഹിതിനെ റാഷിദ് ഖാനാണ് പുറത്താക്കിയത്.
മധ്യനിരയിലെ ബാറ്റര്‍മാര്‍ നിറം മങ്ങിയപ്പോള്‍ മുംബൈയുടെ രക്ഷകമനായി ടിം ഡേവിഡ് അവതരിക്കുകയായിരുന്നു. വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ഡേവിഡ് 21 പന്തില്‍ 44 റണ്‍സുമായി പുറത്താകാതെ നിന്നു. നാല് കൂറ്റന്‍ സ്ക്സുകള്‍ ഉള്‍പ്പെട്ടതായിരുന്നു ടിം ഡേവിഡിന്‍റെ ബാറ്റിംഗ്.
മധ്യനിരയില്‍ 21റണ്‍സ് നേടി തിലക് വര്‍മ്മ റണ്‍ ഔട്ട് ആയത് മുംബൈക്ക് തിരിച്ചടിയായി. സൂര്യകുമാര്‍ യാദവിന് ഇന്ന് 13 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. 14 പന്തുകള്‍ നേരിട്ട് നാല് റണ്‍സ് മാത്രം നേടി കിറോണ്‍ പൊള്ളാര്‍ഡും നിരാശപ്പെടുത്തി.
ഗുജറാത്ത് നിരയില്‍ റാഷിദ് ഖാന്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍, അല്‍സാരി ജോസഫ്, ലോക്കി ഫെര്‍ഗൂസന്‍, പ്രദീപ് സങ്‌വാന്‍, എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി. നാല് ഓവറുകള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിക്ക് മത്സരത്തില്‍ വിക്കറ്റുകളൊന്നും ലഭിച്ചില്ല.