അഹമ്മദാബാദ്:ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് നായകന്‍ ക്രുണാല്‍ പാണ്ഡ്യ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഐപിഎല്‍ 16-ാം സീസണിലെ 51-ാം മത്സരമാണിത്. ഗുജറാത്ത് ടൈറ്റന്‍സിന്‍റെ ഹോം ഗ്രൗണ്ടായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്.
ഐപിഎല്ലില്‍ ക്യാപ്റ്റന്മാരെന്ന നിലയില്‍ ഹാര്‍ദിക് പാണ്ഡ്യയും ക്രുണാല്‍ പാണ്ഡ്യയും നേര്‍ക്കുനേരെത്തുന്ന ആദ്യ മത്സരമാണിത്. തങ്ങളെ സംബന്ധിച്ച് ഇതൊരു സ്വപ്‌ന സാക്ഷാത്കാരമാണെന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് നായകന്‍ ക്രുണാല്‍ പാണ്ഡ്യ പ്രതികരിച്ചു. ഞങ്ങൾക്ക് ഒരു മികച്ച ബാറ്റിങ് സൈഡുണ്ട്, കൂടാതെ ടോട്ടൽ പിന്തുടരാനുള്ള അവസരവും ഞങ്ങൾ ആഗ്രഹിക്കുന്നു. നല്ല ക്രിക്കറ്റാണ് ഞങ്ങള്‍ കളിച്ചത്.
പോയിന്‍റ് ടേബിളിൽ ഞങ്ങൾ നല്ല നിലയിലാണ് നില്‍ക്കുന്നതെന്നും ക്രുണാല്‍ പറഞ്ഞു. ക്വിന്‍റണ്‍ ഡി കോക്ക് പ്ലേയിങ് ഇലവനിലെത്തിയപ്പോള്‍ നവീന്‍ ഉള്‍ ഹഖിന് സ്ഥാനം നഷ്‌ടമായി.
ടോസ് ലഭിച്ചാല്‍ തങ്ങള്‍ ബാറ്റിങ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞു. ഞങ്ങള്‍ ആഗ്രഹിച്ചത് തന്നെ ലഭിച്ചു. ഏറെ വികാരഭരിതമായ ദിവസമാണിത്. ഐപിഎല്ലില്‍ ആദ്യമായി നടക്കുന്ന കാര്യമാണിത്. ഇന്ന് ഒരു പാണ്ഡ്യ തീർച്ചയായും വിജയിക്കും.
ഇത് സ്വയം പ്രകടിപ്പിക്കുന്നതിനുള്ള അവസരമാണ്. ഫലത്തെക്കുറിച്ച് വിഷമിക്കേണ്ടതില്ല. പരാജയ ഭയം ഉള്ളിൽ ഇഴഞ്ഞേക്കാം, പക്ഷേ നമുക്ക് നല്ല ക്രിക്കറ്റ് കളിക്കേണ്ടതുണ്ടെന്നും ഹാര്‍ദിക് പറഞ്ഞു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ ഒരു മാറ്റവുമായാണ് ഗുജറാത്ത് കളിക്കുന്നതെന്നും ഹാര്‍ദിക് വ്യക്തമാക്കി. ജോഷ്വ ലിറ്റിൽ പുറത്തായപ്പോള്‍ അൽസാരി ജോസഫാണ് പ്ലേയിങ് ഇലവനിലെത്തിയത്.