അഹമ്മദാബാദ് : ഗുജറാത്ത് ജയന്‍റ്‌സിനെതിരെ ഐപിഎല്‍ ചരിത്രത്തിലെ ആദ്യ ജയമാണ് ഇന്നലെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. കൈവിട്ടെന്ന് തോന്നിപ്പിച്ച മത്സരം തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം നടത്തി റോയല്‍സ് സ്വന്തമാക്കുകയായിരുന്നു. നായകന്‍ സഞ്‌ജു സാംസണ്‍ ബാറ്റ് കൊണ്ട് പടര്‍ത്തിയ തീ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ ധ്രുവ് ജൂറല്‍, ആര്‍ അശ്വിന്‍ എന്നിവര്‍ ചേര്‍ന്ന് ആളിപ്പടര്‍ത്തുകയായിരുന്നു.
ഗുജറാത്ത് ടൈറ്റന്‍സ് ഉയര്‍ത്തിയ 178 റണ്‍സിലേക്ക് ബാറ്റ് വീശിയ രാജസ്ഥാന് മികച്ച തുടക്കമായിരുന്നില്ല മത്സരത്തില്‍ ലഭിച്ചത്. റൺ ചേസില്‍ 12 ഓവര്‍ പിന്നിട്ടപ്പോള്‍ 66-4 എന്ന നിലയിലായിരുന്നു റോയല്‍സ്. അതുവരെ ശ്രദ്ധയോടെ കളിച്ചിരുന്ന സഞ്‌ജു പിന്നീട് കൗണ്ടര്‍ അറ്റാക്ക് നടത്തിയപ്പോള്‍ രാജസ്ഥാന്‍ സ്‌കോര്‍ അതിവേഗം ഉയര്‍ന്നു.
15-ാം ഓവറിന്‍റെ അവസാന പന്തില്‍ സഞ്‌ജു പുറത്താകുമ്പോള്‍ 114-5 എന്ന നിലയില്‍ രാജസ്ഥാന്‍ എത്തിയിരുന്നു. മത്സരത്തില്‍ 32 പന്ത് നേരിട്ട റോയല്‍സ് നായകന്‍ 60 റണ്‍സ് അടിച്ചുകൂട്ടിയാണ് പുറത്തായത്. 6 സിക്‌സറും 3 ഫോറും അടങ്ങിയതായിരുന്നു സഞ്‌ജുവിന്‍റെ തകര്‍പ്പന്‍ ഇന്നിങ്‌സ്.
2.5 ഓവറില്‍ രാജസ്ഥാന്‍ റോയല്‍സ് രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ നാല് റണ്‍സ് എന്ന നിലയില്‍ നിന്നപ്പോഴാണ് സഞ്‌ജു ക്രീസിലേക്കെത്തിയത്. ശ്രദ്ധയോടെയായിരുന്നു സഞ്‌ജു കളി തുടങ്ങിയതും. ആദ്യം നേരിട്ട 22 പന്തില്‍ 29 റണ്‍സ് മാത്രമായിരുന്നു സഞ്‌ജു നേടിയത്.
Also Read:IPL 2023 | 'റോയല്‍സ് നായകന് രാജകീയ നേട്ടം'; രാജസ്ഥാന്‍ ജഴ്‌സിയില്‍ തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കി സഞ്‌ജു സാംസണ്‍
ക്രീസില്‍ നിലയുറപ്പിച്ച ശേഷം അഴിഞ്ഞാടിയ സഞ്‌ജു അവസാന 9 പന്തില്‍ 31 റണ്‍സ് അടിച്ചുകൂട്ടി. എന്നാല്‍, പതിയെ തുടങ്ങിയ സഞ്‌ജു ഗിയര്‍ മാറ്റാന്‍ കാരണം ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹര്‍ദിക് പാണ്ഡ്യ ആണെന്നാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ആരാധകരുടെ വാദം. പവര്‍പ്ലേയ്‌ക്കിടയിലായിരുന്നു ആരാധകര്‍ ചൂണ്ടിക്കാണിക്കുന്ന ഈ സംഭവം ഉണ്ടായത്.
പവര്‍പ്ലേയില്‍ പന്തെറിഞ്ഞ മുഹമ്മദ് ഷമി തിരികെ ബൗളിങ് മാര്‍ക്കിലേക്ക് നടക്കുകയായിരുന്നു. ഈ സമയത്താണ് ഗുജറാത്ത് നായകന്‍ ഹര്‍ദിക് പാണ്ഡ്യ സഞ്‌ജു സാംസണിന്‍റെ അടുത്തേക്ക് എത്തിയത്. സഞ്ജുവിന് അരികിലെത്തിയ പാണ്ഡ്യ രാജസ്ഥാന്‍ നായകനെ സംസാരിച്ച് പ്രകോപിപ്പിക്കുന്നതും കാണാമായിരുന്നു.
എന്നാല്‍ ഹര്‍ദിക്കിന്‍റെ വാക്കുകള്‍ക്ക് ചെവികൊടുക്കാന്‍ സഞ്‌ജു പോയതേയില്ല. ആ സമയത്ത് ശാന്തനായിരുന്ന സഞ്‌ജു പിന്നീട് ബാറ്റ് കൊണ്ട് അതിനെല്ലാം മറുപടി പറയുകയായിരുന്നു. അഹമ്മദാബാദില്‍ സഞ്‌ജു പൂണ്ടുവിളയാടിയപ്പോള്‍ ഗുജറാത്തിന്‍റെ പ്രീമിയം ബോളറായ റാഷിദ് ഖാനും റോയല്‍സ് നായകന്‍റെ ബാറ്റിന്‍റെ ചൂടറിഞ്ഞു.
More Read: IPL 2023| റാഷിദിന് 'ഹാട്രിക്', വിക്കറ്റല്ല 'സിക്‌സ്'; ഗുജറാത്ത് വമ്പന്‍റെ കൊമ്പൊടിച്ച് സഞ്‌ജു സാംസണ്‍
13-ാം ഓവര്‍ എറിയാനെത്തിയ റാഷിദിനെ തുടര്‍ച്ചയായി മൂന്ന് സിക്‌സറുകളാണ് സഞ്‌ജു പറത്തിയത്. മത്സരശേഷം സമൂഹമാധ്യമങ്ങളിലൂടെ സഞ്ജുവിന്‍റെ പെരുമാറ്റത്തെ പുകഴ്‌ത്തി നിരവധി ആരാധകരാണ് രംഗത്തുവന്നത്.