അഹമ്മദാബാദ്:രണ്ട് മാസത്തോളം നീണ്ടുനിന്ന ഐപിഎല്‍ പൂരത്തിന് ഇന്നാണ് അഹമ്മദാബാദില്‍ കൊടിയിറങ്ങുന്നത്. പത്ത് ടീമുകളോടെ തുടങ്ങിയ യാത്രയ്‌ക്ക് അന്ത്യം കുറിക്കുമ്പോള്‍ കിരീടത്തിനായി ഇനി മത്സരരംഗത്തുള്ളത് രണ്ട് ടീമുകള്‍ മാത്രമാണ്. കലാശപ്പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സും അഞ്ചാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സും മുഖാമുഖം വരുമ്പോള്‍ ആവേശകരമായൊരു പോരാട്ടത്തിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
പോയിന്‍റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനക്കാരായി പ്ലേഓഫിലെത്തിയ ടീമുകളാണ് ഗുജറാത്തും ചെന്നൈയും. ആദ്യ ക്വാളിഫയറില്‍ ചെന്നൈ ഗുജറാത്തിനെ വീഴ്‌ത്തിയാണ് ഫൈനല്‍ യോഗ്യത നേടിയത്. എലിമിനേറ്റര്‍ വിജയികളായെത്തിയ മുംബൈ ഇന്ത്യന്‍സിനെ രണ്ടാം അവസരത്തില്‍ തോല്‍പ്പിച്ചുകൊണ്ടായിരുന്നു ഗുജറാത്ത് ടൈറ്റന്‍സിന്‍റെ മുന്നേറ്റം.
അഹമ്മദാബാദില്‍ ചെന്നൈ ഗുജറാത്ത് പോരാട്ടത്തിന് വഴിയൊരുങ്ങിയപ്പോള്‍ തന്നെ ഹാര്‍ദിക്കിനും കൂട്ടര്‍ക്കുമാണ് പലരും മുന്‍തൂക്കം പ്രവചിച്ചത്. ചെന്നൈക്കെതിരായ നേര്‍ക്കുനേര്‍ പോരാട്ടങ്ങളുടെ കണക്കും ഹോം ഗ്രൗണ്ടിന്‍റെ ആനുകൂല്യവും ചൂണ്ടിക്കാട്ടിയായിരുന്നു പലരും ഈ അഭിപ്രായത്തിലെത്തിയത്. നാല് പ്രാവശ്യം തമ്മിലേറ്റുമുട്ടിയപ്പോഴും ഗുജറാത്ത് ടൈറ്റന്‍സ് ചെന്നൈയെ തോല്‍പ്പിച്ചിരുന്നു.
കണക്കുകള്‍ ഗുജറാത്തിന് ആശ്വാസം പകരുന്നതാണെങ്കിലും ചരിത്രം അവര്‍ക്ക് ആശങ്കയാണ് പകരുന്നത്. അതിന് കാരണം അവസാന 11 സീസണുകളിലും രണ്ടാം ക്വാളിഫയര്‍ ജയിച്ചെത്തിയവര്‍ക്ക് കിരീടം നേടാനായിട്ടില്ല എന്ന കണക്കാണ്. 2011 മുതല്‍ 2022 വരെയുള്ള സീസണുകളില്‍ ഒന്നാം ക്വാളിഫയറില്‍ ജയം നേടിയവര്‍ കപ്പും കൊണ്ടായിരുന്നു ഐപിഎല്ലില്‍ നിന്നും മടങ്ങിയത്.