അഹമ്മദാബാദ്:മഴ വില്ലനായെത്തിയപ്പോള്‍ റിസര്‍വ് ദിനത്തിലേക്ക് മാറ്റിയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഗുജറാത്ത് ടൈറ്റന്‍സ് ടീമുകള്‍ നേര്‍ക്കുനേര്‍ പോരടിച്ച ഐപിഎല്‍ പതിനാറാം പതിപ്പിലെ ഫൈനല്‍ പോരാട്ടം നടന്നത്. റിസര്‍വ് ദിനത്തില്‍ മത്സരം കൃത്യ സമയത്ത് തന്നെ തുടങ്ങാന്‍ സാധിച്ചിരുന്നു. ആദ്യ ഇന്നിങ്‌സിന്‍റെ ഇടവേള കഴിഞ്ഞ് ചെന്നൈ സൂപ്പര്‍ കിങ്‌സ് 215 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരാനെത്തിയപ്പോഴേക്കും അഹമ്മദാബാദില്‍ മഴയെത്തി.
ഇതോടെ വീണ്ടും ലോകത്തിലെ ഏറ്റവും വലിയ മൈതാനങ്ങളിലൊന്നായ നരേന്ദ്രമോദി സ്റ്റേഡിയം ആകെ കുളമായി മാറി. ശക്തമായി പെയ്‌ത മഴയില്‍ ഔട്ട്ഫീല്‍ഡില്‍ വെള്ളം കയറിയപ്പോള്‍ അത് മാറ്റിയെടുക്കാന്‍ ഗ്രൗണ്ട് സ്റ്റാഫുകള്‍ നന്നേ പണിപ്പെട്ടു. മൈതാനത്തിലെ വെള്ളം ഒപ്പിയെടുക്കാന്‍ സ്പോഞ്ചും ബക്കറ്റുമായി സ്റ്റാഫുകളെത്തി.
മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൈതാനം വൃത്തിയാക്കി മത്സരം പുനരാരംഭിക്കാന്‍ കഴിഞ്ഞത്. അതിനിടെ, ലേകകപ്പ് ഫൈനലിനുള്‍പ്പടെ വേദിയായി പരിഗണിക്കപ്പെടുന്ന അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിലെ ഡ്രൈനേജ് സംവിധാനങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളും സമൂഹമാധ്യമങ്ങളിലൂടെ തകൃതിയായി നടക്കുകയാണ്. സ്റ്റേഡിയം നവീകരണത്തില്‍ വ്യാപക അഴിമതിയുണ്ടെന്നും ആരോപണം ഉയരുന്നുണ്ട്.
കൂടാതെ ലോകത്തിലെ ഏറ്റവും സമ്പന്നരായ ക്രിക്കറ്റ് ബോര്‍ഡിന്‍റെ പക്കല്‍ ഇത്തരം പ്രതികൂല സാഹചര്യങ്ങളെ മറികടക്കാന്‍ തക്കതായ ആധുനിക സജീകരണങ്ങള്‍ ഇല്ല എന്ന് ചൂണ്ടിക്കാട്ടിയുള്ള ട്രോളുകളുമായും ആരാധകര്‍ രംഗത്തെത്തുന്നുണ്ട്. മുന്‍പ് ഹെയര്‍ ഡ്രൈയറുപയോഗിച്ച് പിച്ച് ഉണക്കാന്‍ ശ്രമിച്ച ബിസിസിഐ ഇപ്പോള്‍ ഗ്രൗണ്ടിലെ വെള്ളം വറ്റിക്കാന്‍ സ്പോഞ്ച് ഉപയോഗിക്കുകയാണ് എന്നും ആരാധകര്‍ പറയുന്നു. രണ്ട് ദിവസം തുടര്‍ച്ചയായി മഴ പെയ്‌തതോടെ അഹമ്മദാബാദ് സ്റ്റേഡിയത്തെ കുറിച്ചുള്ള അവകാശവാദങ്ങളും പൊളിയുകയാണെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്.
നേരത്തെ ഫൈനല്‍ നിശ്ചയിച്ചിരുന്ന ഞായറാഴ്‌ചയും അഹമ്മദാബാദില്‍ കനത്ത മഴയാണ് പെയ്‌തത്. ഈ സാഹചര്യത്തില്‍ ഗാലറിയുടെ മേല്‍ക്കൂരയില്‍ നിന്നും വെള്ളം ചോര്‍ന്നൊലിക്കുന്നതിന്‍റെയും കോണിപ്പടികളിലൂടെ ശക്തമായി വെള്ളം ഒഴുകിയെത്തുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഏറെ നാണക്കേടുണ്ടാക്കുന്ന രംഗങ്ങള്‍ റിസര്‍വ് ദിനത്തില്‍ മഴ പെയ്‌തപ്പോള്‍ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ കണ്ടത്.
800 കോടി ചെലവില്‍ നവീകരണം:ഗുജറാത്ത് അഹമ്മദാബാദിലെ പഴയ മൊട്ടേര സ്റ്റേഡിയം പൊളിച്ചുമാറ്റിയാണ് സ്റ്റേഡിയം പുനര്‍നിര്‍മിച്ചത്. 800 കോടിയായിരുന്നു സ്റ്റേഡിയത്തിന്‍റെ നിര്‍മാണച്ചെലവ്. 2021ല്‍ നടന്ന ഉദ്ഘാടനചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലാണ് സ്റ്റേഡിയത്തിന്‍റെ പുനര്‍നാമകരണം നടന്നത്.
1,32,000 പേര്‍ക്ക് ഒരേസമയം കളികാണാനുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരുന്നത്. അത്യാധുനിക ഡ്രൈനേജ് സൗകര്യങ്ങളോട് കൂടിയാണ് മൈതാനം സജ്ജമാക്കിയിരിക്കുന്നതെന്നും അന്ന് അവകാശവാദം ഉയര്‍ന്നിരുന്നു. മഴ പെയ്‌ത് തോര്‍ന്നാല്‍ 30 മിനിട്ടുകൊണ്ട് വെള്ളം പൂര്‍ണമായും നീക്കം ചെയ്യാന്‍ സാധിക്കുമെന്നായിരുന്നു ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍റെയും വാദം. എന്നാല്‍ ഈ വാദങ്ങളെല്ലാം പൊളിയുന്ന കാഴ്‌ചയായിരുന്നു കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കണ്ടത്.
ഗ്രൗണ്ട് കുളമായതിന് പിന്നാലെ ബിസിസിഐ സെക്രട്ടറി ജയ്‌ഷായും ട്വിറ്ററില്‍ ട്രെന്‍റിങ്ങാണ്. ജയ്‌ഷാ നടത്തിയ അഴിമതിയാണ് മഴ പുറത്തുകൊണ്ടുവന്നിരിക്കുന്നത് എന്നാണ് ആരാധകര്‍ പറയുന്നത്. അതേസമയം, ഇപ്രാവശ്യത്തെ ഐപിഎല്‍ സംപ്രേക്ഷണാവകാശത്തില്‍ നിന്നുമാത്രം 48,390 കോടി വരുമാനമാണ് ബിസിസിഐയ്‌ക്ക് ലഭിച്ചത്. ലോകത്തെ കായിക ബോര്‍ഡുകളില്‍ സമ്പന്നരായ ബിസിസിഐ ഈ തുകയെല്ലാം എന്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന ചോദ്യവും ആരാധകര്‍ ഉന്നയിക്കുന്നുണ്ട്.
Also Read :IPL 2023 | 'ഒന്നിനായി പലരും കഷ്‌ടപ്പെടുമ്പോഴാണ് അഞ്ചാം കിരീടം' ; ചെന്നൈയ്‌ക്ക് അഭിനന്ദനവുമായി ഗൗതം ഗംഭീര്‍