അഹമ്മദാബാദ് : രാജസ്ഥാൻ റോയൽസിനെ മറികടന്ന് ആദ്യ ഐപിഎൽ സീസണിൽത്തന്നെ കിരീടം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റൻസ്. നായകൻ ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍ റൗണ്ട് മികവിലാണ് ഗുജറാത്ത് ടൈറ്റന്‍സ് 7 വിക്കറ്റിന്‍റെ ആധികാരിക ജയം നേടിയത്. 131 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഗുജറാത്ത് 18.1ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ ലക്ഷ്യത്തിലെത്തി.
മൂന്ന് വിക്കറ്റെടുക്കുകയും 34 റണ്‍സ് നേടുകയും ചെയ്‌ത നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ നിര്‍ണായക പ്രകടനം ഗുജറാത്തിന് തുണയായി. ഐപിഎല്ലില്‍ കിരീടം നേടുന്ന നാലാമത്തെ ഇന്ത്യന്‍ നായകനാണ് ഹാര്‍ദിക് പാണ്ഡ്യ. എം എസ് ധോണി, രോഹിത് ശര്‍മ, ഗൗതം ഗംഭീര്‍ എന്നിവരാണ് പാണ്ഡ്യക്ക് മുമ്പ് ഐപിഎല്‍ കിരീടം നേടിയ ഇന്ത്യന്‍ നായകന്‍മാര്‍. 43 പന്തില്‍ 45 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ശുഭ്‌മാന്‍ ഗില്ലാണ് ഗുജറാത്തിന്‍റെ ടോപ് സ്കോറര്‍.
2008ൽ പ്രഥമ സീസണിൽ ഷെയ്‌ൻ വോണിന് ശേഷം രാജസ്ഥാൻ റോയൽസിനെ കിരീടത്തിലെത്തിക്കാമെന്ന സഞ്ജുവിന്‍റെ മോഹത്തിന് തിരിച്ചടിയേറ്റു. ഐപിഎൽ കിരീടം നേടുന്ന ആദ്യ മലയാളി നായകനെന്ന നേട്ടവും താരത്തിന് നഷ്‌ടമായി. ടീമിന്‍റെ ബാറ്റിങ് കരുത്തിൽ പ്രതീക്ഷയർപ്പിച്ച് ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനുള്ള സഞ്ജുവിന്‍റെ തീരുമാനം പിഴച്ചതോടെ തന്നെ മത്സരം ഗുജറാത്തിന്‍റെ വരുതിയിലായിരുന്നു.
പതിഞ്ഞ തുടക്കം : 131 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്തിനായി വൃദ്ധിമാന്‍ സാഹയും ശുഭ്‌മാന്‍ ഗില്ലുമാണ് ഓപ്പണ്‍ ചെയ്‌തത്. ട്രെന്‍റ് ബോള്‍ട്ടിന്‍റെ ആദ്യ ഓവറില്‍ തന്നെ ഗില്ലിന്‍റെ അനായാസ ക്യാച്ച് ചാഹല്‍ നിലത്തിട്ടു. ആ ക്യാച്ചിന് വലിയ വിലയാണ് രാജസ്ഥാന്‍ നല്‍കേണ്ടിവന്നത്. 43 പന്തില്‍ 45 റണ്‍സെടുത്ത ഗില്ലാണ് സിക്‌സറിലൂടെ ഗുജറാത്തിന്‍റെ വിജയറണ്‍ നേടിയത്.
എന്നാല്‍ രണ്ടാം ഓവറില്‍ അഞ്ചുറണ്‍സെടുത്ത സാഹയെ തകര്‍പ്പന്‍ പന്തിലൂടെ പ്രസിദ്ധ് ക്ലീന്‍ ബൗള്‍ഡാക്കി. പിന്നാലെ 10 പന്തില്‍ നിന്ന് എട്ട് റണ്‍സ് മാത്രമെടുത്ത വെയ്‌ഡിനെ ട്രെന്‍റ് ബോള്‍ട്ട് റിയാന്‍ പരാഗിന്‍റെ കൈയിലെത്തിച്ചു. തുടക്കത്തിൽ രണ്ട് വിക്കറ്റ് നഷ്‌ടമായ ഗുജറാത്ത് ബാറ്റിങ് പവര്‍പ്ലേയില്‍ 31 റണ്‍സാണ് നേടിയത്.
കരകയറ്റി പാണ്ഡ്യയും ഗില്ലും :എന്നാൽ പവർപ്ലേ ഓവറുകൾ അവസാനിച്ചതോടെ ഗില്ലും പാണ്ഡ്യയും ചേർന്ന് ഗുജറാത്ത് ഇന്നിങ്സ് മുന്നോട്ടുനീക്കി. പത്താം ഓവറിലാണ് ഗുജറാത്ത് 50 റണ്‍സ് പിന്നിട്ടത്. മറുവശത്ത് ശുഭ്‌മാന്‍ ഗില്‍ പതിവ് ഫോമിലായിരുന്നില്ലെങ്കിലും ഹാര്‍ദിക് പാണ്ഡ്യയ്ക്ക് മികച്ച കൂട്ടായി. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 46 പന്തില്‍ അര്‍ധസെഞ്ചുറി കുട്ടുകെട്ടുയര്‍ത്തി.
പ്രതീക്ഷ നല്‍കി ചാഹല്‍ : പതിനാലാം ഓവറില്‍ മികച്ച രീതിയില്‍ ബാറ്റേന്തുകയായിരുന്ന ഹാര്‍ദിക് പാണ്ഡ്യയെ പുറത്താക്കി ചാഹല്‍ രാജസ്ഥാന് ആശ്വാസം പകര്‍ന്നു. 30 പന്തുകളില്‍ നിന്ന് മൂന്ന് ഫോറിന്‍റെയും ഒരു സിക്‌സിന്‍റെയും അകമ്പടിയോടെ 34 റണ്‍സ് നേടി നിര്‍ണായക ഇന്നിങ്‌സ് കാഴ്‌ചവെച്ചാണ് ഗുജറാത്ത് നായകന്‍ ക്രീസ് വിട്ടത്.
തല്ലിത്തകർത്ത് മില്ലര്‍ :പിന്നീട് ക്രീസിലെത്തിയ മില്ലർ രാജസ്ഥാൻ പ്രതീക്ഷകളെ തല്ലിത്തകർത്തു. തകര്‍പ്പന്‍ ബാറ്റിങ്ങിലൂടെ ഗില്ലിനൊപ്പം ചേര്‍ന്ന മില്ലര്‍ ടീമിന് വിജയം സമ്മാനിച്ചു. 19 പന്തുകളില്‍ നിന്ന് 32 റണ്‍സാണ് മില്ലര്‍ നേടിയത്. രാജസ്ഥാന് വേണ്ടി ബോള്‍ട്ട്, പ്രസിദ്ധ്, ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ, ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 130 റണ്‍സെടുത്തു. 35 പന്തില്‍ 39 റണ്‍സെടുത്ത ബട്‌ലറാണ് രാജസ്ഥാന്‍റെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 11 പന്തില്‍ 14 റണ്‍സെടുത്ത് പുറത്തായി. ഗുജറാത്തിനായി ഹാര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ സായ് കിഷോര്‍ രണ്ടും റാഷിദ് ഖാന്‍ ഒരു വിക്കറ്റും വീഴ്ത്തി.