ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ വിജയത്തോടെ 16ാം സീസണില്‍ മിന്നും തുടക്കം കുറിക്കാന്‍ രാജസ്ഥാന്‍ റോയല്‍സിന് കഴിഞ്ഞിരുന്നു. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ ആധിപത്യം പുലര്‍ത്തിയായിരുന്നു സഞ്‌ജു സാംസണിന്‍റെ നേതൃത്വത്തില്‍ ഇറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് മത്സരം പിടിച്ചത്. ആദ്യം ബാറ്റുചെയ്‌ത രാജസ്ഥാന്‍ സഞ്‌ജു സാംസണ്‍, ജോസ് ബട്‌ലര്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവരുടെ അര്‍ധ സെഞ്ചുറിയുടെ മികവില്‍ മികച്ച സ്‌കോര്‍ കണ്ടെത്തിയിരുന്നു.
മറുപടിക്കിറങ്ങിയ ഹൈദരാബദിന്‍റെ നടുവൊടിച്ചത് സ്റ്റാർ സ്പിന്നർ യുസ്‌വേന്ദ്ര ചാഹലിന്‍റെ പ്രകടനമായിരുന്നു. നാല് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റായിരുന്നു ചാഹല്‍ വീഴ്‌ത്തിയത്. മത്സരത്തിലെ ആദ്യ വിക്കറ്റ് നേടിയതോടെ ടി20 ക്രിക്കറ്റിൽ 300 വിക്കറ്റുളെന്ന ചരിത്ര നേട്ടം സ്വന്തമാക്കാന്‍ താരത്തിന് കഴിഞ്ഞു.
അപകടകാരിയായ ഹാരി ബ്രൂക്കിന്‍റെ കുറ്റി പിഴുതുകൊണ്ടായിരുന്നു താരം നിര്‍ണായക നേട്ടം ആഘോഷിച്ചത്. മത്സരം കാണാന്‍ സ്റ്റേഡിയത്തിലുണ്ടായിരുന്ന താരത്തിന്‍റെ ഭാര്യ ധനശ്രീ വര്‍മ സന്തോഷത്താല്‍ കുക്കിവിളിച്ചും കയ്യടിച്ചുമാണ് ഈ നിമിഷം ആഘോഷിച്ചത്. രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ധനശ്രീയുടെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
വീഡിയോ കാണാം..ബ്രൂക്കിന് പിന്നാലെ ഹൈദരാബാദിന്‍റെ മായങ്ക് അഗർവാൾ, ആദിൽ റഷീദ്, ക്യാപ്റ്റൻ ഭുവനേശ്വർ കുമാർ എന്നിവരെയും ചാഹല്‍ തിരിച്ച് കയറ്റിയിരുന്നു. ഇതോടെ നിലവില്‍ 265 മത്സരങ്ങളിൽ, 23.60 ശരാശരിയിലും 7.58 ഇക്കോണമി റേറ്റിലും 303 വിക്കറ്റുകളാണ് ചാഹലിന്‍റെ അക്കൗണ്ടിലുള്ളത്. ഇതില്‍ 91 വിക്കറ്റുകള്‍ ഇന്ത്യയ്‌ക്കായും 170 വിക്കറ്റുകള്‍ ഐപിഎല്ലിലുമാണ് ചാഹല്‍ നേടിയത്.