കേരളം

kerala

ETV Bharat / sports

IPL 2023| നായകൻ്റെ ഇന്നിങ്സുമായി രോഹിത്; സീസണിലെ ആദ്യ ജയവുമായി മുംബൈ

ഡൽഹിയുടെ 173 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ മുംബൈ അവസാന പന്തിലാണ് വിജയം പിടിച്ചെടുത്തത്. അതേസമയം സീസണിൽ ഡൽഹിയുടെ തുടർച്ചയായ നാലാം തോൽവിയാണിത്.

IPL  IPL 2023  Delhi Capitals vs Mumbai Indians highlights  Delhi Capitals  Mumbai Indians  Rohit sharma  david warner  axar patel  ഐപിഎല്‍  ഐപിഎല്‍ 2023  മുംബൈ ഇന്ത്യന്‍സ്  ഡല്‍ഹി ക്യാപിറ്റല്‍സ്  രോഹിത് ശര്‍മ  അക്‌സര്‍ പട്ടേല്‍  IPL highlights
IPL 2023

By

Published : Apr 11, 2023, 11:28 PM IST

Updated : Apr 11, 2023, 11:35 PM IST

ന്യൂഡല്‍ഹി:ഇന്ത്യൻ പ്രീമിയർ ലീഗിലെ ആവേശപ്പോരാട്ടത്തിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരെ മുംബൈ ഇന്ത്യൻസിന് 6 വിക്കറ്റിൻ്റെ തകർപ്പൻ ജയം. ഡൽഹിയുടെ 173 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ മുംബൈ അവസാന പന്തിൽ 4 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. അർധസെഞ്ച്വറി നേടിയ നായകൻ രോഹിത് ശർമയുടെ ഇന്നിങ്സാണ് മുംബൈയുടെ വിജയത്തിൽ നിർണായകമായത്.

ഡല്‍ഹി ഉയര്‍ത്തിയ 173 റണ്‍സിന്‍റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന മുംബൈയ്‌ക്ക് വെടിക്കെട്ട് തുടക്കമായിരുന്നു ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും നല്‍കിയത്. മുകേഷ് കുമാര്‍ എറിഞ്ഞ ആദ്യ ഓവറില്‍ ഒരു സിക്‌സും രണ്ടു ഫോറുകളും സഹിതം 14 റണ്‍സാണ് രോഹിത് നേടിയത്. രണ്ടാം ഓവര്‍ എറിഞ്ഞ മുസ്തഫിസുർ റഹ്മാനെതിരെ ഹാട്രിക് ബൗണ്ടറികളുമായി ഇഷാനും ആക്രമണം അഴിച്ചുവിട്ടു. തുടര്‍ന്നെത്തിയ ആൻറിച്ച് നോർട്ട്ജെ അടി വാങ്ങിയതോടെ മൂന്ന് ഓവറില്‍ 42 റണ്‍സ് നേടാന്‍ മുംബൈക്ക് കഴിഞ്ഞിരുന്നു.

അഞ്ചാം ഓവറില്‍ 50 റണ്‍സ് പിന്നിട്ട സംഘം വിക്കറ്റ് നഷ്‌ടമില്ലാതെ 68 റണ്‍സ് എന്ന സ്‌കോറിനാണ് പവര്‍പ്ലേ അവസാനിപ്പിച്ചത്. എന്നാല്‍ എട്ടാം ഓവറിന്‍റെ മൂന്നാം പന്തില്‍ ഇഷാനെ മുംബൈക്ക് നഷ്‌ടമായി. 26 പന്തില്‍ അറ് ഫോറുകള്‍ സഹിതം 31 റണ്‍സ് നേടിയ താരം റണ്ണൗട്ടാവുകയായിരിന്നു. ഒന്നാം വിക്കറ്റില്‍ 71 റണ്‍സാണ് ഇഷന്‍-രോഹിത് സഖ്യം ചേര്‍ത്തത്.

തുടര്‍ന്നെത്തിയ തിലക് വര്‍മയ്‌ക്കൊപ്പം രോഹിത് മുംബൈയെ മുന്നോട്ട് നയിച്ചു. ഇരുവരും ചേര്‍ന്ന് 12-ാം ഓവറില്‍ മുംബൈയെ 100 കടത്തി. ഇതിനിടെ 29 പന്തുകളില്‍ നിന്നും രോഹിത് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു. ഐപിഎല്ലില്‍ 24 ഇന്നിങ്‌സുകളുടെ ഇടവേളയ്‌ക്ക് ശേഷമാണ് രോഹിത് അര്‍ധ സെഞ്ചുറി നേടുന്നത്. തുടര്‍ന്ന് 16-ാം ഓവറിന്‍റെ അഞ്ചാം പന്തില്‍ മുകേഷ് കുമാറാണ് ഈ കൂട്ടുകെട്ട് പൊളിക്കുന്നത്.

മുകേഷിന്‍റെ ആദ്യ മൂന്ന് പന്തുകളില്‍ ഒരു ഫോറും രണ്ട് സികസും നേടിയ തിലക് വീണ്ടുമൊരു സിക്‌സിനായുള്ള ശ്രമത്തിനിടെ ഡീപ് മിഡ് വിക്കറ്റില്‍ മനീഷ് പാണ്ഡെയുടെ കയ്യില്‍ ഒതുങ്ങുകയായിരുന്നു. 29 പന്തില്‍ നാല് സിക്‌സുകളും ഒരു ഫോറും സഹിതം 41 റണ്‍സാണ് താരം നേടിയത്.

തുടര്‍ന്നെത്തിയ സൂര്യകുമാര്‍ യാദവിനെ തൊട്ടടുത്ത പന്തില്‍ തന്നെ മുകേഷ് കുല്‍ദീപ് യാദവിന്‍റെ കയ്യിലെത്തിച്ചു. തന്‍റെ അവസാനത്തെ ആറ് വൈറ്റ് ബോള്‍ ഇന്നിങ്‌സുകളില്‍ ഇതു നാലാം തവണയാണ് സൂര്യ ഗോള്‍ഡന്‍ ഡെക്കാവുന്നത്. പിന്നാലെ ടീം സ്കോർ 148ൽ നിൽക്കെ നായകൻ രോഹിത് ശർമയേയും മുംബൈക്ക് നഷടമായി. 45 പന്തിൽ ആറ് ഫോറും 4 സികസും ഉൾപ്പെടെ 65 റൺസ് നേടിയാണ് താരം പുറത്തായത്.

തുടർന്ന് ഇംപാക്ട് പ്ലയറായി ക്രീസിലെത്തിയ ടിം ഡേവിഡും (13) കാമറൂൺ ഗ്രീനും (17) ചേർന്ന് മുംബൈയെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു. ആൻറിച്ച് നോർട്ട്ജെ എറിഞ്ഞ അവസാന ഓവറിൽ അഞ്ച് റൺസായിരുന്നു മുംബൈക്ക് ജയിക്കാൻ വേണ്ടിയിരുന്നത്.

യോർക്കറുകളുമായി കളം നിറഞ്ഞ താരം മുംബൈയെ പ്രതിരോധത്തിലാക്കിയെങ്കിലും അവസാന പന്തിൽ രണ്ട് റൺസ് ഓടിയെടുത്ത് മുംബൈ വിജയം പിടിച്ചെടുക്കുകയായിരുന്നു. ഡൽഹിക്കായി മുകേഷ് കുമാർ രണ്ട് വിക്കറ്റ് നേടിയപ്പോൾ മുസ്തഫിസുർ റഹ്മാൻ ഒരു വിക്കറ്റ് വീഴത്തി.

അടിച്ചൊതുക്കി അക്സർ: നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഡല്‍ഹി ക്യാപിറ്റല്‍സ് 19.4 ഓവറില്‍ 172 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. തകപ്പന്‍ അര്‍ധ സെഞ്ചുറി നേടിയ അക്‌സര്‍ പട്ടേലാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. 25 പന്തില്‍ 54 റണ്‍സാണ് താരം നേടിയത്. ഡേവിഡ് വാര്‍ണറും 47 പന്തില്‍ 51 റണ്‍സെടുത്ത് നിര്‍ണായകമായി.

മുംബൈക്കായി ജേസൺ ബെഹ്‌റൻഡോർഫും പീയൂഷ് ചൗളയും മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി. ഡല്‍ഹിയുടേത് ഭേദപ്പെട്ട തുടക്കമായിരുന്നു. പവര്‍പ്ലേ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 51 റണ്‍സായിരുന്നു ടീം നേടിയത്.

ഓപ്പണര്‍ പൃഥ്വി ഷാ (10 പന്തില്‍ 15) ആയിരുന്നു ആദ്യം തിരിച്ച് കയറിയത്. ഹൃഥ്വിക് ഷൊക്കീന്‍ എറിഞ്ഞ നാലാം ഓവറിന്‍റെ നാലാം പന്തില്‍ കാമറൂണ്‍ ഗ്രീനിന് സ്‌ക്വയര്‍ ലെഗില്‍ ക്യാച്ച് നല്‍കിയാണ് താരത്തിന്‍റെ മടക്കം. മൂന്നാമന്‍ മനീഷ് പാണ്ഡെ ആക്രമണ ശൈലിയില്‍ ബാറ്റ് വീശിയപ്പോള്‍ ഏറെ പഴി കേള്‍ക്കുന്ന മെല്ലപ്പോക്ക് നയമായിരുന്നു നായകന്‍ ഡേവിഡ് വാര്‍ണറുടേത്. താളം കണ്ടെത്താന്‍ പാടുപെട്ട വാര്‍ണര്‍ സിംഗിളുകളിലൂടെയും ഡബിളുകളിലൂടെയുമാണ് ഇന്നിങ്‌സ് മുന്നോട്ട് നയിച്ചത്.

എന്നാല്‍ ഒമ്പതാം ഓവറിന്‍റെ മൂന്നാം പന്തില്‍ മനീഷ് പാണ്ഡെയെ ( 18 പന്തില്‍ 26) പുറത്താക്കിയ പീയുഷ്‌ ചൗള മുംബൈക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നീടെത്തിയ യാഷ്‌ ധുല്‍ (4 പന്തില്‍ 2), റോവ്‌മാന്‍ പവല്‍ (4 പന്തില്‍ 4), ലളിത് യാദവ് (4 പന്തില്‍ 2) എന്നിവര്‍ വന്നെ പാടെ മടങ്ങിയതോടെ ഡല്‍ഹി 12.3 ഓവറില്‍ അഞ്ചിന് 98 റണ്‍സ് എന്ന നിലയിലേക്ക് തകര്‍ന്നു. എന്നാല്‍ ഏഴാമനായി അക്‌സര്‍ പട്ടേല്‍ ക്രീസിലെത്തിയതോടെ ഡല്‍ഹി ഇന്നിങ്‌സിന് ജീവിന്‍ വച്ചു.

തുടക്കം ചില പന്തുകള്‍ പ്രതിരോധിച്ച താരം കത്തിക്കയറിയതോടെ ഡല്‍ഹിയുടെ സ്‌കോര്‍ ബോര്‍ഡ് ഉണര്‍ന്നു. വാര്‍ണറെ ഒരറ്റത്ത് സാക്ഷിയാക്കി നിര്‍ത്തിയ താരം 22 പന്തുകളിലാണ് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ഒടുവില്‍ 19ാം ഓവറിന്‍റെ ആദ്യ പന്തില്‍ അക്‌സറിനെ വീഴ്‌ത്തിയ ജേസൺ ബെഹ്‌റൻഡോർഫാണ് മുംബൈയെ മത്സരത്തിലേക്ക് തിരികെ എത്തിച്ചത്.

നാല് ഫോറുകളും അഞ്ച് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു അക്‌സറിന്‍റെ വെടിക്കെട്ട് ഇന്നിങ്‌സ്. രണ്ട് പന്തുകള്‍ക്കപ്പുറം വാര്‍ണറേയും ബെഹ്‌റൻഡോർഫ് പവലിയനിലേക്ക് അയച്ചു. തുടര്‍ന്നെത്തിയ അഭിഷേക് പോറെൽ (3 പന്തില്‍ 1), കുൽദീപ് യാദവ് (1 പന്തില്‍ 0), ആൻറിച്ച് നോർട്ട്ജെ (3 പന്തില്‍ 5) എന്നിവര്‍ വേഗം പുറത്തായതോടെ ഡല്‍ഹി ഇന്നിങ്‌സിന് തിരശീല വീഴുകയായിരുന്നു. മുസ്‌തഫിസുർ റഹ്മാൻ (1 പന്തില്‍ 1*) പുറത്താവാതെ നിന്നു. മുംബൈക്കായി റിലേ മെറിഡിത്ത് രണ്ടും ഹൃത്വിക് ഷോക്കീന്‍ ഒന്നും വിക്കറ്റുകള്‍ വീതവും നേടിയിരുന്നു.

ഡൽഹി ക്യാപിറ്റൽസ് (പ്ലേയിങ്‌ ഇലവൻ): പൃഥ്വി ഷാ, ഡേവിഡ് വാർണർ (ക്യാപ്റ്റന്‍), മനീഷ് പാണ്ഡെ, യാഷ് ദുൽ, റോവ്മാൻ പവൽ, ലളിത് യാദവ്, അക്‌സർ പട്ടേൽ, അഭിഷേക് പോറെൽ (വിക്കറ്റ് കീപ്പര്‍), കുൽദീപ് യാദവ്, ആൻറിച്ച് നോർട്ട്ജെ, മുസ്തഫിസുർ റഹ്മാൻ.

മുംബൈ ഇന്ത്യൻസ് (പ്ലേയിങ്‌ ഇലവൻ): രോഹിത് ശർമ (ക്യാപ്റ്റന്‍), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), കാമറൂൺ ഗ്രീൻ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, നെഹാൽ വധേര, ഹൃത്വിക് ഷോക്കീൻ, അർഷാദ് ഖാൻ, പിയൂഷ് ചൗള, ജേസൺ ബെഹ്‌റൻഡോർഫ്, റിലേ മെറിഡിത്ത്.

Last Updated : Apr 11, 2023, 11:35 PM IST

ABOUT THE AUTHOR

...view details