ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റിലെ ചെന്നൈ സൂപ്പര്‍ കിങ്‌സ്-സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. ചെന്നൈയുടെ തട്ടകമായ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്. കളിക്കളത്തില്‍ ഇന്ന് പിറക്കാനിരിക്കുന്ന മൂന്ന് റെക്കോഡുകള്‍ പരിശോധിക്കാം.
വമ്പന്‍ നേട്ടത്തിനരികെ ധോണി: ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നാല് തവണ കിരീടത്തിലേക്ക് നയിച്ചിട്ടുള്ള ക്യാപ്റ്റനാണ് എംഎസ് ധോണി. താരത്തിന്‍റെ ബാറ്റിലും ക്യാപ്റ്റന്‍സിയിലും വലിയ പ്രതീക്ഷയാണ് ചെന്നൈക്കും ആരാധകര്‍ക്കുമുള്ളത്. പരിക്കിന്‍റെ ആശങ്കയുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇന്ന് കളിക്കുമോയെന്നുറപ്പില്ല.
താരത്തിന്‍റെ കാല്‍മുട്ടിനേറ്റ പരിക്കാണ് ആശങ്കയ്‌ക്ക് ഇടയാക്കുന്നത്. എന്നാല്‍ ഇന്ന് കളിക്കാനിറങ്ങാന്‍ കഴിഞ്ഞാല്‍ ധോണിയെ ഒരു വമ്പന്‍ റെക്കോഡും കാത്തിരിപ്പുണ്ട്. ഹൈദരാബാദിനെതിരെ 37 റൺസ് കൂടി നേടിയാൽ ചെന്നൈ കൂപ്പായത്തില്‍ 4,500 റണ്‍സ് തികയ്‌ക്കുന്ന രണ്ടാമത്തെ മാത്രം താരമാവാന്‍ ധോണിക്ക് കഴിയും.
ചെന്നൈ കുപ്പായത്തില്‍ ഇതേവരെ കളിച്ച 183 ഇന്നിംഗ്‌സുകളിൽ നിന്നായി 40.5 ശരാശരിയിൽ 4,463 റൺസ് അടിച്ച് കൂട്ടാന്‍ ധോണിക്ക് കഴിഞ്ഞിട്ടുണ്ട്. മുന്‍ താരം സുരേഷ് റെയ്‌നയാണ് ചെന്നൈ കുപ്പായത്തില്‍ 4,500 റണ്‍സ് തികയ്‌ക്കുന്ന ആദ്യ താരം. ചെന്നൈക്കായി 4,687 റണ്‍സ് അടിച്ച് കൂട്ടിയിട്ടുള്ള സുരേഷ് റെയ്‌ന നിലവില്‍ ടീമിന്‍റെ എക്കാലത്തേയും മികച്ച റണ്‍ വേട്ടക്കാരന്‍ കൂടിയാണ്. ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്തും ധോണിയുണ്ട്.
രണ്ടടി ദൂരത്തില്‍ രഹാനെ: ഐപിഎൽ ചരിത്രത്തിലെ ഏറ്റവും അണ്ടർറേറ്റഡ് ബാറ്റര്‍മാരില്‍ ഒരാളാണ് അജിങ്ക്യ രഹാനെ. സീസണില്‍ ചെന്നൈക്കായി മിന്നും പ്രകടനമാണ് താരം നടത്തുന്നത്. ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കളിക്കാന്‍ ഒരുങ്ങുന്ന രഹാനെയും ഒരു സുപ്രധാന വ്യക്തിഗത നാഴികക്കല്ലിന് അരികിലാണ്.