കേരളം

kerala

ETV Bharat / sports

IPL 2023 | ചെപ്പോക്കിൽ ചെന്നൈ തന്നെ രാജക്കൻമാർ; ഡൽഹിയുടെ പ്ലേഓഫ് സ്വപ്നങ്ങൾ തുലാസിൽ

ചെന്നൈ സൂപ്പർ കിങ്സിൻ്റെ 168 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഡൽഹി ക്യാപ്പിറ്റൽസിന് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 140 റൺസേ നേടാനായുള്ളു.

IPL  Chennai Super Kings  Delhi Capitals  IPL 2023  CSK vs DC highlights  Rilee Rossouw  റിലീ റൂസ്സോ  axar patel  ഐപിഎല്‍  ചെന്നൈ സൂപ്പര്‍ കിങ്‌സ്  ഡല്‍ഹി ക്യാപിറ്റല്‍സ്  ഡേവിഡ് വാര്‍ണര്‍  എംഎസ് ധോണി  MS Dhoni  david warner
IPL 2023 ചെന്നൈ ഡൽഹി

By

Published : May 10, 2023, 11:34 PM IST

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരെ 27 റൺസിൻ്റെ കൂറ്റൻ ജയവുമായി ചെന്നൈ സൂപ്പർ കിങ്സ്. ചെന്നൈയുടെ 168 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഡൽഹിക്ക് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 140 റൺസേ നേടാനായുള്ളു. വിജയത്തോടെ 15 പോയിൻ്റുമായി ചെന്നൈ പോയിൻ്റ് പട്ടികയിൽ രണ്ടാം സ്ഥാനം ഒരിക്കൽക്കൂടി ഊട്ടി ഉറപ്പിച്ചു.

താരതമ്യേന ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റുവീശാനിറങ്ങിയ ഡൽഹിയുടെ തുടക്കം തന്നെ പാളി. ദീപക് ചഹാര്‍ എറിഞ്ഞ ആദ്യ ഓവറിന്‍റെ രണ്ടാം പന്തില്‍ തന്നെ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറെ (2 പന്തില്‍ 0) ഡല്‍ഹിക്ക് നഷ്‌ടമായി. പിന്നാലെ ഫിലിപ്‌ സാള്‍ട്ട് (11 പന്തില്‍ 17), മിച്ചല്‍ മാര്‍ഷ് (4 പന്തില്‍ 5) എന്നിവര്‍ തിരിച്ച് കയറിയതോടെ ഡല്‍ഹി 3.1 ഓവറില്‍ മൂന്ന് 25 എന്ന നിലയിലേക്ക് വീണു.

കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹിയുടെ ഹീറോയായ ഫിലിപ്‌ സാള്‍ട്ടിനെ ദീപക്‌ ചഹാര്‍ അമ്പാട്ടി റായിഡുവിന്‍റെ കയ്യിലെത്തിച്ചപ്പോള്‍ മാര്‍ഷ് അനാവശ്യ റൺസിനായി ഓടി റണ്ണൗട്ടാവുകയായിരുന്നു. തുടര്‍ന്ന് ഒന്നിച്ച മനീഷ്‌ പാണ്ഡെയും റിലീ റൂസ്സോയും ശ്രദ്ധയോടെ ബാറ്റ് വീശിയതോടെ ഡല്‍ഹിക്ക് പ്രതീക്ഷ വച്ചു. എന്നാല്‍ മതീഷ പതിരണയെക്കൊണ്ടുവന്ന് ധോണി ഈ കൂട്ടുകെട്ട് പൊളിച്ചു.

13-ാം ഓവറിന്‍റെ അവസാന പന്തില്‍ മനീഷ് പാണ്ഡെയെ (29 പന്തില്‍ 27) പതിരണ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. നാലാം വിക്കറ്റില്‍ 59 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. തൊട്ടുപിന്നാലെ തന്നെ റിലീ റൂസ്സോയും പുറത്തായി. 37 പന്തിൽ 35 റൺസ് നേടിയ താരത്തെ രവീന്ദ്ര ജഡേജ പുറത്താക്കുകയായിരുന്നു.

തുടർന്ന് ക്രീസിലെത്തിയ റിപൽ പട്ടേലും അക്സർ പട്ടേലും ചേർന്ന് ടീം സ്കോർ 100 കടത്തി. 17-ാം ഓവറിൻ്റെ അവസാന പന്തിൽ അക്സർ പട്ടേലിനെ പുറത്താക്കി മതീഷ പതിരണയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 18-ാം ഓവറിൻ്റെ അവസാന പന്തിൽ റിപൽ പട്ടേലും റൺ ഔട്ട് ആയതോടെ ഡൽഹി തോൽവി ഉറപ്പിച്ചു.

തുടർന്ന് 19-ാം ഓവറിൻ്റെ അവസാന പന്തിൽ ലളിത് യാദവിനെയും (12) പുറത്താക്കി ചെന്നൈ വിജയം രാജകീയമാക്കി. ചെന്നൈക്കായി മതീഷ പതിരണ മൂന്ന് വിക്കറ്റ് നേടിയപ്പോൾ ദീപക് ചഹാർ രണ്ട് വിക്കറ്റും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും സ്വന്തമാക്കി.

പതിഞ്ഞ താളത്തിൽ ചെന്നൈ: നേരത്തെ ടോസ് നേടി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തിലാണ് 167 റണ്‍സ് നേടിയത്. തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റ് വീഴ്‌ത്തിക്കൊണ്ടാണ് ഡല്‍ഹി ബോളര്‍മാര്‍ ചെന്നൈ ബാറ്റിങ്‌ നിരയ്‌ക്ക് കടിഞ്ഞാണിട്ടത്. 12 പന്തില്‍ 25 റണ്‍സെടുത്ത ശിവം ദുബെ ആയിരുന്നു സംഘത്തിന്‍റെ ടോപ് സ്‌കോറര്‍.

ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ തുടക്കം പതിഞ്ഞതായിരുന്നു. ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 49 റണ്‍സായിരുന്നു പവര്‍പ്ലേയില്‍ ടീമിന് നേടാന്‍ കഴിഞ്ഞത്. ഡെവോണ്‍ കോണ്‍വെയാണ് ആദ്യം മടങ്ങിയത്. കോണ്‍വെയെ (13 പന്തില്‍ 10) അഞ്ചാം ഓവറിന്‍റെ ആദ്യ പന്തില്‍ അക്‌സര്‍ പട്ടേല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി.

ഏഴാം ഓവറിന്‍റെ ആദ്യ പന്തില്‍ റിതുരാജ് ഗെയ്‌ക്‌വാദിനേയും (18 പന്തില്‍ 24) വീഴ്‌ത്തിയ അക്‌സര്‍ ചെന്നൈക്ക് തുടര്‍ പ്രഹരം നല്‍കി. റിതുരാജിനെ ലോങ്‌ ഓഫില്‍ അമന്‍ ഹക്കീം ഖാന്‍ പിടികൂടുകയായിരുന്നു. തൊട്ടുപിന്നാലെ മൊയീന്‍ അലിയും (12 പന്തില്‍ 21) അജിങ്ക്യ രഹാനെയും (20 പന്തില്‍ 21) മടങ്ങിയതോടെ ചെന്നൈ പ്രതിരോധത്തിലായി.

മൊയീന്‍ അലിയെ കുല്‍ദീപ് യാദവ് മിച്ചല്‍ മാര്‍ഷിന്‍റെ കയ്യില്‍ എത്തിച്ചപ്പോള്‍ രഹാനയെ സ്വന്തം പന്തില്‍ ഒരു കിടിലന്‍ ക്യാച്ചിലൂടെ ലളിത് യാദവ് പിടികൂടി. പിന്നീട് ഒന്നിച്ച അമ്പാട്ടി റായിഡുവും ശിവം ദുബെയും സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമം നടത്തി.

ലളിത് യാദവ് എറിഞ്ഞ 14-ാം ഓവറില്‍ ഇരുവരും ചേര്‍ന്ന് 23 റണ്‍സ് അടിച്ചതോടെ ചെന്നൈ നൂറ് കടന്നു. തൊട്ടടുത്ത ഓവറില്‍ അപകടകാരിയായ ദുബൈയെ ചെന്നൈക്ക് നഷ്‌ടമായി. ദുബെയെ ഡേവിഡ് വാര്‍ണറുടെ കയ്യിലെത്തിച്ച മിച്ചല്‍ മാര്‍ഷാണ് ഡല്‍ഹിക്ക് ബ്രേക്ക് ത്രൂ നല്‍കിയത്.

വൈകാതെ റായിഡുവും (17 പന്തില്‍ 23) മടങ്ങിയതോടെ ചെന്നൈ 16.2 ഓവറില്‍ 126/6 എന്ന നിലയിലേക്ക് വീണു. തുടര്‍ന്ന് ഒന്നിച്ച എംഎസ്‌ ധോണിയും രവീന്ദ്ര ജഡേജയും സാഹചര്യത്തിന് അനുസരിച്ച് ബാറ്റ് വീശിയതോടെയാണ് ചെന്നൈ ഭേദപ്പെട്ട സ്‌കോര്‍ ഉറപ്പിച്ചത്.

ഏഴാം വിക്കറ്റില്‍ 38 റണ്‍സാണ് ഇരുവും ചേര്‍ന്ന് നേടിയത്. ഇന്നിങ്‌സിന്‍റെ അവസാന ഓവറിന്‍റെ ആദ്യ പന്തില്‍ ജഡേജയേയും (16 പന്തില്‍ 12) പിന്നാലെ ധോണിയേയും (9 പന്തില്‍ 20) മാര്‍ഷ് മടക്കി. ദീപക്‌ ചഹാര്‍ ( 2പന്തില്‍ 1*), തുഷാര്‍ ദേശ്‌പാണ്ഡെ (1 പന്തില്‍ 0*)എന്നിവര്‍ പുറത്താവാതെ നിന്നു.

ഡല്‍ഹി ക്യാപിറ്റല്‍സിനായി മിച്ചല്‍ മാര്‍ഷ് മൂന്നും അക്‌സര്‍ പട്ടേല്‍ രണ്ടും വിക്കറ്റുകള്‍ സ്വന്തമാക്കി. ഖലീല്‍ അഹമ്മദ്, ലളിത് യാദവ്, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും വീഴ്‌ത്തി.

ABOUT THE AUTHOR

...view details