ചെന്നൈ: പണം കായ്‌ക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ മിനി താരലേലത്തില്‍ വിദേശ താരങ്ങൾക്ക് വൻ ഡിമാൻഡ്. ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ക്രിസ് മോറിസിനെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയ്ക്ക് രാജസ്ഥാൻ റോയല്‍സ് സ്വന്തമാക്കി. 16.25 കോടിയാണ് മോറിസിന്‍റെ വില. വാർഷിക പ്രതിഫലമായി 17 കോടി ലഭിക്കുന്ന വിരാട് കോലിയാണ് ഐപിഎല്ലിന്‍റെ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരം. ആർസിബി നായകനായ കോലിയെ താരലേലത്തില്‍ ഉൾപ്പെടുത്താറില്ലെന്നതും ശ്രദ്ധേയമാണ്. 2015ല്‍ 16 കോടിക്ക് ഡല്‍ഹി ഡെയർഡെവിൾസിലെത്തിയ ഇന്ത്യൻതാരം യുവ്‌രാജ് സിങിന്‍റെ റെക്കോഡാണ് മോറിസ് തകർത്തത്.
15 കോടിയുടെ തിളക്കവുമായി ന്യൂസിലന്‍റ് താരം കെയിൽ ജാമിസണ്‍ ആണ് മോറിസിനു പിന്നിൽ. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് ലേലത്തിലെ രണ്ടാമത്തെ ഉയർന്ന തുക നൽകി ജാമിസണെ സ്വന്തമാക്കിയത്. ഓസീസ് താരം മാക്‌സ്‌വെല്ലിന് ഇത്തവണയും ഐപിഎല്ലില്‍ വൻ തുക ലഭിച്ചു. 14.25 കോടിക്ക് മാക്‌സ്‌വെല്ലിനെ ബാംഗ്ലൂർ റോയല്‍ ചലഞ്ചേഴ്‌സ് സ്വന്തമാക്കി. ഐപിഎല്ലിലെ പുത്തൻ താരോദയമായി ഓസീസ് താരം ജെയ് റിച്ചാഡ്‌സ്ൺ മാറി. 14 കോടിക്ക് ജെയ് റിച്ചാഡ്‌സൺ പഞ്ചാബിലേക്ക് പോയതും ശ്രദ്ധേയമാണ്. കർണാടകൻ ഓൾറൗണ്ടൻ കൃഷ്‌ണപ്പ ഗൗതമാണ് ഇന്ത്യൻ താരങ്ങളിൽ ഏറ്റവും കൂടുതൽ തുക നേടിയത്. ചെന്നൈ സൂപ്പർ കിങ്ങ്‌സ് 9.25 കോടിക്കാണ് ഗൗതത്തെ സ്വന്തമാക്കിയത്. ഐപിഎൽ ചരിത്രത്തിൽ തന്നെ ഇന്ത്യൻ സീനിയർ ടീമിൽ എത്താത്ത ഒരു കളിക്കാരന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണ് ഗൗതത്തിന് ലഭിച്ചത്. ഗൗതത്തിന് പിന്നാലെ ഉയർന്ന തുക ലഭിച്ച ഇന്ത്യൻ താരം ഓൾറൗണ്ടർ ശിവം ദുബെയ്ക്ക് 4.40 കോടിയാണ് രാജസ്ഥാൻ റോയല്‍സ് വില നല്‍കുന്നത്.
ഇംഗ്ലീഷ് ഓൾറൗണ്ടർ മോയിൻ അലിയെ 7 കോടിക്ക് ചെന്നൈ സ്വന്തമാക്കിയപ്പോൾ സ്റ്റീവ് സ്‌മിത്തിനെ 2.2 കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി. ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഡാനിയൽ ക്രിസ്റ്റ്യനെ 4.80 കോടി രൂപയ്‌ക്കാണ് ആർസിബി ടീമിലെത്തിച്ചത്. ഓസ്‌ട്രേലിയൻ ആഭ്യന്തര താരം റയ്‌ലി മെർഡിത്തിനെ എട്ട് കോടിക്കാണ് പഞ്ചാബ് കിംഗ്‌സ് സ്വന്തമാക്കിയത്. 40 ലക്ഷം അടിസ്ഥാന വിലയുമായെത്തിയ പുതുമുഖത്തെ തുണച്ചത് ബിഗ് ബാഷ് ലീഗിലെ പ്രകടനമാണ്. ന്യൂസിലൻഡ് പേസ് ബൗളർ ആദം മില്‍നെയെ 3.20 കോടിക്ക് മുംബൈ ഇന്ത്യൻസും സ്വന്തമാക്കി. വൻ തുക പ്രതീക്ഷിച്ച ഇംഗ്ളീഷ് ബാറ്റ്‌സ്‌മാൻ ഡേവിഡ് മലനെ 1.50 കോടിക്ക് പഞ്ചാബ് കിംഗ്‌സ് സ്വന്തമാക്കി. നതാൻ കോർട്ടല്‍ നൈലിന് മുംബൈ നല്‍കിയ വില അഞ്ച് കോടിയാണ്. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ സാം ബില്ലിങ്ങ്‌സിനെ ഡൽഹി ക്യാപ്പിറ്റൽസ് രണ്ട് കോടിക്ക് ടീമിലെത്തിച്ചു.
അഫ്‌ഗാൻ താരം മുജീബ് ഉർ റഹ്‌മാനെ 1.50 കോടിക്കാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ജനിച്ച് അന്താരാഷ്‌ട്ര ക്രിക്കറ്റിൽ അരങ്ങേറിയ ആദ്യ പുരുഷതാരമാണ് മുജീബ്. ചേദൻ സക്കറിയയെ 1.20 കോടിക്ക് രാജസ്ഥാൻ റോയൽസ് ടീമിലെത്തിച്ചു. സച്ചിന്‍റെ മകൻ അർജുൻ ടെൻഡുൽക്കറെ അടിസ്ഥാന വിലയായ 20 ലക്ഷത്തിനാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്.
ഇന്ത്യൻ വെറ്ററൻ താരം പീയൂഷ് ചൗളയ്ക്ക് ഇത്തവണയും വിലയുണ്ട്. 2.40 കോടിക്കാണ് ചൗളയെ മുംബൈ സ്വന്തമാക്കിയത്. ഇന്ത്യൻ പേസർ ഉമേഷ് യാദവിനെ ഒരു കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി. ബംഗ്ലാദേശ് ബൗളർ മുസ്‌തഫിസുർ റഹ്‌മാൻ ഒരു കോടിക്ക് രാജസ്ഥാനിലെത്തി. കേരള താരങ്ങളായ വിഷ്‌ണു വിനോദിനെ ഡല്‍ഹി ക്യാപിറ്റല്‍സും മുഹമ്മദ് അസ്‌ഹറുദ്ദീനെയും സച്ചിൻ ബേബിയെയും ആർസിബിയും സ്വന്തമാക്കി. മൂന്ന് താരങ്ങൾക്കും 20 ലക്ഷമാണ് വില.