കേരളം

kerala

ETV Bharat / sports

'ഞാൻ ബോളെറിഞ്ഞിരുന്നെങ്കില്‍ അവർ 40 റൺസിന് ഓൾഔട്ട് ആയേനെ': രാജസ്ഥാനെ വീഴ്‌ത്തിയതിന് പിന്നാലെ വിരാട് കോലി

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ കൂറ്റന്‍ വിജയം ആഘോഷമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരങ്ങള്‍.

Virat Kohli Reacts After RCB Bundle Out RR  Virat Kohli  RCB vs RR  rajasthan royals  royal challengers bangalore  വിരാട് കോലി  രാജസ്ഥാന്‍ റോയല്‍സ്  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍  സഞ്‌ജു സാംസണ്‍  sanju samson
രാജസ്ഥാനെ വീഴ്‌ത്തിയതിന് പിന്നാലെ വിരാട് കോലി

By

Published : May 15, 2023, 7:19 PM IST

ജയ്‌പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റിലെ നിര്‍ണായക മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് തോറ്റമ്പിയിരുന്നു. സ്വന്തം തട്ടകമായ സവായ് മാന്‍സിങ്‌ സ്റ്റേഡിയത്തില്‍ 112 റൺസിന്‍റെ വമ്പൻ തോല്‍വിയായിരുന്നു മലയാളി താരം സഞ്‌ജു സാംസണ്‍ നയിച്ച രാജസ്ഥാന്‍ വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്‌ത റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നേടിയ 171 റണ്‍സിന് മറുപടിക്കിറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് 10.3 ഓവറിൽ 59 റൺസിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ചെറിയ മൂന്നാമത്തെ സ്കോറാണിത്. 2017-ല്‍ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് 47 റണ്‍സിന് പുറത്തായതാണ് ഐപിഎല്ലിന്‍റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്‌കോര്‍. 2009-ൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ തന്നെ രാജസ്ഥാന്‍ റോയല്‍സ് 58 റൺസിന് പുറത്തായതാണ് പിന്നിലുള്ളത്.

എന്നാല്‍ താന്‍ കൂടെ ബോളെറിഞ്ഞിരുന്നുവെങ്കില്‍ രാജസ്ഥാൻ റോയല്‍സ് ഇതിലും നേരത്തെ ഓള്‍ ഔട്ട് ആവുമായിരുന്നുവെന്നാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയുടെ വാദം. മത്സരത്തിനു ശേഷം ഡ്രസിങ് റൂമിലെ സെലിബ്രേഷൻ വീഡിയോ ബാംഗ്ലൂര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുണ്ട്. "ഞാൻ ബോളെറിഞ്ഞിരുന്നുവെങ്കില്‍, അവർ 40 റൺസിന് ഓൾ ഔട്ട് ആയേനെ" എന്ന കോലിയുടെ വാക്കുകളാണ് വിഡീയോയില്‍ കേള്‍ക്കാന്‍ കഴിയുന്നത്.

മത്സരത്തിലെ തോല്‍വിയോടെ രാജസ്ഥാന്‍ റോയല്‍സിന്‍റെ പ്ലേ ഓഫ്‌ സാധ്യതകള്‍ക്കും മങ്ങലേറ്റു. ആദ്യം ബാറ്റു ചെയ്യാന്‍ ഇറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തിലാണ് 171 റണ്‍സ് എന്ന സ്‌കോറിലേക്ക് എത്തിയത്. ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസ് (44 പന്തില്‍ 55), ഗ്ലെന്‍ മാക്‌സ്‌വെല്‍ (33 പന്തില്‍ 54) എന്നിവര്‍ ടീമിനായി അര്‍ധ സെഞ്ചുറി നേടി. അവസാന ഓവറുകളില്‍ ആക്രമിച്ച് കളിച്ച അനൂജ് റാവത്തിന്‍റെ (11 പന്തില്‍ 29*) പ്രകടനവും ടീമിന് മുതല്‍ക്കൂട്ടായി. 19 പന്തില്‍ 18 റണ്‍സാണ് കോലിക്ക് നേടാന്‍ കഴിഞ്ഞത്.

മറുപടിക്കിറങ്ങിയ രാജസ്ഥാനാവാട്ടെ തുടക്കം തൊട്ടുള്ള തകര്‍ച്ചയില്‍ നിന്നും ഒരിക്കലും കരകയറാനായില്ല. 19 പന്തില്‍ 35 റണ്‍സ് നേടിയ ഷിമ്രോണ്‍ ഹെറ്റ്‌മെയറായിരുന്നു രാജസ്ഥാന്‍റെ ടോപ് സ്‌കോറര്‍. ജോ റൂട്ടാണ് (15 പന്തില്‍ 10) രണ്ടക്കം കണ്ട മറ്റൊരു രാജസ്ഥാന്‍ താരം. യശസ്വി ജയ്‌സ്വാള്‍ (2 പന്തില്‍ 0), ജോസ് ബട്‌ലര്‍ (2 പന്തില്‍ 0), സഞ്‌ജു സാംസണ്‍ (5 പന്തില്‍ 4), ദേവ്‌ദത്ത് പടിക്കല്‍ (4 പന്തില്‍ 4), ധ്രുവ് ജൂറല്‍ (7 പന്തില്‍ 1), ആര്‍ അശ്വിന്‍ (0 പന്തില്‍ 0), ആദം സാംപ (6 പന്തില്‍ 2), കെഎം ആസിഫ് (2 പന്തില്‍ 0) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാന. റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂരിനായി വെയ്ന്‍ പാര്‍നെല്‍ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. മൈക്കല്‍ ബ്രേസ്‌വെല്‍, കർൺ ശർമ എന്നിവര്‍ രണ്ട് വിക്കറ്റ് വീതമുണ്ട്.

ALSO READ: IPL 2023| 'ക്ഷമിക്കണം, ആ ചോദ്യത്തിന് എനിക്ക് ഉത്തരമില്ല'; രാജസ്ഥാന്‍റെ തകര്‍ച്ചയുടെ കാരണമറിയാതെ സഞ്‌ജു സാംസണ്‍

ABOUT THE AUTHOR

...view details