ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ പിടിച്ച് കെട്ടി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബോളര്‍മാര്‍. ആദ്യം ബാറ്റ് ചെയ്‌ത ഡല്‍ഹിക്ക് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 144 റണ്‍സാണ് എടുക്കാന്‍ കഴിഞ്ഞത്. വമ്പന്‍ തകര്‍ച്ച നേരിട്ട ഡല്‍ഹിയെ ആറാം വിക്കറ്റില്‍ ഒന്നിച്ച മനീഷ് പാണ്ഡെയും അക്‌സര്‍ പട്ടേലും ചേര്‍ന്നാണ് മാന്യമായ നിലയില്‍ എത്തിച്ചത്.
ഇന്നിങ്‌സിന്‍റെ മൂന്നാം പന്തില്‍ തന്നെ ഡല്‍ഹി ക്യാപിറ്റല്‍സിന് ആദ്യ വിക്കറ്റ് നഷ്‌ടമായി. ഫിലിപ് സാള്‍ട്ടിനെ (1 പന്തില്‍ 0) ഭുവനേശ്വര്‍ കുമാര്‍ വിക്കറ്റ് കീപ്പര്‍ ഹെൻറിച്ച് ക്ലാസന്‍റെ കയ്യില്‍ എത്തിക്കുകയായിരുന്നു. ഈ ഓവറില്‍ വെറും രണ്ട് റണ്‍സ് മാത്രമാണ് ഭുവി വഴങ്ങിയത്. തുടര്‍ന്നെത്തിയ മിച്ചല്‍ മാര്‍ഷ് മാർക്കോ ജാൻസെൻ എറിഞ്ഞ രണ്ടാം ഓവറില്‍ തുടര്‍ച്ചയായ നാല് ബൗണ്ടറികളടക്കം 19 റണ്‍സ് അടിച്ച് കൂട്ടി.
പങ്കാളിയായ ഡേവിഡ് വാര്‍ണര്‍ താളം കണ്ടെത്താന്‍ പ്രയാസപ്പെട്ടതോടെ ഭുവി എറിഞ്ഞ മൂന്നാം ഓവറില്‍ ഒരു റണ്‍സ് മാത്രമാണ് പിറന്നത്. എന്നാല്‍ വാഷിങ്‌ടണ്‍ സുന്ദര്‍ എറിഞ്ഞ നാലാം ഓവറില്‍ ഒരു ഫോറും ഒരു സിക്‌സും നേടിയ വാര്‍ണര്‍ പതിയ ഗിയര്‍ മാറ്റി. ഐപിഎല്ലിന്‍റെ 16-ാം സീസണില്‍ വാര്‍ണര്‍ നേടുന്ന ആദ്യ സിക്‌സാണിത്.
പക്ഷെ തൊട്ടടുത്ത ഓവറില്‍ മാര്‍ഷിനെ വീഴ്‌ത്തിയ ടി നടരാജന്‍ ഹൈദരാബാദിന് ബ്രേക്ക് ത്രൂ നല്‍കി. 15 പന്തില്‍ അഞ്ച് ബൗണ്ടറികള്‍ സഹിതം 25 റണ്‍സെടുത്ത മാര്‍ഷിനെ നടരാജന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. പവര്‍പ്ലേ പിന്നിടുമ്പോള്‍ 49-2 എന്ന നിലയിലായിരുന്നു ഡല്‍ഹി. എന്നാല്‍ രണ്ട് ഓവറിനപ്പുറം ഡേവിഡ് വാര്‍ണര്‍ (20 പന്തില്‍ 20), സര്‍ഫറാസ് ഖാന്‍ (9 പന്തില്‍ 10), അമൻ ഹക്കിം ഖാൻ (2 പന്തില്‍ 4) എന്നിവരെ മടക്കിയ വാഷിങ്‌ടണ്‍ സുന്ദര്‍ ടീമിന് കനത്ത പ്രഹരം നല്‍കി.