ഹൈദരാബാദ്:ഇന്ത്യൻ പ്രീമിയർ ലീഗിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഡൽഹി ക്യാപ്പിറ്റൽസിന് 7 റൺസിൻ്റെ ജയം. ഡൽഹിയുടെ 145 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സണ്‍റൈസേഴ്‌സിന് നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 137 റൺസേ നേടാനായുള്ളു. 49 റൺസ് നേടിയ മായങ്ക് അഗർവാളിനും 31 റൺസ് നേടിയ ഹെൻറിച്ച് ക്ലാസനും മാത്രമേ സൺറൈസേഴ്സ് നിരയിൽ പിടിച്ച് നിൽക്കാനായുള്ളു.
താരതമ്യേന കുറഞ്ഞ ലക്ഷ്യത്തിലേക്ക് ഏറെ ശ്രദ്ധയോടെയാണ് ഹൈദരാബാദ് ഓപ്പണര്‍മാരായ ഹാരി ബ്രൂക്കും മായങ്ക് അഗര്‍വാളും ബാറ്റ് വീശിയത്. എന്നാല്‍ പവര്‍പ്ലേയിലെ അവസാന ഓവറിന്‍റെ ആദ്യ പന്തില്‍ ബ്രൂക്കിനെ (14 പന്തില്‍ 7) ബൗള്‍ഡാക്കി ആൻറിച്ച് നോർട്ട്ജെ ഡല്‍ഹിക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കി.
തുടര്‍ന്നെത്തിയ രാഹുല്‍ ത്രിപാഠിയെ കൂട്ടുപിടിച്ച് ഇന്നിങ്‌സ് മുന്നോട്ട് നയിക്കുന്നതിനിടെ 12-ാം ഓവറിന്‍റെ മൂന്നാം പന്തില്‍ മായങ്ക് അഗര്‍വാളും വീണു. 39 പന്തില്‍ 49 റണ്‍സെടുത്ത താരത്തെ അക്‌സര്‍ പട്ടേല്‍ അമൻ ഹക്കിം ഖാന്‍റെ കയ്യില്‍ എത്തിക്കുകയായിരുന്നു. ഈ സമയം 69 റണ്‍സായിരുന്നു ഹൈദരാബാദിന്‍റെ അക്കൗണ്ടിലുണ്ടായിരുന്നത്.
തൊട്ടടുത്ത ഓവറില്‍ രാഹുല്‍ ത്രിപാഠിയും (21 പന്തില്‍ 15) പിന്നാലെ അഭിഷേക് ശര്‍മയും (5 പന്തില്‍ 5) മടങ്ങിയതോടെ ഹൈദരാബാദ് 13.3 ഓവറില്‍ നാലിന് 79 റണ്‍സ് എന്ന നിലയിലേക്ക് വീണു. ത്രിപാഠിയെ ഇഷാന്ത് ശര്‍മ ഫിലിപ് സാള്‍ട്ടിന്‍റെ കയ്യില്‍ എത്തിച്ചപ്പോള്‍ അഭിഷേകിനെ കുല്‍ദീപ് സ്വന്തം പന്തില്‍ പിടികൂടുകയായിരുന്നു.
അഞ്ചാം നമ്പറിലെത്തിയ ക്യാപ്റ്റന്‍ എയ്‌ഡന്‍ മാര്‍ക്രത്തിനും (5 പന്തില്‍ 3) പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല. അക്‌സറിന്‍റെ പന്തില്‍ ബൗള്‍ഡായാണ് താരം മടങ്ങിയത്. തുടർന്ന് ക്രീസിലെത്തിയ ഹെൻറിച്ച് ക്ലാസനും വാഷിങ്ടൺ സുന്ദറും ചേർന്ന് ഹൈദരാബാദിന് വിജയ പ്രതീക്ഷ നൽകി തകർത്തടിച്ചു. എന്നാൽ 18-ാം ഓവറിൻ്റെ മൂന്നാം പന്തിൽ ക്ലാസനെ മടക്കി ആൻറിച്ച് നോർട്ട്ജെ ഡൽഹിയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരുകയായിരുന്നു.
അവസാന ഓവറിൽ 12 റൺസായിരുന്നു സണ്‍റൈസേഴ്‌സിന് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ മുകേഷ് കുമാർ എറിഞ്ഞ അവസാന ഓവറിൽ സണ്‍റൈസേഴ്‌സിന് 5 റൺസ് മാത്രമേ നേടാനായുള്ളു. വാഷിങ്ടൺ സുന്ദർ 15 പന്തിൽ 24 റൺസുമായും മാർക്കോ ജാൻസൻ രണ്ട് റൺസുമായും പുറത്താകാതെ നിന്നു. ഡൽഹിക്കായി ആൻറിച്ച് നോർട്ട്ജെ, അക്സർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഇഷാന്ത് ശർമ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് നേടി.
ഡല്‍ഹിയെ എറിഞ്ഞ് പിടിച്ച് ബോളര്‍മാര്‍:നേരത്തെ ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിനെ സണ്‍റൈസേഴ്‌സ് ബോളര്‍മാര്‍ നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 144 റണ്‍സ് എന്ന നിലയില്‍ പിടിച്ച് കെട്ടുകയായിരുന്നു. മുന്‍നിര പൊളിഞ്ഞ് വമ്പന്‍ തകര്‍ച്ച നേരിട്ട ഡല്‍ഹിയെ മനീഷ് പാണ്ഡെയും അക്‌സര്‍ പട്ടേലും ചേര്‍ന്നാണ് മാന്യമായ നിലയില്‍ എത്തിച്ചത്.
ഭുവനേശ്വര്‍ കുമാര്‍ ആദ്യ ഓവറിന്‍റെ മൂന്നാം പന്തില്‍ തന്നെ ഡല്‍ഹി ക്യാപിറ്റല്‍സിന് ഫിലിപ് സാള്‍ട്ടിനെ (1 പന്തില്‍ 0) നഷ്‌ടമായി. വിക്കറ്റ് കീപ്പര്‍ ഹെൻറിച്ച് ക്ലാസന്‍ പിടികൂടിയായിരുന്നു താരത്തിന്‍റെ മടക്കം. ഒന്നാം ഓവറില്‍ രണ്ട് റണ്‍സ് മാത്രമാണ് ഭുവി വഴങ്ങിയത്. മൂന്നാം നമ്പറിലെത്തിയ മിച്ചല്‍ മാര്‍ഷ് മാർക്കോ ജാൻസെൻ എറിഞ്ഞ രണ്ടാം ഓവറില്‍ തുടര്‍ച്ചയായ നാല് ബൗണ്ടറികളടക്കം 19 റണ്‍സ് അടിച്ച് കൂട്ടി.
പങ്കാളിയായ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ താളം കണ്ടെത്താന്‍ പ്രയാസപ്പെട്ടതോടെ ഭുവി എറിഞ്ഞ മൂന്നാം ഓവറില്‍ ഒരു റണ്‍സ് മാത്രമാണ് ടീമിന് നേടാന്‍ കഴിഞ്ഞത്. എന്നാല്‍ നാലാം ഓവറില്‍ വാഷിങ്‌ടണ്‍ സുന്ദറിനെതിരെ ഒരു ഫോറും ഒരു സിക്‌സും നേടിയ വാര്‍ണര്‍ പതിയ ഗിയര്‍ മാറ്റി.
ഐപിഎല്ലിന്‍റെ 16-ാം സീസണില്‍ വാര്‍ണറുടെ ആദ്യ സിക്‌സാണിത്. പക്ഷെ തൊട്ടടുത്ത ഓവറില്‍ മാര്‍ഷിനെ (15 പന്തില്‍ 25) വിക്കറ്റിന് മുന്നില്‍ കുരുക്കിയ ടി നടരാജന്‍ ഹൈദരാബാദിന് ബ്രേക്ക് ത്രൂ നല്‍കി. പവര്‍പ്ലേ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 49 റണ്‍സാണ് ഹൈദാരാബാദിന് നേടാന്‍ കഴിഞ്ഞത്.
രണ്ട് ഓവറുകള്‍ക്കപ്പുറം ഡേവിഡ് വാര്‍ണര്‍ (20 പന്തില്‍ 20), സര്‍ഫറാസ് ഖാന്‍ (9 പന്തില്‍ 10), അമൻ ഹക്കിം ഖാൻ (2 പന്തില്‍ 4) എന്നിവരെ തിരിച്ച് കയറ്റിയ വാഷിങ്‌ടണ്‍ സുന്ദര്‍ സംഘത്തിന് കനത്ത പ്രഹരം നല്‍കി. ഇതോടെ എട്ട് ഓവറില്‍ അഞ്ചിന് 62 റണ്‍സ് എന്ന നിലയിലേക്ക് ഡല്‍ഹി തകര്‍ന്നു.
അക്‌സര്‍-മനീഷ് രക്ഷാപ്രവര്‍ത്തനം: തുടര്‍ന്ന് ക്രീസിലൊന്നിച്ച മനീഷ് പാണ്ഡെയും അക്‌സര്‍ പട്ടേലും ചേര്‍ന്നാണ് ഡല്‍ഹിയെ കൂട്ടത്തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. ഏറെ ശ്രദ്ധയോടെ കളിച്ച ഇരുവരും ചേര്‍ന്ന് ഡല്‍ഹിയെ 15-ാം ഓവറില്‍ നൂറ് നടത്തി. ഇരുവരും ഉറച്ച് കളിച്ചതോടെ ഡല്‍ഹി വലിയ സ്‌കോര്‍ പ്രതീക്ഷിച്ചെങ്കിലും 18-ാം ഓവറിന്‍റെ അഞ്ചാം പന്തില്‍ അക്‌സറിനെ ബൗള്‍ഡാക്കിയ ഭുവനേശ്വര്‍ കുമാര്‍ ഹൈദരാബാദിന് ബ്രേക്ക് ത്രൂ നല്‍കി.
34 പന്തില്‍ 34 റണ്‍സായിരുന്നു അക്‌സര്‍ നേടിയത്. 69 റണ്‍സാണ് ആറാം വിക്കറ്റില്‍ അക്‌സര്‍-മനീഷ് സഖ്യം ചേര്‍ത്തത്. മൂന്ന് പന്തുകള്‍ക്കപ്പുറം മനീഷും മടങ്ങി. 27 പന്തില്‍ 34 റണ്‍സെടുത്ത താരത്തെ വാഷിങ്‌ടണ്‍ സുന്ദര്‍ റണ്ണൗട്ടാക്കുകയായിരുന്നു. തുടര്‍ന്ന് അവസാന ഓവറില്‍ റിപാൽ പട്ടേൽ (6 പന്തില്‍ 5), ആൻറിച്ച് നോർട്ട്ജെ (2 പന്തില്‍ 2) എന്നിവരും റണ്ണൗട്ടായി മടങ്ങിയപ്പോള്‍ കുല്‍ദീപ് യാദവ് (3 പന്തില്‍ 4), ഇഷാന്ത് ശര്‍മ (1 പന്തില്‍ 1) എന്നിവര്‍ പുറത്താവാതെ നിന്നു.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി വാഷിങ്‌ടണ്‍ സുന്ദര്‍ നാല് ഓവറില്‍ 28 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. നാല് ഓവറില്‍ 11 റണ്‍സ് മാത്രം വിട്ടുകൊടുത്ത ഭുവനേശ്വര്‍ കുമാറിന് രണ്ട് വിക്കറ്റുണ്ട്. നടരാജന്‍ ഒരു വിക്കറ്റും നേടി.
ALSO READ:'കളിച്ചിട്ടുള്ളതിൽ ഏറ്റവും മികച്ച ബാറ്റര്‍; ഏതു തന്ത്രത്തിനും മറു തന്ത്രം കണ്ടെത്തുന്നയാള്‍'; സച്ചിനെക്കുറിച്ച് റിക്കി പോണ്ടിങ്