മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റിന്‍റെ 16-ാം സീസണില്‍ കാര്യമായ പ്രകടനം നടത്താന്‍ മുംബൈ ഇന്ത്യന്‍സിനും ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കും കഴിഞ്ഞിട്ടില്ല. കളിച്ച ഏഴ് മത്സരങ്ങളില്‍ നാല് തോല്‍വി വഴങ്ങിയ മുംബൈ നിലവിലെ പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. അവസാനം കളിച്ച മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് 55 റണ്‍സിന്‍റെ കൂറ്റന്‍ തോല്‍വിയാണ് അഞ്ച് തവണ ചാമ്പ്യന്മരായ മുംബൈ വഴങ്ങിയത്.
രോഹിത്തിനെ സംബന്ധിച്ച് ഏഴ് മത്സരങ്ങളില്‍ നിന്നും 25.86 ശരാശരിയില്‍ 181 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. 65 റണ്‍സാണ് ഇതേവരെയുള്ള ഉയര്‍ന്ന സ്‌കോര്‍. ഗുജറാത്തിനെതിരെയാവട്ടെ എട്ട് പന്തുകളില്‍ നിന്നും രണ്ട് റണ്‍സ് മാത്രമായിരുന്നു താരത്തിന്‍റെ സമ്പാദ്യം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പടിവാതില്‍ക്കലെത്തി നില്‍ക്കെ 36കാരന്‍റെ ഫോമില്‍ ആശങ്ക ഉയര്‍ത്തുന്നതാണിത്.
ഇപ്പോഴിതാ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഐപിഎല്ലില്‍ നിന്നും അല്‍പം വിശ്രമം എടുത്ത് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് പുത്തന്‍ ഊര്‍ജത്തോടെ തിരിച്ചെത്തണമെന്ന നിര്‍ദേശം മുന്നോട്ട് വച്ചിരിക്കുകയാണ് ഇന്ത്യയുടെ ഇതിഹാസ താരം സുനിൽ ഗവാസ്‌കർ.
"രോഹിത് ശർമ ഒരു ഇടവേള എടുത്ത് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനായി പുതിയ ഊര്‍ജത്തോടെ തിരികെ എത്തണം. കുറച്ച് മത്സരങ്ങള്‍ക്ക് ശേഷം നിങ്ങള്‍ക്ക് വീണ്ടും കളിക്കളത്തിലേക്ക് മടങ്ങിയെത്താം. ഇപ്പോൾ കുറച്ച് വിശ്രമിക്കുകയും ഒന്ന് ശ്വാസം എടുക്കുകയും ചെയ്യൂ.
രോഹിത് അൽപ്പം അസ്വസ്ഥനാണെന്ന് തോന്നുന്നു. ഒരുപക്ഷേ അവൻ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടാവാം. അവന് അൽപ്പം വിശ്രമം ആവശ്യമാണെന്ന് എനിക്ക് തോന്നുന്നു", ഗവാസ്‌കര്‍ പറഞ്ഞു.